ഓണാവധി കഴിഞ്ഞെത്തിയ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ട്രെയിനുകളിൽ ദുരിതയാത്ര. കാലുകുത്താൻ ഇടമില്ലാതിരുന്ന തിരുവനന്തപുരം–ഷൊർണൂർ വേണാട് എക്സ്പ്രസ് വിവിധയിടങ്ങളിൽ കൂടുതൽ സമയം പിടിച്ചിട്ടതോടെ ദേഹാസ്വാസ്ഥ്യം മൂലം രണ്ട് വനിതാ യാത്രക്കാർ കുഴഞ്ഞുവീണു. തിരുവനന്തപുരം സെൻട്രലിൽ നിന്നും ഇന്നലെ പുലർച്ചെ 5.28-ഓടെ പുറപ്പെട്ട ട്രെയിൻ രാവിലെ പിറവത്ത് എത്തിയപ്പോഴായിരുന്നു സംഭവം. ഇവിടെ അരമണിക്കൂറിലേറെ നിർത്തിയിട്ട ശേഷമാണ് ട്രെയിന്‍ യാത്ര തുടർന്നതെന്നും ഇതിനിടെയാണ് സ്ത്രീകൾക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്നും സഹയാത്രികർ പറഞ്ഞു. പുറപ്പെട്ടതുമുതൽ വിവിധ സ്റ്റേഷനുകളിൽ 20–30 മിനിറ്റ് വൈകിയാണ് ട്രെയിൻ എത്തിയത്. ഇതും യാത്രാക്കാരുടെ ദുരിതം ഇരട്ടിയാക്കി.
രാവിലെ 7.56ന് തിരുവല്ലയില്‍ എത്തേണ്ടിയിരുന്ന ട്രെയിൻ 25 മിനിറ്റ് വൈകി 8.22ഓടെയാണ് എത്തിയത്. കോട്ടയത്ത് 28 മിനിറ്റ് വൈകി രാവിലെ 8.58നും ഏറ്റുമാനൂർ, പിറവം റോഡ്, തൃപ്പൂണിത്തുറ സ്റ്റേഷനുകളിൽ 30–32 മിനിറ്റിലേറെയും വൈകിയാണെത്തിയത്. പതിവായി യാത്രക്കാരുമായി തിങ്ങിനിറഞ്ഞാണ് ട്രെയിന്‍ സർവീസ് നടത്തുന്നത്. ഈ സമയത്ത് മറ്റ് മെമു സർവീസുകളില്ലാത്തതിനാൽ ദൂരയാത്രക്കാരുൾപ്പെടെ വേണാട് എക്സ്പ്രസിനെയാണ് ആശ്രയിക്കുന്നത്. നിൽക്കാൻ പോലും സ്ഥലമില്ലാതെ ജനറല്‍ കോച്ചുകളിലെ ഞെങ്ങിഞെരിഞ്ഞുള്ള ദുരിതയാത്രയുടെ വീഡിയോ ദൃശ്യങ്ങൾ യാത്രക്കാർ തന്നെ മുമ്പ് പുറത്തുവിട്ടിരുന്നു.
വന്ദേഭാരത് ട്രെയിന് കടന്നുപോകാനായി വിവിധ സ്റ്റേഷനുകളിൽ വേണാട് ഉൾപ്പെടെയുള്ള ട്രെയിനുകൾ പിടിച്ചിടുന്നതും നിത്യസംഭവമാണ്. എന്നാൽ ഇന്നലെ വന്ദേഭാരതിനായി ട്രെയിൻ പിടിച്ചിട്ടിട്ടില്ലെന്ന വാദമാണ് റെയിൽവേ അധികൃതർ ഉന്നയിക്കുന്നത്. പരാതി പരിശോധിക്കുമെന്നും റെയിൽവേ അധികൃതർ വ്യക്തമാക്കി. രാവിലെ ഓഫിസിൽ പോകേണ്ടവരും വിദ്യാർത്ഥികളും ഉൾപ്പെടെ ആശ്രയിക്കുന്ന ട്രെയിനാണിത്. പുലർച്ചെ തിരുവനന്തപുരത്ത് നിന്ന് അഞ്ച് മണിക്ക് പുറപ്പെട്ടിരുന്ന ട്രെയിൻ സമയം മാറ്റി 5.25നാണ് ഇപ്പോൾ പുറപ്പെടുന്നത്. ഏറെ വൈകിയാണ് ട്രെയിൻ ഷൊർണൂരിൽ എത്തുന്നതെന്നും യാത്രക്കാർക്ക് പരാതിയുണ്ട്. പിറവം, ഏറ്റുമാനൂർ സ്റ്റേഷനുകളിൽ നിന്നാണ് നേരത്തെ തിരക്ക് അനുഭവപ്പെടാറുള്ളതെങ്കിലും ഇപ്പോൾ ചെങ്ങന്നൂർ, തിരുവല്ല മുതൽ യാത്രക്കാരുടെ തിരക്ക് പതിവാണ്. ഇന്നലെ സ്കൂളുകളും, ഓഫിസുകളും തുറന്ന ദിവസം ആയതിനാൽ വേണാട് എക്സ്പ്രസിൽ അവസാന ആറ് കമ്പാർട്ടുമെന്റുകളിലും ആളുകൾ തൂങ്ങിനിൽക്കുന്ന സ്ഥിതിയിലായിരുന്നു. വലിയ തിരക്കിനിടയിൽ പലർക്കും തട്ടിയും മുട്ടിയും പരിക്കേറ്റു. തിരക്ക് മൂലം ട്രെയിനിൽ കയറാൻ ആളുകൾ ബുദ്ധിമുട്ടുന്നതിനാൽ സിഗ്നൽ ലഭിച്ചാലും ക്ലിയറൻസ് നൽകാൻ ഗാർഡിന് കഴിയാറില്ല. ഇതും ട്രെയിൻ വൈകുവാൻ കാരണമാണ്. യാത്രാദുരിതം മാറാൻ കൂടുതൽ ട്രെയിനുകൾ വേണമെന്നാണ് യാത്രക്കാരുടെ ആവശ്യം. കായംകുളത്ത് നിന്ന് വന്ദേഭാരത് കടന്ന് പോയ ശേഷം ഒരു മെമു സർവ്വീസ് ആരംഭിക്കണമെന്നും യാത്രക്കാർ ആവശ്യപ്പെടുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.