അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായിടിഞ്ഞിട്ടും ഗുണം ലഭിക്കാതെ രാജ്യത്തെ ജനങ്ങള്‍. അന്താരാഷ്ട്രക്രൂഡോയില്‍ വില 42 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് വ്യാപാരം നടക്കുന്നത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരും എണ്ണക്കമ്പനികളും ജനങ്ങള്‍ക്ക് ലഭിക്കേണ്ട ആശ്വാസം കൊള്ളയടിക്കുന്നു.
ചൈനയിലെ സാമ്പത്തിക മാന്ദ്യം, യുഎസിന്റെ ഇസ്രയേല്‍— പലസ്തീന്‍ വെടിനിര്‍ത്തല്‍ ശ്രമം, അമേരിക്കന്‍ എണ്ണയ്ക്ക് വേണ്ടിയുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഊര്‍ജിത ശ്രമം എന്നിവയാണ് ക്രൂഡോയില്‍ വില ഇടിയാന്‍ ഇടവരുത്തിയത്. 2021 ഓഗസ്റ്റില്‍ ക്രൂഡോയില്‍ വില ബാരലിന് 70 ഡോളറായി ഇടിഞ്ഞിരുന്നു. പിന്നീട് വില ഉയര്‍ന്നെങ്കിലും വീണ്ടും പടിപടിയായി കുറഞ്ഞു. ബാരലിന് 71.20 ഡോളറായി കുറഞ്ഞത് അടുത്തിടെയായിരുന്നു. എന്നാല്‍ വിലക്കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ കൂടിയവിലയ്ക്ക് തന്നെയാണ് എണ്ണക്കമ്പനികള്‍ വില്പന നടത്തുന്നത്.
2019–20 മുതല്‍ ക്രൂഡോയില്‍ വില ഗണ്യമായി ഇടിഞ്ഞിട്ടും അതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നിഷേധിച്ചതായി സിപിഐ നേതാവ് പി സന്തോഷ് കുമാര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയ രേഖകള്‍ വ്യക്തമാക്കുന്നു. 2021 നവംബറിലും , 2022 മേയിലും പെട്രോളിനും ഡീസലിനും യഥാക്രമം 13 രൂപയും 16 രൂപയും എക്സൈസ് തീരുവ കുറച്ചുവെന്നും കേന്ദ്ര സര്‍ക്കാര്‍ അവകാശപ്പെട്ടു.
2019–20ല്‍ ബാരലിന് 60.47 ഡോളറായിരുന്നപ്പോള്‍ പെട്രോള്‍ ലിറ്ററിന് 72.69 രൂപയും ഡീസലിന് 65.78 രൂപയും ഈടാക്കി. 2020–21ല്‍ 44.82 ഡോളറായി ക്രൂഡോയില്‍ വില താണിട്ടും പൊതുമേഖലാ എണ്ണക്കമ്പനികള്‍ യഥാക്രമം 80.84 രൂപയും 73.58 രൂപയും ഈടാക്കി ജനങ്ങളെ കൊള്ളയടിച്ചു.
ഇന്ധന നികുതിയും സെസും പ്രധാന വരുമാന സ്രോതസായി നിലനില്‍ക്കുന്നത് കാരണമാണ് കേന്ദ്ര സര്‍ക്കാര്‍ എണ്ണ വില കുറയ്ക്കുന്നതില്‍ വിമുഖത കാട്ടുന്നത്. ഇന്ധനവില കുറയ്ക്കാന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് പാചക വാതക സിലിണ്ടറുകളുമായും കാളവണ്ടി യാത്രയും നടത്തി പ്രതിഷേധം ഉയര്‍ത്തിയ മോഡിയും കൂട്ടരുമാണ് അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില ഗണ്യമായി ഇടിഞ്ഞിട്ടും സൗജന്യം അനുവദിക്കാതെ ജനങ്ങളെ കൊള്ളയടിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.