3 January 2026, Saturday

നട്ടുവളർത്തിയ കമ്മ്യൂണിസ്റ്റ് പാർട്ടിയും അന്യന്റെ വിളവ് കൊയ്യുന്ന ആർഎസ്എസും

വി കെ സുരേഷ്ബാബു
December 30, 2025 4:15 am

ബ്രിട്ടീഷ് ഇന്ത്യയിൽ 1925ൽ രൂപീകരിക്കപ്പെട്ട രണ്ട് പ്രസ്ഥാനങ്ങളാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയും രാഷ്ട്രീയ സ്വയം സേവക് സംഘവും. സിപിഐ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയത്തിൽ പാർലമെന്ററി പ്രാതിനിധ്യം കൊണ്ട് അളന്നാൽ ചെറിയ പ്രസ്ഥാനമാണ്. എന്നാൽ ആർഎസ് എസ് ആകട്ടേ അതിന്റെ പരിവാരത്തിൽപ്പെട്ട ഭാരതീയ ജനതാ പാർട്ടി രാജ്യം ഭരിക്കുകയും ഒട്ടേറെ സംസ്ഥാനങ്ങൾ ഭരിക്കുകയും ചെയ്യുന്ന ഉയർച്ചയിലെത്തിയിരിക്കുന്നു. ഇങ്ങനെ താരതമ്യം ചെയ്യുമ്പോൾ ആർഎസ്എസുകാർ അഭിമാനിക്കുന്നതും കമ്മ്യൂണിസ്റ്റുകാർ അപകർഷതയാൽ തലകുനിക്കുമെന്നും സ്വാഭാവികമായി തോന്നാം. പക്ഷേ ഈ താരതമ്യം യുക്തിക്കും ചരിത്രബോധത്തിനും നിരക്കുന്നതല്ല. ഒരു രാഷ്ട്രീയ പ്രസ്ഥാനത്തെ സംബന്ധിച്ച് നൂറ് വർഷം അത്ര വലിയ കാലമൊന്നുമല്ല. 17-ാം നൂറ്റാണ്ടിൽ യൂറോപ്പിലുണ്ടായ നവോത്ഥാന പ്രസ്ഥാനവും ജനാധിപത്യ ബോധവും രണ്ട് നൂറ്റാണ്ടുകൾക്കുശേഷം മാത്രമാണ് ലോകത്തെ പല രാജ്യങ്ങളിലും പടർന്നത്. അതിനെക്കാൾ വേഗതയിലാണ് ലോകത്ത് കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പടർന്നതും വളർന്നതും. 1848ലാണ് മാർക്സ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിക്കുന്നത്. 69 വർഷം കൊണ്ട് ഒരു രാജ്യം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണത്തിൽ കീഴിൽ വന്നു — സോവിയറ്റ് യൂണിയന്‍. പിന്നീട് 32 വർഷം കൊണ്ട് ലോകത്തിലെ ഏറ്റവും കൂടുതൽ ആളുകൾ ജീവിക്കുന്ന ചൈനയിൽ കമ്മ്യൂണിസ്റ്റ് ഭരണം അധികാരത്തിൽ വന്നു. ഈ രണ്ട് രാജ്യങ്ങൾ ലോകത്തിലെ 300 വർഷത്തെ മുതലാളിത്ത വളർച്ചയുള്ള രാജ്യങ്ങളെ വെല്ലുവിളിക്കും മട്ടിൽ സാമ്പത്തിക — സൈനിക ശക്തിയായി വളർന്നു. എല്ലാ വൻകരകളിലും കമ്മ്യൂണിസ്റ്റ് രാജ്യങ്ങളുണ്ടായി. എല്ലാ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് പാർട്ടികളുണ്ടായി. ആയിരക്കണക്കിന് വർഷത്തെ ഫ്യൂഡലിസ്റ്റ് സാമൂഹ്യ വ്യവസ്ഥ നിലനിന്നിരുന്ന രാജ്യമാണ് ഇന്ത്യ. ഇപ്പോഴും അടിമത്തത്തെ വിധിയായി കരുതുന്ന അന്ധവിശ്വാസികളാണ് ഭൂരിപക്ഷവും. ജാതിയും മതവും ചാതുർവർണ്യവും ദൈവ സൃഷ്ടിയാണെന്ന് വിശ്വസിച്ച് നടക്കുന്ന ഒരു ജനതയെ, ഇഹലോകത്ത് സ്വർഗം കിട്ടാനല്ല, മറിച്ച് പരലോകത്ത് സ്വർഗം കിട്ടുമെന്ന് വ്യാമോഹിപ്പിച്ച് കൊണ്ടുനടത്തുന്ന ആട്ടിടയന്മാരുടെ കുഞ്ഞാടുകളാണ് വിശ്വാസികൾ. അവർക്ക് സ്വാതന്ത്ര്യം വേണമെന്ന ചിന്ത പോലും ഉണ്ടായിരുന്നില്ല. അവിടെ സ്വാതന്ത്ര്യ സമര പ്രസ്ഥാനവും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഉണ്ടായത് ബ്രിട്ടീഷുകാരും പോർട്ടുഗീസുകാരും ഫ്രഞ്ചുകാരും ഇന്ത്യ വിട്ടു പോകണമെന്ന ഒറ്റ ഉദ്ദേശത്തിലാണ്. 

അല്ലാതെ ഇവിടുത്തെ പൗരോഹിത്യ നിയന്ത്രണത്തിലുള്ള നാടുവാഴിത്തം ഇല്ലാതാക്കണമെന്നോ അയിത്തവും അന്ധവിശ്വാസങ്ങളും ജാതിബോധവും ഉച്ചാടനം ചെയ്യണമെന്നോ ഒന്നും ഉദ്ദേശമുണ്ടായിരുന്നില്ല. തങ്ങൾ കയ്യാളിയിരുന്ന സുഖസൗകര്യങ്ങളും അധികാരങ്ങളും മറ്റൊരു മതത്തിൽ പെട്ട വിദേശികൾ കയ്യാളുന്നതിലുള്ള അസഹിഷ്ണുതയായിരുന്നു കോൺഗ്രസിലെ പല നേതാക്കളെയും സ്വാതന്ത്ര്യ സമരത്തിൽ ഇറങ്ങാൻ പ്രേരിപ്പിച്ചത്. അവർക്ക് വിദേശികൾ ഇന്ത്യ വിട്ടുപോയാൽ മതി. അതിന് ശേഷമുള്ള ഇന്ത്യയുടെ ഭരണം പഴയ നാടുവാഴിത്ത വ്യവസ്ഥിതിയായി തുടരുക തന്നെ ചെയ്യണം. അവിടെയാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഉയർത്തിയ മുദ്രാവാകുത്തിന്റെ പ്രസക്തി. ‘സാമാജ്യത്വം തുലയട്ടേ, ജന്മിത്തം നശിക്കട്ടേ’ എന്നായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സ്വാതന്ത്ര്യ സമര മുദ്രാവാക്യം. മേൽക്കൂര മാത്രം മാറ്റിയിട്ട് കാര്യമില്ല; അടിത്തറ തന്നെ മാറ്റണം എന്നാണവർ ശക്തമായി അവതരിപ്പിച്ചത്. സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പും സ്വതന്ത്ര ഭാരതത്തിലും കോൺഗ്രസുകാർ കമ്മ്യൂണിസ്റ്റ് പാർട്ടിക്കെതിരായി പ്രവർത്തിക്കുകയും അവരെ ജന്മിമാരുടെ കൂടെ ചേർന്ന് മർദിക്കുകയും ചെയ്തതിന്റെ കാരണം ഇതായിരുന്നു. കോൺഗ്രസിനകത്തും “ഹിന്ദു മഹാസഭ” മനസുള്ളവർ ധാരാളമുണ്ടായിരുന്നു എന്നർത്ഥം. ഇന്ത്യാവിഭജനത്തെ തുടർന്നുള്ള വർഗീയ കലാപങ്ങളുടെ ഭാഗമായുണ്ടായ മതധ്രുവീകരണം വെടിമരുന്നായി ഉപയോഗിച്ച് ദേശീയരാഷ്ട്രീയത്തിൽ ഒരു ബോംബായി പൊട്ടിത്തെറിക്കാൻ ആർഎസ്എസിന് അന്ന് കഴിയുമായിരുന്നു. പക്ഷേ, ഹിന്ദുത്വ പക്ഷപാതികളായ കോൺഗ്രസുകാരെ ചേർത്ത് ഒരു ശക്തിയായി ഉയരാതിരിക്കാനുള്ള പ്രധാന കാരണം ഗാന്ധിവധമാണ്. സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ കോൺഗ്രസിനകത്ത് മുന്നോട്ടും പിന്നോട്ടും രണ്ട് ഉൾപ്പിരിവുകളുണ്ടായി. മുന്നോട്ടുണ്ടായ വ്യതിയാനമാണ് കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടിയും തദ്വാരാ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി വളർന്നത്. കോൺഗ്രസിന്റെ മതനിരപേക്ഷ നിലപാടിനോടും ഗാന്ധിയുടെ അയിത്തോച്ചാടന — ഹരിജനോദ്ധാരണ നിലപാടിനോടും യോജിക്കാത്ത യാഥാസ്ഥിതികരാണ് ആർഎസ്എസ് രൂപീകരിച്ചത്. കോൺഗ്രസിനകത്ത് ഗാന്ധിയുടെയും നെഹ്രുവിന്റെയും നിഷ്ണാതമായ നേതൃത്വം കാരണം ആർഎസ്എസിന് ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ സ്വാധിനം ഉണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. സ്വതന്ത്ര ഭാരതത്തിൽ ഗാന്ധിക്കും നെഹ്രുവിനും ശേഷം ഈ പാരമ്പര്യ യാഥാസ്ഥിതിക നാടുവാഴിത്ത പൗരോഹിത്യ കൂട്ടുകെട്ട് വീണ്ടും ധ്രുവീകരണം നടത്താൻ കഴിയാത്തവണ്ണം തകർന്നുപോയത് ഗാന്ധിവധവും അതിന് ശേഷം ആർഎസ്എസിനെ നിരോധിച്ചതും കൊണ്ടാണ്. 

സ്വതന്ത്ര്യ സമരത്തിന്റെ മൂല്യങ്ങളും ഗാന്ധിയൻ ആദർശങ്ങളും കോൺഗ്രസിൽ തന്നെ ദുർബലമാകാൻ തുടങ്ങിയപ്പോൾ പഴയ ഫ്യൂഡലിസ്റ്റ് മനോഭാവം തല പൊക്കാൻ തുടങ്ങി. അവർക്ക് ഇന്ത്യൻ രാഷ്ട്രീയത്തിൽ പരസ്യമായ ഓപ്പണിങ്ങിന് അടിയന്തിരാവസ്ഥാ പ്രഖ്യാപനവും ഒരു നിമിത്തമായി. ജയപ്രകാശ് നാരായണന്റെ സമ്പൂർണ വിപ്ലവ പ്രഖ്യാപനത്തിന്റെ ഒഴുക്കില്‍, ജനതാ പാർട്ടിയുടെ നനവിൽ ആർഎസ്എസ് ബാക്ടീരിയകൾ തഴച്ചുവളർന്നു.
1925 മുതലുള്ള ചരിത്രത്തിന്റെ പിൻബലം മാത്രമായിരുന്നില്ല, രണ്ട് സഹസ്രാബ്ദമായി ഭാരത ജനതയുടെ മനസിനെ അടക്കിഭരിച്ചുകൊണ്ടിരുന്ന സനാതന ധർമ്മവും, ചാതുർവർണ്യവും, മനുസ്മൃതിയും, വിധിവിശ്വാസവും, മോക്ഷ സങ്കല്പവും ഉള്ളടങ്ങിയ ഹൈന്ദവ ആസ്തികത അവർക്ക് ആന്തരിക കരുത്തായി കൂടെയുണ്ടായിരുന്നു. ഈ പഴുപ്പ് മുഴുവൻ പലയിടത്തും ക്ഷേത്ര — പള്ളിത്തർക്കങ്ങളായി കുരുവായി പൊന്തിക്കിടക്കുന്നുണ്ടായിരുന്നു. അതിലൊരു പ്രധാനപ്പെട്ട കുരുവായിരുന്നു അയോധ്യയിലെ ബാബറി മസ്ജിദ് തർക്കം. അവിടമാണ് രാജീവ് ഗാന്ധി ഹിന്ദുക്കൾക്ക് ആരാധനയ്ക്കായി തുറന്നു കൊടുത്തത്. സൂചികൊണ്ട് കുത്തിപ്പൊട്ടിച്ച ഒരു കുരുവിലൂടെ ഉള്ളിൽ വിങ്ങിക്കിടക്കുന്ന പഴുപ്പ് മുഴുവൻ പുറത്തേക്കൊഴുകുന്ന മാതിരിയായിരുന്നു പിന്നീടുള്ള സംഭവവികാസങ്ങൾ.
സ്വാതന്ത്ര്യം കിട്ടിയ ദിനങ്ങളിൽ നടന്ന വർഗീയലഹളകളെ മുതലെടുക്കാൻ കഴിയാതെ പോയ ആർഎസ്എസ് മറ്റൊരു വർഗീയ ധ്രുവീകരണമുണ്ടാക്കാൻ അവസരം പാർത്തിരിക്കുകയായിരുന്നു. അഡ്വാനിയുടെ നേതൃത്വത്തിൽ രഥയാത്ര പുറപ്പെട്ടപ്പോൾ പോയിടങ്ങളിലെല്ലാം വർഗീയ കലാപങ്ങളുണ്ടായി. അതിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ലോക്‌സഭാ അംഗങ്ങളുടെ എണ്ണം കുതിച്ചുയർന്നു. മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് നടപ്പിലാക്കാൻ ഇടതുപക്ഷ പിന്തുണയോടെ വി പി സിങ് സര്‍ക്കാര്‍ ധൈര്യം കാണിച്ചപ്പോൾ രാജ്യത്തെ ദളിത് സമൂഹത്തിന് ഒരു ഉയിർത്തെഴുന്നേല്പുണ്ടായി. ആയിരക്കണക്കിന് വർഷത്തെ ജാതി വിവേചനത്തിന്റെ ഇരകളായ, ഭൂരിപക്ഷം വരുന്ന ഒരു വിഭാഗത്തിന്റെ ഉയിർപ്പായിരുന്നു അത്. ഹിന്ദു സമൂഹത്തിലെ ദളിതർ ദളിത് രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകിപ്പോകുന്നതിന് തടയിടാൻ ആർഎസ്എസ് ഇറക്കിയ ബ്രഹ്മാസ്ത്രമായിരുന്നു അയോധ്യ — രാമജന്മഭൂമി കാമ്പയിൻ. “ഉപ്പോളം വരുമോ ഉപ്പിലിട്ടത് ” എന്ന മട്ടിൽ മതമാണോ ജാതിയാണോ വലുത് എന്ന തെരഞ്ഞെടുപ്പ് ഹിന്ദു ജനവിഭാഗങ്ങളുടെ മുന്നിൽ വച്ചു. ഭൂരിപക്ഷം ജനത ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന രാമമന്ത്രത്തെ തുറുപ്പ് ശീട്ടാക്കി ഇറക്കി ദളിത് രാഷ്ട്രീയത്തിന് തടയിടാന്‍ അവർക്ക് കഴിഞ്ഞു. പക്ഷേ, രാജ്യത്തെ മഹാഭൂരിപക്ഷം ഹിന്ദുക്കളും മതനിരപേക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കൂടെത്തന്നെ അണിനിരന്നു. എന്നിട്ടും 39% വോട്ടും 65% സീറ്റും നേടാൻ നരേന്ദ്ര മോഡിക്ക് കഴിഞ്ഞത് ജനാധിപത്യ തെരഞ്ഞെടുപ്പ് സമ്പ്രദായത്തിന്റെ ദൗർബല്യം കൊണ്ടാണ്. മാത്രമല്ല കോർപറേറ്റ് മൂലധന ശക്തികൾ പൂർണമായി മോഡിയെ പിന്തുണച്ചു. 

പണമുള്ളവർ ജയിച്ചുവരുന്ന ഒരു ജനാധിപത്യ ദൗർബല്യം ലോകത്തെല്ലായിടത്തും പുതിയ പ്രവണതയായി ഉയർന്നു വന്നിരിക്കുകയാണ്. 6,090 കോടി രൂപ ഇലക്ടറല്‍ ബോണ്ട് രേഖാമൂലവും രേഖയില്ലാതെ അതിന്റെ പലമടങ്ങും കുത്തകകളിൽ നിന്ന് കൈപ്പറ്റിയ ബിജെപിയെയും ഒരു രൂപ പോലും ബോണ്ട് വാങ്ങാത്ത കമ്മ്യൂണിസ്റ്റ് പാർട്ടികളെയും ഒരേ ത്രാസിലിട്ട് തൂക്കുന്നത് യുക്തിയല്ല. ദൈവ വിശ്വാസവും കോർപറേറ്റ് ഫണ്ടും കൊണ്ട് വളർത്തിയ ഒരു കൃത്രിമ ഗോപുരവും തൊഴിലാളികളിലുള്ള വിശ്വാസവും ജനങ്ങളിൽ നിന്ന് പിരിച്ചെടുക്കുന്ന നാമമാത്രമായ ഫണ്ടുകളും കൊണ്ട് പ്രവർത്തിക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ താരതമ്യം ചെയ്യുന്നതുതന്നെ അനീതിയാണ്. ആർഎസ്എസും ബിജെപിയും ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്താണ് സംഭാവന ചെയ്തത്! വർഗീയത, കലാപങ്ങൾ, വിദ്വേഷ രാഷ്ട്രീയം, ജനാധിപത്യത്തിന്റെ പണാധിപത്യം, തുടങ്ങി എന്തെല്ലാം ദുരന്തങ്ങൾ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ എന്തെല്ലാം സംഭാവനകൾ ഈ രാജ്യത്തുണ്ടായി. തൊഴിലാളികളുടെ സംഘടിത മുന്നേറ്റം, സ്വാതന്ത്ര്യ സമരത്തിലെ സജീവ പങ്കാളിത്തം, ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ മാറിനിന്ന നാട്ടുരാജ്യങ്ങളെ ചേർക്കാൻ വേണ്ടി നടന്ന രക്തരൂക്ഷിതമായ പോരാട്ടങ്ങൾ, സോഷ്യലിസം എന്ന ആശയം ഇന്ത്യൻ ഭരണ ഘടനയിൽ കൊണ്ടുവന്നത്, രാജ്യത്തെ ആയിരക്കണക്കിന് വർഷമായി തകർത്തുകളഞ്ഞ നാടുവാഴിത്തത്തെ വേരോടെ പിഴുതെറിയാൻ ഒരു സംസ്ഥാനത്തിലെങ്കിലും (കേരളം) കഴിഞ്ഞത് അങ്ങനെ നിരവധി. കലയുടെ ജനകീയവല്‍ക്കരണം, പുരോഗമന സാഹിത്യ പ്രസ്ഥാനം, അറിവിന്റെ വികേന്ദ്രീകരണ പ്രസ്ഥാനം, അധികാര വികേന്ദ്രീകരണ പ്രസ്ഥാനം… ഇങ്ങനെ എത്രയെത്ര സംഭാവനകൾ. അധികാരവും പണവും മാത്രം തൂക്കിയാൽ ആർഎസ്എസിന്റെ തട്ടിനായിരിക്കും കൂടുതൽ തൂക്കം. രാജ്യത്തോടും ജനങ്ങളോടുമുള്ള പ്രതിബദ്ധതയും വ്യക്തമായ രാഷ്ട്രീയ ബോധവും സത്യസന്ധതയും ആദർശവും കൊണ്ടാണ് ഒരു പ്രസ്ഥാനത്തെ അളക്കുന്നതെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കാതങ്ങൾ താഴെയായിരിക്കും ബിജെപിയുടെയും ആർഎസ്എസിന്റെയും സ്ഥാനം. 

Kerala State - Students Savings Scheme

TOP NEWS

January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026
January 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.