
ചരിത്രത്തിലാദ്യമായി കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് പ്രഖ്യാപനം റദ്ദാക്കിയതിന് പിന്നില്‍ മോഡി സര്‍ക്കാരിന്റെ രാഷ്ട്രീയ അജണ്ട. കേന്ദ്ര സാഹിത്യ അക്കാദമി, ലളിതകലാ അക്കാദമി, സംഗീത നാടക അക്കാദമി, ഡല്‍ഹി സ്കൂള്‍ ഓഫ് ഡ്രാമ തുടങ്ങിയ സ്ഥാപനങ്ങളുടെ സ്വയംഭരണ അധികാരം എടുത്തുകളയുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായാണിത്. ഈ സ്ഥാപനങ്ങളെയെല്ലാം കേന്ദ്ര സാസംസ്കാരിക മന്ത്രാലയത്തിന്റെ വരുതിയിലാക്കാനാണ് നീക്കം.
വ്യക്തമായ കാരണം പറയാതെയാണ് കേന്ദ്രസര്‍ക്കാര്‍ അവര്‍ഡ് പ്രഖ്യാപനം റദ്ദാക്കിയതെന്ന് കേന്ദ്ര സാഹിത്യ അക്കാദമി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും എഴുത്തുകാരനുമായ കെ പി രാമനുണ്ണി പ്രതികരിച്ചിരുന്നു. എല്ലാ വര്‍ഷവും രാജ്യത്തെ 24 ഭാഷകളിലേക്കുള്ള അവാര്‍ഡുകളാണ് പ്രഖ്യാപിക്കുക. ഇത്തവണയും അതിന് തയ്യാറെടുക്കുന്നതിനിടെയാണ് മന്ത്രാലയത്തില്‍ നിന്ന് സര്‍ക്കുലര്‍ പുറത്തിറങ്ങിയത്. അവാര്‍ഡുകളുടെ പുനഃസംഘടന മന്ത്രാലയവുമായി കൂടിയാലോചിച്ച് നടത്തണമെന്ന് അതില്‍ വ്യക്തമാക്കുന്നു. അവാര്‍ഡ് സംബന്ധിച്ച് മന്ത്രാലയം അംഗീകാരം നല്‍കുന്നത് വരെ പ്രഖ്യാപനം പാടില്ലെന്നും പറയുന്നു. ഇതോടെ അക്കാദമിയും ജൂറികളും എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
കെ ശ്രീനിവാസ റാവു വിരമിച്ച ശേഷം പല്ലവി പ്രശാന്ത് ഹോള്‍ക്കറെയാണ് അക്കാദമി സെക്രട്ടറിയായി നിയമിച്ചത്. 2011 ബാച്ചിലെ ഇന്ത്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട് സര്‍വീസസ് ഓഫിസറാണ് ഇദ്ദേഹം. സ്ഥാപനത്തിന്മേലുള്ള നിയന്ത്രണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് അക്കാദമി ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. അവാര്‍ഡുകള്‍ പുനഃക്രമീകരിക്കണമെങ്കില്‍ ജൂറികളെ തീരുമാനിക്കുന്നതിന് മുമ്പ് നിര്‍ദേശം നല്‍കണമായിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അവാര്‍ഡ് നിര്‍ണയ പ്രക്രിയ ആരംഭിച്ചു. അതിനാല്‍ അവാര്‍ഡുകള്‍ പുനഃക്രമീകരിക്കാനുള്ള ഒരു നിര്‍ദേശവും പിന്നീട് അംഗീകരിക്കാനാകില്ല. സ്കൂള്‍ ഓഫ് ഡ്രാമ അവാര്‍ഡുകള്‍ നല്‍കാതിരിക്കാനും മന്ത്രാലയം തീരുമാനിച്ചു.
ഏതെങ്കിലും അവാര്‍ഡ് ജേതാവിനെ ഒഴിവാക്കാനല്ല, മറിച്ച് അവാര്‍ഡ് നിര്‍ണയ പ്രക്രിയയും ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനെയും നിയന്ത്രിക്കാനുള്ള നീക്കമാണ് ഇതിന് പിന്നിലെന്ന് അക്കാദമി ഉദ്യോഗസ്ഥര്‍ പറയുന്നു. സ്വയംഭരണാവകാശം കയ്യടക്കാനും നിബന്ധനകള്‍ നിര്‍ദേശിക്കാനും ഏതുഘട്ടത്തിലും നടപടികളെ നിയന്ത്രിക്കാനുമാണ് നീക്കം. മോഡി അധികാരത്തിലെത്തിയ ശേഷം അക്കാദമിയുടെ അന്തസ് വലിയതോതില്‍ നഷ്ടപ്പെട്ടു. പ്രത്യേകിച്ച് 2015ല്‍ അവാര്‍ഡ് തിരികെ നല്‍കുന്ന നിലപാടിന് ശേഷം.
2017ല്‍ സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങള്‍ അവരുടെ മൊത്തം ബജറ്റിന്റെ 25 മുതല്‍ 30% വരെ സ്വന്തമായി വരുമാനം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇതിനെ ഉദ്യോഗസ്ഥര്‍ എതിര്‍ത്തു. മന്ത്രാലയം അവാര്‍ഡുകള്‍ പുനഃക്രമീകരിക്കുന്നരത് അവയുടെ മൂല്യം നഷ്ടപ്പെടുത്തുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു ഭാഷയുടെയും സാഹിത്യത്തിന്റെയും എഴുത്തുകാരുടെയും ഉന്നമനം ലക്ഷ്യമിട്ടാണ് സാഹിത്യ അക്കാദമി സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.