24 January 2026, Saturday

കുതിച്ചുയർന്ന് ജീരകം, റെക്കോഡ് വിലയില്‍

പ്രദീപ് ചന്ദ്രൻ
കൊല്ലം
June 22, 2023 8:20 pm

കേരളീയർക്ക് ഒഴിച്ചുകൂടാനാകാത്ത, സുഗന്ധവ്യഞ്ജനമായ ജീരകത്തിന്റെ വില കുതിച്ചുയരുന്നു. ലോകത്തെ ഏറ്റവും വലിയ ജീരക മൊത്തവ്യാപാര മാർക്കറ്റായ ഗുജറാത്തിലെ ഉൻജ മണ്ഡിയിൽ ചൊവ്വാഴ്ച രേഖപ്പെടുത്തിയ വില ക്വിന്റലിന് 54,125 രൂപയാണ്. കേരളത്തിൽ ചില്ലറ വിൽപ്പന വില 100 ഗ്രാമിന് 60 രൂപയായി. കഴിഞ്ഞ വർഷം നവംബർ മുതലാണ് വിലക്കയറ്റം ദൃശ്യമായി തുടങ്ങിയത്. അന്ന് ക്വിന്റലിന് 20,000 രൂപയായി. അത് പടിപടിയായി ഉയർന്ന് ഈ വർഷം ജൂൺ 19 ന് 50,000 രൂപയിൽ എത്തി. ഉൽപ്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമായി പറയുന്നത്. കൂടാതെ ചൈന വൻതോതിൽ ഇറക്കുമതി ചെയ്തതും വിലക്കയറ്റത്തിന് കാരണമായതായി മൊത്തവ്യാപാരികൾ പറയുന്നു.
ജീരക കൃഷിയുടെ സീസൺ ഫെബ്രുവരി മുതൽ മേയ് വരെയാണ്. ഈ വർഷം ആവശ്യമുള്ളതിന്റെ പകുതി മാത്രമാണ് മാർക്കറ്റിൽ എത്തിയത്. കാലം തെറ്റിയുള്ള മഴയും കാലാവസ്ഥ വ്യതിയാനവുമാണ് കാരണമായി പറയുന്നത്. ഇതോടെ വില കുത്തനെ ഉയർന്നു തുടങ്ങി. 2019–20 കാലയളവിൽ 9.12 ലക്ഷം ടണ്ണായിരുന്നു ഉൽപ്പാദനമെങ്കിൽ കഴിഞ്ഞ വർഷം 7.25 ലക്ഷം ടണ്ണായി കുറഞ്ഞു.
2022 ഫെബ്രുവരിയിൽ 55 കിലോഗ്രാം വീതമുള്ള 35 ലക്ഷം ചാക്ക് ജീരകം ഉൻജ മണ്ഡി കമ്പോളത്തിൽ വിൽപ്പനയ്ക്കായി എത്തിയെങ്കിൽ ഈ വർഷം ഫെബ്രുവരിയിൽ നാല് ലക്ഷം ചാക്ക് ജീരകം മാത്രമാണ് കർഷകർ എത്തിച്ചതെന്ന് വ്യാപാരികൾ പറയുന്നു. മൊത്തം ഉൽപ്പാദനത്തിന്റെ 30 ശതമാനം മാത്രമാണ് കയറ്റുമതി. 2022–23 കാലയളവിൽ 4193 കോടി രൂപയുടെ ജീരകം കയറ്റുമതി ചെയ്തിരുന്നു. ചൈന, ബംഗ്ലാദേശ്, പാകിസ്ഥാൻ, തുർക്കി, സൗദി, യു എ ഇ, അമേരിക്ക എന്നീ രാജ്യങ്ങളിലേക്കാണ് പ്രധാനമായും കയറ്റി അയക്കുന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ 30,000 ടൺ ജീരകമാണ് ചൈന വാങ്ങിക്കൂട്ടിയത്. ബക്രീദ് പ്രമാണിച്ച് ബംഗ്ലാദേശ്, സൗദി, പാകിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും ആവശ്യക്കാർ എത്തുന്നുണ്ട്.
ഇന്ത്യയാണ് ഏറ്റവും വലിയ ജീരകം ഉൽപ്പാദകർ. കൃഷിയുടെ 99 ശതമാനവും ഗുജറാത്ത്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ്. ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് മേഖലകളിലാണ് ജീരകം ഗണ്യമായി കൃഷി ചെയ്യുന്നത്. സിറിയ, ഇറാൻ എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യ ചെറിയ തോതിൽ ഇറക്കുമതി ചെയ്യുന്നുണ്ടെങ്കിലും ആ രാജ്യങ്ങളിലെ ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന് അവിടെ നിന്നുള്ള ജീരകം ഇറക്കുമതി നിലച്ചതും പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്.

eng­lish summary;Cumin on the rise, at record prices

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.