വർത്തമാനകാലത്ത് സംഭവിക്കുന്ന പല പ്രകൃതി ദുരന്തങ്ങളും പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെ ബോധ്യപെടുത്തുന്നതാണെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. കൂടൽ ഇഞ്ചപ്പാറയിൽ കണ്ണാടി സാംസ്കാരിക സമിതി നടത്തിയ ശിലോത്സവം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതി ദുരന്തങ്ങൾ സംഭവിക്കാതെ ഇരിക്കുവാൻ നാം പ്രകൃതിയുടെ കാവലാളുകൾ ആകണം.
ഗുരു നിത്യ ചൈതന്യ യതിയുടെ ജന്മ ശതാബ്ദി വേളയിൽ അദ്ദേഹത്തെ ഓർമ്മപ്പെടുത്തുന്ന രാക്ഷസൻപാറയും സംരക്ഷിക്കപ്പെടണം. ഗുരു നിത്യ ചൈതന്യയതിയുടെ ഓർമ്മകൾ നില നിർത്തുവാനും രാക്ഷസൻപാറയുടെ സംരക്ഷണത്തിനുമായി വിനോദ സഞ്ചാര വകുപ്പ് അഞ്ചുകോടി രൂപ അനുവദിച്ചതായി അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. വിനോദ സഞ്ചാര വകുപ്പ് ഏറ്റെടുത്തിട്ടുള്ള അൻപത് സെന്റ് സ്ഥലത്താണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി വിശദമായ പദ്ധതി റിപ്പോർട്ട് തയ്യാറാക്കി അതിന് അംഗീകാരം ലഭിച്ചിട്ടുണ്ട്. ആദ്യഘട്ടമായി 2.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി അഡ്വ കെ യു ജനീഷ്‌കുമാർ എം എൽ എ പറഞ്ഞു. രാക്ഷസൻപാറയുടെ സംരക്ഷണത്തിനായി പ്രവർത്തിച്ച കോശി സാമുവൽ ആര്യപ്പള്ളിക്ക് പ്രഥമ കണ്ണാടി ഹരിത പുരസ്കാരം നൽകി.
കേരള സാഹിത്യ അക്കാദമി സമഗ്ര സംഭാവന പുരസ്കാരം ലഭിച്ച കവി പി കെ ഗോപി,കിളിമഞ്ചാരോ കീഴടക്കിയ സോനു സോമൻ,റോവിങ് ലോക ചാമ്പ്യൻഷിപ്പിൽ മികച്ച നേട്ടം കൈവരിച്ച ദേവപ്രീയ ദിലീപ് എന്നിവരെ ആദരിച്ചു. ഹൈസ്‌കൂൾ കുട്ടികൾക്കായി നടത്തിയ കഥ,കവിത,ചിത്ര രചന മത്സരത്തിലെ വിജയികൾക്ക് ക്യാഷ്അവാർഡും ഉപഹാരവും നൽകി. പഞ്ചായത്ത് പ്രസിഡണ്ട് ടി വി പുഷപവല്ലി, എം പി മണിയമ്മ,ആശാ സജി, എസ് പി സജൻ,പ്രസന്നകുമാരി എന്നിവർ സംസാരിച്ചു.
വാക്കുത്സവം, കാവ്യോത്സവം, കഥോത്സവം,പുസ്തകോത്സവം,നാടൻപാട്ട്,കാക്കാരശ്ശി നാടകം എന്നിവയും നടന്നു. ബി ഡി ദത്തൻ,കാരയ്ക്കാമണ്ഡപം വിജയകുമാർ,പ്രമോദ് കുരമ്പാല, ഗ്രെസ്സി ഫിലിപ്പ്, ജിനേഷ്‌പീലി തുടങ്ങിയ മുപ്പതോളം ചിത്രകാരന്മാർ, സാഹിത്യകാരൻ രാജു വള്ളിക്കുന്നം, കഥാകാരൻ ബി ഹരികുമാർ, കൂടൽ ശോഭൻ, കാശിനാഥൻ, തെങ്ങമം ഗോപകുമാർ തുടങ്ങിയ കവികളും പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.