
പഞ്ചാബും ഹരിയാനയും ഒരുപോലെ അവകാശവാദം ഉന്നയിക്കുന്ന തലസ്ഥാനമായ ചണ്ഡീഗഢിന്റെ ഭരണനിയന്ത്രണം പൂർണമായും ഏറ്റെടുക്കാൻ കേന്ദ്രസർക്കാർ നീക്കം തുടങ്ങി. ഇതിനായി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്ന ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയുടെ അജണ്ടയിൽ ഉൾപ്പെടുത്തി. ചണ്ഡീഗഢിന്റെ ഭരണം ലഫ്റ്റനന്റ് ഗവര്‍ണറെ (എല്‍ജി) ചുമതലപ്പെടുത്തി നേരിട്ട് നിയന്ത്രിക്കാനുള്ളതാണ് പുതിയ ബിൽ.
ഭരണഘടനയുടെ 131-ാം ഭേദഗതി ബില്‍— 2025 രാജ്യസഭയുടെ വെബ്സൈറ്റിലെ ബുള്ളറ്റിനില്‍ പട്ടികപ്പെടുത്തിയിട്ടുണ്ട്. നിലവിൽ പഞ്ചാബ് ഗവർണറാണ് ചണ്ഡീഗഢിന്റെ അഡ്മിനിസ്ട്രേറ്റർ പദവി വഹിക്കുന്നത്. ഈ കീഴ്‌വഴക്കം അവസാനിപ്പിച്ച്, കേന്ദ്രസർക്കാർ നിയമിക്കുന്ന ലഫ്റ്റനന്റ് ഗവർണർക്ക് കീഴിലേക്ക് ഭരണം മാറ്റാനാണ് നീക്കം. ഭരണഘടനയുടെ അനുച്ഛേദം 240 പ്രകാരം നിയമസഭയില്ലാത്ത കേന്ദ്രഭരണപ്രദേശമായി ചണ്ഡീഗഢിനെ മാറ്റാനും, ലക്ഷദ്വീപിലേതിന് സമാനമായ ഭരണരീതി നടപ്പിലാക്കാനും ബിൽ ലക്ഷ്യമിടുന്നു.
പഞ്ചാബ് ഭരിക്കുന്ന ആം ആദ്മി പാർട്ടി (എഎപി) സർക്കാരിനെ സമ്മർദ്ദത്തിലാക്കാനുള്ള കേന്ദ്രത്തിന്റെ തന്ത്രമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 1966‑ലെ പഞ്ചാബ് പുനഃസംഘടനയ്ക്ക് ശേഷമാണ് ചണ്ഡീഗഢ് പഞ്ചാബിന്റെയും ഹരിയാനയുടെയും പൊതു തലസ്ഥാനമായി മാറിയത്. അന്നുമുതൽ പഞ്ചാബ് ഗവർണർക്കാണ് നഗരത്തിന്റെ ഭരണച്ചുമതല. പുതിയ ബിൽ പാസാകുന്നതോടെ പഞ്ചാബിന് തലസ്ഥാന നഗരിയിലുള്ള സ്വാധീനം നഷ്ടമാകും.
കേന്ദ്രനീക്കത്തിനെതിരെ പഞ്ചാബിൽ നിന്നുള്ള രാജ്യസഭാ എംപി വിക്രംജിത് സിങ് സാഹ്നി രംഗത്തെത്തി. ഇത് പഞ്ചാബിന്റെ അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണെന്ന് അദ്ദേഹം ആരോപിച്ചു. അടുത്തിടെ പഞ്ചാബ് സർവകലാശാലയുടെ ഭരണഘടന മാറ്റാൻ കേന്ദ്രം നടത്തിയ നീക്കം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പ്രതിഷേധത്തെത്തുടർന്ന് ആ വിജ്ഞാപനം പിൻവലിച്ചതിന് തൊട്ടുപിന്നാലെയാണ് ചണ്ഡീഗഢിന്റെ ഭരണമാറ്റം ലക്ഷ്യമിട്ടുള്ള ബിൽ വരുന്നത്. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ അടുത്തിടെ നടന്ന വടക്കന്‍ മേഖലാ കൗണ്‍സില്‍ യോഗത്തില്‍ ചണ്ഡീഗഢിനായുള്ള പഞ്ചാബിന്റെ അവകാശവാദം ശക്തമായി ഉന്നയിച്ചിരുന്നു. ഹരിയാനയും ചണ്ഡീഗഢിനായി അവകാശവാദം ഉന്നയിക്കുന്ന സാഹചര്യത്തിൽ പുതിയ ബിൽ വരും ദിവസങ്ങളിൽ വലിയ രാഷ്ട്രീയ പോരിന് വഴിയൊരുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.