23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 20, 2024
December 20, 2024
December 19, 2024
December 18, 2024
December 16, 2024
December 15, 2024
December 8, 2024
December 7, 2024
December 5, 2024

ഇനിയുണ്ടാകരുത് കണ്ണീര്‍പ്പൂക്കള്‍

Janayugom Webdesk
November 27, 2023 5:00 am

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ കഴിഞ്ഞദിവസമുണ്ടായ ദുരന്തത്തില്‍ നാല് വിലപ്പെട്ട ജീവനുകള്‍ നഷ്ടമായി. കളമശേരിയിലെയും പരിസരത്തെയും മൂന്നു ആശുപത്രികളിലായി 38 പേര്‍ പരിക്കേറ്റ് ചികിത്സയിലുണ്ട്. ഇതില്‍ ഏതാനും പേരുടെ നില ഗുരുതരവുമാണ്. സര്‍വകലാശാലയിലെ സ്കൂൾ ഓഫ് എൻജിനീയറിങ് വിഭാഗം നടത്തിയ ടെക്നിക്കൽ ഫെസ്റ്റിനോടനുബന്ധിച്ച സംഗീതനിശയ്ക്കായി ഒത്തുകൂടിയവരാണ് ദുരന്തത്തിനിരയായത്. ബോളിവുഡ് ഗായിക നികിത ഗാന്ധി നേതൃത്വം നൽകുന്ന സംഗീത പരിപാടി തുടങ്ങുന്നതിനു തൊട്ടുമുമ്പെത്തിയ മഴയാണ് വില്ലനായത്. പരിപാടി തുടങ്ങുന്നതിന് മുമ്പുതന്നെ വിദ്യാർത്ഥികളെ പ്രവേശിപ്പിച്ചിരുന്നുവെന്നും മറ്റ് കാമ്പസുകളില്‍ നിന്നുള്ള വിദ്യാർത്ഥികളും പൊതുജനങ്ങളും പരിപാടി കാണാൻ തടിച്ചുകൂടിയിരുന്നുവെന്നുമാണ് ദൃക്‌സാക്ഷികളുടെ മൊഴി. പരിപാടി തുടങ്ങാറായപ്പോൾ എല്ലാവരും ഒരുമിച്ച് അകത്തേക്ക് കയറുവാൻ ശ്രമിച്ചു. മഴ ചാറി തുടങ്ങുകയും ആകെയുള്ള ഒരുകവാടത്തിലൂടെ എല്ലാവരും തള്ളിക്കയറുകയും ചെയ്തതോടെ പടിക്കെട്ടിലുണ്ടായിരുന്ന വിദ്യാർത്ഥികൾ വീണു. മറ്റുള്ളവർ അവരുടെ മുകളിലേക്ക് വീഴുകയുമായിരുന്നു. വീഴ്ചയുടെ ആഘാതത്തിലും തള്ളിക്കയറിയവരുടെ ചവിട്ടേറ്റുമാണ് ദുരന്തമെന്ന് മരിച്ചവരുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതമാണ് മരണകാരണമായി റിപ്പോര്‍ട്ടിലുള്ളത്. പഠനപ്രവര്‍ത്തനത്തിന്റെ ഭാഗമായി നടന്ന ടെക്ഫെസ്റ്റിലും അതിന്റെ അനുബന്ധമായ സംഗീതനിശയിലും ആഹ്ലാദപൂര്‍വം പങ്കെടുത്ത മൂന്ന് വിദ്യാര്‍ത്ഥികളുള്‍പ്പെടെ നാലുപേരാണ് കണ്ണീര്‍പ്പൂക്കളായി മാറിയത്. അപകടവിവരമറിഞ്ഞയുടൻ കോഴിക്കോട്ടെ നവകേരള സദസ് ഒഴിവാക്കി മന്ത്രിമാരായ പി രാജീവും ആർ ബിന്ദുവും കളമശേരിയിലെത്തി. ദുരന്തനിവാരണത്തിനും പരിക്കേറ്റവരെ സന്ദര്‍ശിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ക്കും നേതൃത്വം നല്‍കി. പ്രതിപക്ഷ നേതാവടക്കമുള്ളവരും സ്ഥലത്തെത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് അപകടത്തെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. വിസിയോടും ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയോടും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു റിപ്പോർട്ട് തേടി. പരിക്കേറ്റവരുടെ ചികിത്സാചെലവ് സർവകലാശാല വഹിക്കുമെന്നും മന്ത്രി അറിയിച്ചു. സംഭവത്തില്‍ വീഴ്ചയുണ്ടായെന്ന് കുസാറ്റ് വൈസ് ചാൻസലർ ഡോ. പി ജി ശങ്കരൻ തന്നെ മാധ്യമങ്ങളോട് പറഞ്ഞതായി റിപ്പാേര്‍ട്ടുണ്ട്. സമയത്തിനനുസരിച്ച് വിദ്യാർത്ഥികളെ ഓ‍ഡിറ്റോറിയത്തിലേക്ക് കടത്തിവിടുന്നതിൽ വീഴ്ചയുണ്ടായെന്നാണ് വിസി പറഞ്ഞത്. പരിപാടി തുടങ്ങാൻ വൈകിയത് കുട്ടികളെ കയറ്റുന്നതിന് താമസമുണ്ടാക്കി. ഏഴുമണിക്ക് പരിപാടി ആരംഭിക്കാറായതോടെ പുറത്തുനിന്നുള്ളവരും ഇരച്ചുകയറിയതോടെ തിരക്കായെന്നാണ് വിസിയുടെ മൊഴി.


ഇതുകൂടി വായിക്കൂ:ഭീതിയുടെ ഇരുള്‍മുഖം 


ബോളിവുഡ് ഗായികയുടെ പരിപാടിക്ക് വലിയ ആള്‍ക്കൂട്ടമുണ്ടാകുമെന്നതനുസരിച്ച് ക്രമീകരണങ്ങൾ ശക്തിപ്പെടുത്തുന്നതിൽ വീഴ്ചയുണ്ടായെന്നു തന്നെയാണ് പ്രാഥമിക നിഗമനം. വിദ്യാർത്ഥികളുടെ പരിപാടികൾക്ക് സാധാരണയുണ്ടാകാറുള്ള പൊലീസ് സാന്നിധ്യം മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നും സംഗീതനിശ നടത്താൻ പൊലീസിന്റെ അനുമതി തേടിയിട്ടില്ലെന്നുമാണ് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ പറഞ്ഞത്. കാമ്പസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്ന് ഡിസിപിയും വ്യക്തമാക്കിയിട്ടുണ്ട്. കോളജുകളിൽ പരിപാടി നടക്കുമ്പോൾ, പൊലീസ് സേവനം ആവശ്യമുണ്ടെങ്കിൽ കോളജ് അധികൃതർ പൊലീസിനെ അറിയിക്കും. അങ്ങനെ ആവശ്യപ്പെട്ടെങ്കില്‍ മാത്രമേ പൊലീസിന് കാമ്പസിനകത്ത് പ്രവേശനാനുമതിയുള്ളൂ. വാദങ്ങളും വിശദീകരണങ്ങളും എങ്ങനെയാെക്കെയാണെങ്കിലും നഷ്ടമായത് വിലപ്പെട്ട നാല് ജീവനുകളാണ്. സംഘാടകര്‍ക്കു നേരെ കളമശേരി പൊലീസ് കേസെടുത്തിട്ടുണ്ടെന്നത് ശരിയാണ്. അതില്‍ അന്വേഷണം നടത്തി നടപടിയെടുത്താലും നഷ്ടമായ ജീവനുകള്‍ക്ക് പകരമാവില്ല.

വേണ്ടത് ഇനിയും ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള ജാഗ്രതയാണ്. ഇതിന്റെ ഭാഗമായി ആൾക്കൂട്ട ആഘോഷങ്ങളുടെ നിയന്ത്രണം കൂടുതൽ വ്യാപിപ്പിക്കാൻ ഒരുങ്ങുകയാണ് പൊലീസ് എന്നറിയുന്നു. പൊലീസിനെ അറിയിക്കാതെ പരിപാടി നടത്തിയതുൾപ്പെടെ സംഘാടകരുടെ ഭാഗത്ത് വീഴ്ച ഉണ്ടായതായി സർവകലാശാല സമ്മതിച്ചിട്ടുണ്ട് എന്നതുകൂടി കണക്കിലെടുത്താണ് വിദ്യാർത്ഥികൾ നേതൃത്വം നൽകുന്ന കാമ്പസുകളിലെ പരിപാടികൾക്കും നിയന്ത്രണം ഏർപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. ബന്ധപ്പെട്ട അധികാരികളുമായി ചര്‍ച്ചനടത്തി ഇതിനൊരു പൊതുമാനദണ്ഡമുണ്ടാക്കണം. പൊതുസ്ഥലങ്ങളിലെ ആള്‍ക്കൂട്ട നിയന്ത്രണം ഓഡിറ്റോറിയങ്ങൾ പോലെ അടച്ചിട്ടയിടങ്ങളിലും, കാമ്പസുകള്‍ പോലെ നിയന്ത്രിതയിടങ്ങളിലും നടപ്പാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് കുസാറ്റ് സംഭവം വെളിച്ചം വീശുന്നത്. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, ആഘോഷങ്ങൾ നടത്തുമ്പോൾ പാലിക്കേണ്ട ജാഗ്രതാ മാനദണ്ഡങ്ങൾ പുതുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിട്ടുണ്ട്. ആവശ്യമുള്ള ഇടപെടലുകൾ സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്. അത് ഭാവി നടപടികള്‍ക്ക് കരുത്താകട്ടെ. പക്ഷേ, പ്രഖ്യാപനം ഉണ്ടായതുകൊണ്ട് മാത്രം കാര്യമില്ല. അത് പാലിക്കാന്‍ നമ്മള്‍ തയ്യാറാകണം. അനാസ്ഥകൊണ്ടും ലാഘവത്വം കൊണ്ടും ഇനിയൊരു ജീവനും പൊലിയരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.