
പൊലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷൻ (എന്‍എച്ച്ആര്‍സി) ഉത്തര്‍പ്രദേശ് സര്‍ക്കാരിന് നിര്‍ദേശം നല്‍കി.
അംബേദ്കര്‍ നഗര്‍ സ്വദേശിയായിരുന്ന 36 വയസുകാരനായ സിയാവുദ്ദീനാണ് 2021 മാർച്ചിൽ പൊലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ടത്. സിയാവുദ്ദീന്റെ ശരീരത്തിൽ കണ്ടെത്തിയ ഒന്നിലധികം മുറിവുകളും സത്യം മറച്ചുവച്ചതിനും പൊലീസിനെ കമ്മിഷൻ രൂക്ഷമായി വിമര്‍ശിച്ചു. പോസ്റ്റ്മേര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ഗുരുതരമായ എട്ട് പരിക്കുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൊലീസ് റിപ്പോര്‍ട്ടില്‍ ഇത് എങ്ങനെ സംഭവിച്ചു എന്ന് വ്യക്തമാക്കിയിരുന്നില്ല. അതിനാല്‍ സര്‍ക്കാര്‍ നല്‍കിയ റിപ്പോര്‍ട്ട് കമ്മിഷൻ തള്ളിക്കളഞ്ഞു.
ഒരു ബന്ധുവിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ സബ് ഇൻസ്പെക്ടർ ദേവേന്ദ്ര പാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സിയാവുദ്ദീനെ കസ്റ്റഡിയിലെടുത്തതായി സഹോദരൻ ഷഹദ്ബുദ്ദീൻ നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് അറിയുന്നത് അദ്ദേഹത്തിന്റെ മരണവാർത്തയാണെന്നും കുടുംബം പറയുന്നു. കൊലപാതകശ്രമക്കേസിൽ പ്രതിയായ ഒരാളുമായി സിയാവുദ്ദീനെ ബന്ധിപ്പിക്കുന്ന കോൾ റെക്കോഡുകളുടെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നായിരുന്നു പൊലീസിന്റെ വിശദീകരണം. കൊണ്ടുപോകുന്ന വഴി സിയാവുദ്ദീന് ആരോഗ്യം വഷളാകുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും 2021 മാർച്ച് 26 പുലർച്ചെ 1.45 ന് മരണം സംഭവിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.
എന്നാല്‍ കൈ-കാലുകളിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ചതവുകളും പൊട്ടലും ഉള്ളതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. ശക്തമായ മര്‍ദനമേറ്റതാണ് മരണ കാരണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. തുടര്‍ന്ന് കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണം നടത്തുകയും തട്ടിക്കൊണ്ടുപോകൽ, കൊലപാതകം തുടങ്ങിയ വകുപ്പുകൾ പ്രകാരം ദേവേന്ദ്ര പാലിനും ഒരു കോൺസ്റ്റബിളിനുമെതിരെ കേസെടുക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.