
വനമഹോത്സവത്തിന്റെ പേരില്‍ തെലങ്കാനയിലെ കാര്‍ഷിക സര്‍വകലാശാലയില്‍ യന്ത്രങ്ങള്‍ ഉപയോഗിച്ചുള്ള മരംമുറിക്കല്‍. പ്രൊഫസര്‍ ജയശങ്കര്‍ തെലങ്കാന അഗ്രികള്‍ചര്‍ യൂണിവേഴ്സിറ്റി (പിജെടിഎയു)യില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പൊലീസ് സംരക്ഷണയിലാണ് പ്രദേശത്തുനിന്ന് വന്‍തോതില്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്. നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. ഐടി പാര്‍ക്ക് നിര്‍മ്മാണത്തിനായി ഹൈദ്രാബാദ് സര്‍വകലാശാലയിലെ 400 ഏക്കര്‍ വരുന്ന കഞ്ചാ ഗച്ചിബൗളി ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനത്തിനെതിരെ വലിയ രീതിയുള്ള പ്രതിഷേധങ്ങള്‍ നടക്കുന്നതിന് പിന്നാലെയാണ് സംഭവം. മരങ്ങളും ചെടികളും സംരക്ഷിക്കണമെന്ന് ആഹ്വാനം ചെയ്യാനായി ആരംഭിക്കുന്ന വനമഹോത്സവ ക്യാമ്പയിന്റെ ഉദ്ഘാടനത്തിന് വേദിയൊരുക്കാനാണ് മരങ്ങള്‍ മുറിച്ചുമാറ്റിയതെന്നാണ് വിശദീകരണം. മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയാണ് ഇന്ന് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. രാത്രിയില്‍ കാര്‍ഷിക സര്‍വകലാശാലയിലെ പ്ലാന്റേഷനുകളും ബൊട്ടാണിക്കല്‍ ഗാര്‍ഡനിലുമായി ഇരുപതോളം ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് മരം മുറിക്കുന്നതിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. പൊലീസിന്റെ സാന്നിധ്യത്തിലുള്ള ബുള്‍ഡോസര്‍ നടപടി സര്‍വകലാശാല ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികള്‍ ചോദ്യം ചെയ്തതോടെയാണ് വിഷയം പുറത്തറിയുന്നത്. മരുന്ന് ചെടികള്‍ ഉള്‍പ്പെടെ അഞ്ഞൂറോളം വ്യത്യസ്തയിനത്തിലുള്ള ചെടികളാണ് സര്‍വകലാശാലയ്ക്കുള്ളില്‍ സംരക്ഷിച്ചുവരുന്നത്. പ്രതിഷേധം തടയുന്നതിനായി ഹോസ്റ്റല്‍ മുറികള്‍ പുറത്തുനിന്നും പൂട്ടിയതായും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു.
പരിസ്ഥിതിക്കും മണ്ണിനും ഒരേപോലെ ദോഷകരമായ യൂക്കാലിപ്റ്റ്സ്, സുബാബുള്‍ (പീലി വാക) മരങ്ങളുമാണ് മുറിച്ചുമാറ്റിയതെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. അല്‍ദാസ് ജനയ്യ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. വനമഹോത്സവത്തിന്റെ ഭാഗമായി പുതിയ ചെടികള്‍ സ്ഥാപിക്കുന്നതിനാണ് 150 ഏക്കര്‍ യൂക്കാലിപ്റ്റ്സ്, വാകമരങ്ങള്‍ നീക്കം ചെയ്യുന്നതെന്നും വരുന്ന ദിവസങ്ങളില്‍ ഈ ജോലി പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കാമ്പസിനുള്ളിലെ പൊലീസ് സാന്നിധ്യം അദ്ദേഹം നിഷേധിച്ചു. ഹൈക്കോടതിയ്ക്ക് ആവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിന് സര്‍വകലാശാലയുടെ ഭൂമി വിട്ടുനല്‍കുമെന്ന് അടുത്തിടെ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ ഹരിതാഭ നഷ്ടപ്പെടുത്തിക്കൊണ്ടുള്ള കെട്ടിടനിര്‍മ്മാണത്തെ തടയാനാണ് വിദ്യാര്‍ത്ഥികളുടെ നീക്കം. എന്നാല്‍ സര്‍വകലാശാലയുടെ ഏത് ഭാഗമാണ് വിട്ടുനല്‍കുന്നതെന്നതില്‍ വ്യക്തതയായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.