16 January 2026, Friday

Related news

January 7, 2026
January 7, 2026
January 7, 2026
January 5, 2026
December 30, 2025
December 26, 2025
December 25, 2025
December 24, 2025
December 21, 2025
December 21, 2025

ഹിമാൻഷി നര്‍വാളിനെതിരെ സൈബര്‍ ആക്രമണം

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2025 10:42 pm

പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നേവി ഉദ്യോഗസ്ഥൻ ലഫ്റ്റനന്റ് വിനയ് നർവാളിന്റെ ഭാര്യ ഹിമാൻഷിക്കെതിരെ സൈബര്‍ ആക്രമണം. സമൂഹമാധ്യമങ്ങളിലും പുറത്തും നടക്കുന്ന വിദ്വേഷ പ്രചരണങ്ങൾക്കും ആക്രമണങ്ങൾക്കുമെതിരെ നടത്തിയ പ്രസ്താവനയ്ക്ക് പിന്നാലെയാണ് വലിയതോതിലുള്ള സൈബര്‍ ആക്രമണം ഹിമാൻഷി നേരിടേണ്ടി വന്നത്. മുസ്ലിങ്ങൾക്കും കശ്മീരികൾക്കുമെതിരെ തിരിയരുത്, ഞങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. തീർച്ചയായും ഞങ്ങൾക്ക് നീതി വേണം. തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണമെന്നുമാണ് ഹരിയാനയിലെ കർണാലിൽ രക്തദാന ക്യാമ്പിനിടെ ഹിമാൻഷി പറഞ്ഞത്. ഹിമാൻഷി രാജ്യദ്രോഹിയാണെന്നും മുസ്ലിം തീവ്രവാദിയായ കാമുകന്റെ സഹായത്തോടെ അവൾ ഭര്‍ത്താവിനെ കൊലപ്പെടുത്തിയതാണെന്ന് അടക്കമുള്ള നിരവധി പ്രചരണങ്ങളാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ത്തിവിട്ടത്. ഹിമാൻഷിക്ക് വിനയ് നർവാളിന്റെ സ്വത്തുക്കളോ സര്‍ക്കാര്‍ ധനസഹായമോ നല്‍കരുതെന്നും പ്രചരിപ്പിക്കുന്നുണ്ട്.

ഫേസ്ബുക്കിൽ 77,000 ഫോളോവേഴ്‌സും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രൊഫൈൽ ചിത്രവുമുള്ള ജിതേന്ദ്ര കുമാർ എന്നയാള്‍ ഉള്‍പ്പെടെയുള്ള ബിജെപി ബന്ധമുള്ളവര്‍ ഹിമാൻഷിക്കെതിരായ പോസ്റ്റുകളും കമന്റുകളും പങ്ക് വച്ചിട്ടുണ്ട്. ഹിമാൻഷി നർവാൾ ജെഎൻയുവിൽ നിന്നുള്ളയാളാണെന്ന് ജിതേന്ദ്ര കുമാർ പറയുന്നു. മറ്റൊരാള്‍ യൂണിവേഴ്സിറ്റി പഠനകാലത്ത് ഹിമാൻഷി കശ്മീരികളുമായി അടുപ്പത്തിലായിരുന്നുവെന്നും മറ്റൊരു വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണെന്നും ആരോപിക്കുന്നു.

ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി എന്‍ രാമചന്ദ്രന്റെ മകള്‍ ആരതിക്കെതിരെയും രൂക്ഷമായ സൈബര്‍ ആക്രമണം നടന്നിരുന്നു. ഭീകരാക്രമണത്തിന് പിന്നാലെ ഒരു സഹോദരിയെപോലെ തന്നെ കശ്മീരി ഡ്രൈവര്‍മാരായ മുസാഫിറും സമീറും സഹായിച്ചുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെയാണ് ആരതിക്കെതിരെ സൈബര്‍ ആക്രമണം ഉണ്ടായത്. അതേസമയം സാമൂഹ്യപ്രവര്‍ത്തകരടക്കം ഹിമാൻഷിക്കെതിരെ ഉയരുന്ന സൈബര്‍ ആക്രമണത്തില്‍ ശക്തമായ പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.