19 December 2024, Thursday
KSFE Galaxy Chits Banner 2

ബിപോര്‍ജോയിയെ താങ്ങാനാവാതെ ഗുജറാത്ത്; ഉച്ചയോടെ ശക്തി കുറയുമെന്ന് സൂചന

web desk
June 16, 2023 8:23 am

ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തിയെ താങ്ങാനാവാതെ ഗുജറാത്ത് തീരങ്ങള്‍. കച്ച് മേഖലയിലും സൗരാഷ്ട്രയിലും ദ്വാരകയിലും അതിശക്തമായാണ് കാറ്റും മഴയും തുടരുന്നത്. രണ്ട് പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഭാവ്‌നഗറില്‍ കുത്തൊഴുക്കില്‍ അകപ്പെട്ട ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛനും മകനുമാണ് മരിച്ചത്. മരം വീണ് ദ്വാരകയില്‍ മൂന്നാള്‍ക്ക് പരിക്കേറ്റു. രൂപന്‍ ബേതില്‍ കുടുങ്ങിയ 72 പേരെ എന്‍ഡിആര്‍എഫ് സംഘം രക്ഷിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. അതീവ ജാഗ്രതാ നിര്‍ദേശമാണ് തീരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. ഒരു ലക്ഷത്തിലധികം പേരെയാണ് ഒഴിപ്പിച്ചിരിക്കുന്നത്. എട്ട് തീരമേഖലകളില്‍ നിന്നാണ് ഇവരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയത്.

ഗുജറാത്തിന്റെ തീര മേഖലയിലുള്ള എട്ട് ജില്ലകളിലെ 120 ​ഗ്രാമങ്ങളിൽ കാറ്റ് കനത്ത നാശമുണ്ടാക്കുമെന്നാണ് മുന്നറിയിപ്പ്.  സര്‍ക്കാര്‍ സംവിധാനങ്ങളാകെ സുരക്ഷാ ദൗത്യത്തിലേര്‍പ്പെട്ടിരിക്കുകയാണ്. മൂന്ന് സൈനിക വിഭാ​ഗങ്ങളും സർവസജ്ജരായി നനിലയുറപ്പിച്ചിട്ടുണ്ട്. ഭക്ഷണവും മരുന്നുമായി മൂന്ന് കപ്പലുകൾ നാവികസേന ഒരുക്കി നിർത്തിയിട്ടുണ്ട്. ​വൈദ്യുതി ബന്ധം അതിവേഗം പുനഃസ്ഥാപിക്കാന്‍ ഇലക്ട്രിസിറ്റി വിഭാഗം സര്‍വസജ്ജമായി രംഗത്തുണ്ട്. മുന്ദ്രയില്‍ അദാനി പവറിന്റെ മുഖ്യ ഓഫീസിന് കേടുപാടുകളുണ്ടായി. ദേശീയ‑സംസ്ഥാന ദുരന്തനിവാരണസേനകളുടെ 27 സംഘങ്ങളാണ് ദുരിതാശ്വാസ പ്രവര്‍ത്തനത്തിനുള്ളത്.

അതിനിടെ സംസ്ഥാനത്ത് വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നൽകി. ചിലയിടങ്ങളിൽ 25 സെന്റിമീറ്റർ വരെ മഴ പെയ്യുമെന്ന മുന്നറിയിപ്പുണ്ട്. ബിപോർജോയ് ​കേന്ദ്ര സ്ഥാനവും ​ഗുജറാത്ത് തീരത്തേക്ക് അടുക്കുന്നുവെന്നാണ് ഒടുവിലെ വിവരം. തീരത്തിന് 40 കിലോമീറ്റർ അകലെയാണ് നലവിൽ ചുഴലിക്കാറ്റിന്റെ കേന്ദ്ര സ്ഥാനം.

ബിപോർജോയ് കച്ച്, സൗരാഷ്ട്ര മേഖലകളിലാണ് കരതൊട്ടത്. ​കാറ്റ് അർധ രാത്രി വരെ തുടരും. അർധ രാത്രിയോടെ കാറ്റ് പൂർണമായി കരയ്ക്കടുക്കും. കച്ച്, സൗരാഷ്ട്ര, ദ്വാരക മേഖലകളിൽ കാറ്റിന്റെ വേ​ഗം 115–125 കിലോമീറ്ററാണ്. മഹാരാഷ്ട്ര മേഖലയിലും ജാഗ്രത തുടരുന്നുണ്ട്.

ഗുജറാത്തില്‍ 99 തീവണ്ടികള്‍ പൂര്‍ണമായും 39 വണ്ടികള്‍ ഭാഗികമായും റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.

Eng­lish Sam­mury: Cyclone Bipar­joy in Gujarat lay cen­tred over the Saurash­tra-Kutch region

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.