തമിഴ്‌നാട്ടില്‍ ആഞ്ഞടിച്ച് ഫെയ്ന്‍ജല്‍ ചുഴലിക്കാറ്റ്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. വിവിധ ജില്ലകളില്‍ അതിശക്തമായ മഴ ചെയ്തു. ചെന്നൈ ഉള്‍പ്പെടെ നഗരങ്ങള്‍ വെള്ളത്തിനടിയിലായി. ചെന്നൈ വിമാനത്താവളം താല്‍ക്കാലികമായി അടച്ചിട്ടു. 55 വിമാനങ്ങള്‍ റദ്ദാക്കി. 19 എണ്ണം വഴിതിരിച്ചുവിട്ടു. നിരവധി ട്രെയിന്‍ സര്‍വീസുകളെയും ചുഴലിക്കാറ്റ് ബാധിച്ചു.
തമിഴ്‌നാട്-പുതുച്ചേരി തീരത്തെ കാരെെക്കലിനും മഹാബലിപുരത്തിനുമിടയ്ക്കാണ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇതിന്റെ ഭാഗമായി ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, കള്ളക്കുറിച്ചി, കടലൂര്‍ ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചെന്നൈയില്‍ പടിഞ്ഞാറൻ മാമ്പലം, കോടമ്പക്കം, മടിപ്പാക്കം, കീൽക്കത്തലൈ, അശോക് നഗർ, നുങ്കമ്പാക്കം, ആൾവാർപേട്ട്, പെരമ്പൂർ, പുരശൈവാക്കം തുടങ്ങി ജനസാന്ദ്രതയുള്ള നിരവധി പ്രദേശങ്ങളിൽ കനത്ത വെള്ളക്കെട്ടുണ്ടായി. ചെന്നൈ നഗരത്തിലും സമീപ ജില്ലകളിലും മരങ്ങള്‍ കടപുഴകി വീണ് നാശനഷ്ടങ്ങളുണ്ടായി. ചുഴലിക്കാറ്റ് കണക്കിലെടുത്ത് ചെന്നൈ വിമാനത്താവളം ഉച്ചയ്ക്ക് 12.30 മുതല്‍ ഞായറാഴ്ച പുലര്‍ച്ചെ നാല് വരെ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. മീനമ്പാക്കത്താണ് ഏറ്റവും കൂടിയ മഴ രേഖപ്പെടുത്തിയത്. ഇന്നലെ രാവിലെ എട്ടരയ്ക്കും വൈകുന്നേരം അഞ്ചരയ്ക്കും ഇടയിലായി 114.2 മില്ലീമീറ്റര്‍ മഴ രേഖപ്പെടുത്തി. നുങ്കമ്പാക്കം 104.2 മില്ലീമീറ്റര്‍, പുതുച്ചേരി 95.6, തിരുട്ടണി 88.5 മില്ലീമീറ്റര്‍ എന്നിങ്ങനെയും മഴ രേഖപ്പെടുത്തി.
തമിഴ്‌നാട്ടിലുടനീളം 2,220 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്, തിരുവാരൂര്‍, നാഗപട്ടണം ജില്ലകളിലെ ദുരിതാശ്വാസ കേന്ദ്രങ്ങളിലായി ആയിരക്കണക്കിനാളുകളെ മാറ്റിപ്പാര്‍പ്പിച്ചു. അപകടങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ പരസ്യ ബോര്‍ഡുകളും ഹോര്‍ഡിങ്ങുകളും നീക്കം ചെയ്തു. രാം നഗറിലും വ്യാസര്‍പാടിയിലുമാണ് ഓരോ മരണം റിപ്പോര്‍ട്ട് ചെയ്തത്. ചെന്നൈ മുതിയാല്‍പേട്ട് എടിഎമ്മിൽ നിന്ന് പണം പിൻവലിക്കാൻ ശ്രമിച്ച കുടിയേറ്റത്തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവവും റിപ്പോര്‍ട്ട് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.