17 December 2025, Wednesday

Related news

November 26, 2025
September 29, 2025
September 25, 2025
September 21, 2025
September 12, 2025
September 10, 2025
August 29, 2025
July 31, 2025
July 22, 2025
July 4, 2025

മുഖ്യമന്ത്രിക്കെതിരെ രാഹുലിന്റെത് തരംതാണ പ്രതികരണം : ഡി രാജ

Janayugom Webdesk
കോഴിക്കോട്
April 21, 2024 10:43 pm

മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിഹത്യ നടത്തുന്നത് യുഡിഎഫിന് രാഷ്ട്രീയ നിലപാട് ഇല്ലാത്തതിനാലാണെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ. പിണറായിയെ എന്തുകൊണ്ടാണ് ഇഡി അറസ്റ്റ് ചെയ്യാത്തതെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റിനെ ന്യായീകരിക്കുമോയെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ചോദിച്ചു.
കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുകയാണ് കേന്ദ്ര സർക്കാർ. കെജ്‌രിവാളിനെയും ഹേമന്ത് സൊരേനെയുമെല്ലാം ഇഡി അറസ്റ്റ് ചെയ്തത് ജനാധിപത്യ വ്യവസ്ഥയെ ലംഘിച്ചും നിയമത്തെ വെല്ലുവിളിച്ചുമാണ്. ഡൽഹിയിൽ കെജ്‌രിവാളിന്റെ അറസ്റ്റിനെതിരെ രംഗത്തുവന്ന രാഹുൽ പക്ഷെ, കേരളത്തിലെത്തി സമാന അറസ്റ്റ് ആവശ്യപ്പെടുകയാണ്. രാഷ്ട്രീയ സ്ഥിതിഗതികൾ മനസിലാക്കാത്തതുകൊണ്ടാണ് ഇത്തരത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടാവുന്നത്. ദേശീയതലത്തിൽ എന്ത് രാഷ്ട്രീയ സന്ദേശമാണ് അദ്ദേഹം ഇതിലൂടെ നൽകുന്നതെന്ന് ചോദിച്ച ഡി രാജ ദേശീയ നേതാവായ രാഹുൽ ഗാന്ധി ഇത്തരത്തിൽ തരംതാണ പ്രതികരണം നടത്തരുതായിരുന്നുവെന്നും വ്യക്തമാക്കി.
ആരാണ് തങ്ങളുടെ മുഖ്യശത്രുവെന്ന് ജനങ്ങളോട് പറയാൻ കോൺഗ്രസിന് കഴിയുമോ. ബിജെപിയെയും അവരുയർത്തുന്ന വർഗീയ‑ഫാസിസ്റ്റ്-കോർപറേറ്റ് അനുകൂല നയങ്ങളെയും പരാജയപ്പെടുത്തുകയാണ് തങ്ങളുടെ പ്രധാന ലക്ഷ്യമെന്ന് പറയാൻ ഇടതുപക്ഷത്തിന് കഴിയും. ജനങ്ങളോട് എന്തുപറഞ്ഞ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നറിയാതെ അങ്കലാപ്പിലാണ് യുഡിഎഫ്. മുഖ്യമന്ത്രിയെ വ്യക്തിപരമായി നേരിടുന്ന കോൺഗ്രസ് നേതാക്കൾക്ക് തെരഞ്ഞെടുപ്പിൽ കേരള ജനത മറുപടി നൽകുമെന്നും ഡി രാജ പറഞ്ഞു.
കോർപറേറ്റുകളാൽ നിയന്ത്രിക്കപ്പെടുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. രാജ്യത്ത് സാമ്പത്തിക അസമത്വം ദിനംപ്രതി വർധിക്കുകയും വൻകിട കുത്തകകൾ സമ്പത്തിന്റെ ഭൂരിഭാഗവും കയ്യടക്കുകയും ചെയ്യുന്നു. എല്ലാ അധികാരങ്ങളും കേന്ദ്ര സർക്കാരിൽ കേന്ദ്രീകരിച്ചും സംസ്ഥാനങ്ങളെ ശ്വാസംമുട്ടിച്ചും കൊണ്ടുള്ള ഏകാധിപത്യ ഭരണമാണ് നടക്കുന്നത്. പാർലമെന്റിനകത്തും പുറത്തും ജനവിരുദ്ധമായ നയങ്ങൾക്കെതിരെ പോരാട്ടം നടത്തുന്നത് ഇടതുപക്ഷം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ മതേതര രാജ്യമായി തന്നെ തുടരണം. അതിന് ബിജെപിയെ പുറത്താക്കി രാജ്യത്തെ രക്ഷിക്കണം. ജനാധിപത്യവും മതേതരത്വവും ഫെഡറലിസവും സംരക്ഷിക്കാനും വർഗീയ ഫാസിസ്റ്റ് ശക്തികളെ അധികാരത്തിൽ നിന്ന് തകർത്തെറിയാനുമുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രാജ പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി കെ കെ ബാലൻ മാസ്റ്റർ, തെരഞ്ഞെടുപ്പ് കമ്മിറ്റി കണ്‍വീനര്‍ എ പ്രദീപ് കുമാർ തുടങ്ങിയവരും സംബന്ധിച്ചു.

eng­lish summary:Rahul’s down­grad­ing reac­tion against CM: D Raja

you may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.