5 December 2025, Friday

ദൈവത്തെ തിരയുന്ന ചെമ്മരിയാടുകൾ

Janayugom Webdesk
സതീജ വി ആർ 
April 27, 2025 7:40 am

രമ്പരാഗതമായി തുടർന്നു വന്ന ആത്മാന്വേഷണ ത്വരയും ഗൃഹാതുര ഭ്രമവുമൊക്കെ മാറ്റി വച്ച് സംസ്കാരികവും ശാരീരികവും സാമ്പത്തികവുമായ അധിനിവേശത്തിനെതിരെയുള്ള പ്രതിരോധമായി ശരീരത്തിനെയും മനസിനെയും അതുവഴി അക്ഷരത്തെയും രൂപപ്പെടുത്തിയെടുക്കുന്ന പുതിയ വഴിയിലൂടെയാണ് ആധുനിക ചെറുകഥാ സാഹിത്യം ഇപ്പോൾ ചരിച്ചു കൊണ്ടിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് പ്രീത ആർ നാഥിന്റെ 24 കഥകളുടെ സമാഹാരമായ ദൈവത്തിന്റെ ചെമ്മരിയാട് എന്ന പുസ്തകം നെപ്റ്റ്യൂൺ ബുക്ക്സിലൂടെ പുറത്തുവരുന്നത്. 

ദൈവം ഇടയൻമാരുടെ നേതാവും ചെമ്മരിയാടുകൾ അവന്റെ സൃഷ്ടിയും അനുയായികളുമാകുമ്പോൾ ദൈവത്തിന്റെ ചെമ്മരിയാടുകൾ ഉടയോനും അവന്റെ അടിയാനും തമ്മിലുള്ള വ്യവഹാരമാകുന്നു. ദൈവത്തിന്റെ അസ്തിത്വം തന്നെയും തർക്കവിഷയമാവുമ്പോൾ ദൈവമെന്ന പൊരുളിനെ തിരയുന്ന കഥകളിലൊന്നാണ് ദൈവത്തിന്റെ ചെമ്മരിയാട്. നല്ല ഇടയൻ തന്റെ ചെമ്മരിയാടുകളെ എങ്ങനെ നയിക്കുന്നു എന്ന് കണ്ടെത്തുന്നതിനും അത് സ്ഥാപിക്കുന്നതിനും കഥാകൃത്ത് പരിശ്രമിക്കുന്നുണ്ട്. ബാഹ്യ ശക്തികളുടെ പ്രേരണയാൽ ഒരു കൂട്ടത്തിലേക്ക്, ആ കൂട്ടം മനുഷ്യനല്ലാതെ മറ്റാരുമല്ല, അധികാര ഭ്രമവും സ്പർധയും മൂപ്പിളമ തർക്കവും രൂപപ്പെടുന്നതും അത് വംശം വംശത്തെ എതിരിടുന്നതുവരെ കൊണ്ടുചെന്നെത്തിക്കുന്നതുമായ മനുഷ്യന്റെ കറുത്ത ചരിത്രം ഈ കഥയിലുണ്ട്. ആദിമ മനുഷ്യനിൽ തുടങ്ങിയ സാത്താന്റെ പ്രലോഭനം ഇന്നും അവസാനിക്കുന്നില്ല. നന്മ വഴികൾ വിട്ട് ഓരോ മനുഷ്യന് സഞ്ചരിക്കുവാൻ തുടങ്ങുമ്പോൾ അത് കണ്ട് ആർത്തട്ടഹസിക്കുന്ന പിശാചിന് തന്റെ സൃഷ്ടികളെ വിട്ടു നൽകി ശാന്തനായി ധ്യാനത്തിൽ മുഴുകുന്ന ദൈവത്തിലാണ് ഈ കഥ അവസാനിക്കുന്നത്. ദൈവം ഇത്രമേൽ നിസംഗനോ അതോ നിസാഹായനോ എന്ന പരിഹാസം വായനക്കാരന്റെ ഉള്ളിലേക്ക് എറിഞ്ഞു കൊടുക്കുകയാണ് എഴുത്താൾ.

ദൈവത്തിനെ കിട്ടി എന്ന കഥയിലും ദൈവത്തിന്റെ ഈ ഒളിച്ചു കളി പരിഹസിക്കപ്പെടുന്നുണ്ട്. എന്നാൽ തുരുത്തിലെ ദൈവം എന്ന കഥയിലെത്തുമ്പോൾ ഒളിച്ചു കളി അവസാനിപ്പിച്ച് പള്ളിയിൽ വന്ന് തന്നെ കാണാൻ കൂട്ടാക്കാത്ത വറീതിനെ കാണാനായി ഒരു തോണിയുമായി എത്തുന്ന കർത്താവിനെയാണ് കാണാനാവുന്നത്. തന്റെ ദൈവ നിലപാടുകൾ വായനക്കാരൻ സമക്ഷം എഴുതി വച്ചിട്ട് നിങ്ങൾ തീരുമാനിക്കൂ എന്ന മട്ടിൽ നിസംഗയായി മാറി നില്‍ക്കുകയാണ്, വായനക്കാരന് സർവ സ്വാതന്ത്ര്യവും അനുവദിച്ചു കൊണ്ട് കഥാകൃത്ത്. ഈ പുസ്തകത്തിലെ പല കഥകൾക്കും പ്രത്യേകമായ കഥാപരിസരം പരുവപ്പെടുത്താതെ തന്റെ മനസെന്ന ഭൂമികയിൽ കഥയെ സംഭവിപ്പിക്കുന്ന രീതിയാണ് കഥാകൃത്ത് സ്വീകരിക്കുന്നത്. ദൈവത്തിന്റെ ചെമ്മരിയാട്, മഴ, മേഘം നിഴൽ പറഞ്ഞത്, മനസ്, മഴ ഭൂമിയോടു ചോദിച്ചു തുടങ്ങിയ കഥകൾ കാല ദേശ ഭേദങ്ങളെ അടയാളപ്പെടുത്തുന്നതേയില്ല. ഏതു ദേശത്തിനും കാലത്തിനും വഴങ്ങുന്ന എഴുത്തു വഴികളാണ് ഈ കഥകളുടേത്. എന്നാൽ ദൈവത്തിന്റെ തുരുത്ത്,ആത്മരോദനം, ഡെത്ത് കഫേ തുടങ്ങിയ കഥകൾ കൃത്യമായ ഒരു കഥാ പരിസരത്തിൽ മുളപൊട്ടി പെരുകി പെരുകി ആ ദേശത്തിന്റെയും കാലത്തിന്റെയും പരിമിതികളിൽ നിന്നും വിടുതൽ നേടി എല്ലാ കാലങ്ങൾക്കും ദേശങ്ങൾക്കും അനുയോജ്യമാം വിധം വികാസം പ്രാപിക്കുന്നു. ഒരു മാവിന്റെയും പ്ലാവിന്റെയും ‘ആത്മരോദന’ത്തിലൂടെ മനുഷ്യന് മറ്റു ജീവജാലങ്ങളോടുള്ള സമീപനത്തെ തുറന്നു കാട്ടാനുള്ള ശ്രമമാണ് കഥാകൃത്ത് നടത്തുന്നതെങ്കിൽ ‘വില്പനയ്ക്ക്’ എന്ന കഥയിൽ മനുഷ്യന്
മനുഷ്യനോടുള്ള മനോഭാവമാണ് വിഷയമാകുന്നത്. 

ഒരു നാൾ ഉറക്കമുണർന്നപ്പോൾ തുരുത്തിൽ ഏകനായിപ്പോയ വറീതിന്റെ ചിന്തയും അനുഭവവും ഏകാന്തതയ്ക്കിടയിലും ബഹിർസ്ഫുരിക്കുന്ന മനുഷ്യനിലെ അടിച്ചമർത്തപ്പെട്ട ലൈംഗിക കാമനയുടെ ആവിഷക്കാരം കൂടിയാവുന്നു തുരുത്തിലെ ദൈവം. പ്രകൃതിയിൽ നിന്നും മഴയെയും കാറ്റിനെയും വെയിലിനെയും മേഘങ്ങളെയും സ്വയം ആവാഹിച്ചെടുക്കയും കഥയുടെ മണ്ണിലേക്ക് അതിനെ വിതച്ച് പല ബിംബങ്ങളായി മുളപ്പിച്ചെടുത്ത് കഥയുടെ പ്ലാവും മാവുമൊക്കെ സർപ്പക്കാവുമൊക്കെ തീർക്കുന്നുണ്ട് കഥാകാരി. ഒപ്പം വൈകാരികതയുടെ പല തലങ്ങളിലേക്ക് വായനക്കാര കൊണ്ടുപോവാനും പ്രീതയുടെ കഥകൾക്കാവുന്നുണ്ട്. പെയ്തൊഴിഞ്ഞ മേഘത്തിലെ അമ്മയുടെ ഓർമ്മയ്ക്കായി വാരിയെടുത്ത ഒരു പിടി മണ്ണിനെ മഴക്കു കൊടുക്കാതെ നെഞ്ചോടു ചേർത്തു പിടിക്കുന്ന പെൺകുട്ടി പുസ്തകം മടക്കി വച്ചിട്ടും ഏറെ നേരം വായനക്കാരനും അവളെ നെഞ്ചോടു ചേർത്തു തന്നെ പിടിക്കുന്നു. തിരികെയിലെ രവിയും പെയ്തൊഴിഞ്ഞ മേഘത്തിലെ പെൺകുട്ടിയും ആധുനിക ചെറുകഥാ സാഹിത്യം വേണ്ടെന്നു വച്ച ഗൃഹാതുരതയും വികാര വിക്ഷോഭങ്ങളും അനുഭവിക്കുന്നവരാണ്. 

പദ്മരാജന്റെയും ഒ വി വിജയന്റെയും രാജലക്ഷ്മിയുടെയുമൊക്കെ കഥകളിലുള്ളതുപോലെ മരണത്തോടുള്ള അഭിനിവേശവും മരണമെന്ന മഹാസമസ്യയെ പൂരിപ്പിക്കാനുള്ള ശ്രമവും ഡെത്ത് കഫേയിലും രാജിയുടെ ചോദ്യങ്ങൾ, സഞ്ചയനം ഇന്ന് തുടങ്ങിയ കഥകളിലെങ്കിലും ഉണ്ട്. കഥയെഴുത്തിന് വിഷയ നിബന്ധനയില്ലായെന്നും കഥവേണമെന്നു കൂടിയില്ല എന്നുമുള്ള ആധുനിക കഥാരചനാ തന്ത്രം അനുവദിക്കുന്ന സ്വാതന്ത്ര്യം വേണ്ട വിധം ഉപയോഗപ്പെടുത്തിയിട്ടുള്ള കഥകളാണ് സുമിത്രയുടെ സ്വപ്നങ്ങൾ, മഴ, ശൂർപ്പണഖ തുടങ്ങിയവ ആധുനിക കഥാ സാഹിത്യത്തിലെ കഥയില്ലായ്മയിലേക്ക് ചേർക്കാനാവുന്ന കഥകളാണ് സുമിത്രയുടെ സ്വപ്നങ്ങളും പഞ്ഞി മിഠായിയും. മഴ, നിഴൽ മനസ്, ഇരുട്ട് മാറ്റം തുടങ്ങിയ അമൂർത്ത സങ്കല്പനങ്ങളെ ഉപജീവിച്ചു കൊണ്ട് മനുഷ്യ മനസിന്റെ സൂക്ഷ്മതലങ്ങളിലേക്കുള്ള കടന്നുകയറ്റം എഴുത്തുകാരി നടത്തുന്നത്. 

ദൈവത്തിൻറെ ചെമ്മരിയാട്
(കഥകള്‍)
പ്രീത ആർ നാഥ്
നെപ്ട്യൂൺ ബുക്സ്, കൊല്ലം
വില: 160 രൂപ 

Kerala State - Students Savings Scheme

TOP NEWS

December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.