23 December 2024, Monday
KSFE Galaxy Chits Banner 2

2024: ദളിത് വോട്ടർമാര്‍ ആരോടൊപ്പം!

രാഹിൽ നോറ ചോപ്ര
September 17, 2023 4:36 am

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ഏറ്റവും വലിയ ചര്‍ച്ച ദളിത് വോട്ടുകള്‍ ഏതുവഴിക്ക് പോകും എന്നതാണ്. അവർ ബിഎസ്‌പിയിലേക്ക് തിരികെപ്പോകുമോ അതോ പ്രതിപക്ഷസഖ്യം ഇന്ത്യക്കോ, എൻഡിഎയ്ക്കോ വോട്ടുചെയ്യുമോ? അവിടെ ദളിത് വോട്ടുകള്‍തന്നെ ഉപജാതികളുടെ അടിസ്ഥാനത്തിൽ വിഭജിക്കപ്പെടുന്നുണ്ട്. ജാദവ്, പാസി, വാല്മീകി സമുദായങ്ങൾ വ്യത്യസ്തമായാണ് വോട്ട് ചെയ്യുക. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്‌പിക്കൊപ്പമുള്ള ജാദവ് സമുദായത്തിന്റെതാണ് 55 ശതമാനത്തിലധികം ദളിത് വോട്ടുകളും എന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ഇത്തവണ അവര്‍ ഇന്ത്യ സഖ്യത്തിൽ മികച്ച ബദൽ പ്രതീക്ഷിക്കുന്നുണ്ടാവാം. 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ദളിത് വോട്ടുകള്‍ ബിജെപിക്കാണ് ലഭിച്ചത്. എന്നാല്‍ പിന്നീട് നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിൽ സമാജ്‌വാദി പാർട്ടി-രാഷ്ട്രീയ ലോക്ദൾ (ആർഎൽഡി) സഖ്യത്തിന് ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞു. ഘോഷി, ഖതൗലി നിയമസഭാ സീറ്റുകളും മെയിൻപുരി ലോക്‌സഭാ മണ്ഡലവും ഇതിലുൾപ്പെടുന്നു. ബിഎസ്‌പിയുടെ അഭാവം മുതലെടുക്കാനും ദളിത് വോട്ടർമാരെ ആകർഷിക്കാനും ഭരണകക്ഷിയായ ബിജെപിക്ക് കഴിഞ്ഞില്ല എന്നതിന്റെ സൂചനകളാണിത്. ഘോസി ഉപതെരഞ്ഞെടുപ്പിൽ സീറ്റ് നിലനിർത്തിയ എസ്‌പി മികച്ച ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. എസ്‌പിയിലെ സുധാകർ സിങ് ബിജെപിയുടെ ഒബിസി മുഖമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ധാരാസിങ് ചൗഹാനെ 42,759 വോട്ടുകൾക്കാണ് പരാജയപ്പെടുത്തിയത്. ബിജെപി 81,668 വോട്ടുകളും എസ്‌പി 1,24,427 വോട്ടുകളുമാണ് നേടിയത്. മണ്ഡലത്തിലെ ദളിത് വോട്ടുകളിൽ വലിയ പങ്ക് എസ്‌പിക്ക് ലഭിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, സംവരണം, കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും ദുരവസ്ഥ എന്നിവ മൂലം വലയുന്ന ദളിതുകള്‍ക്ക് കടുത്ത ജാതിവിവേചനവും നേരിടേണ്ടിവരുന്നുണ്ട്.


ഇത് കൂടി വായിക്കൂ: കര്‍ണാടക; പ്രതിപക്ഷത്തിന് ഒരു പാഠമാണ്


അതിലെല്ലാമുപരിയായി ഭരണകൂട നിലപാടുകള്‍ ഒരിക്കലും അവരെ പിന്തുണയ്ക്കുന്നുമില്ല. യുപിയിലെ ജനസംഖ്യയുടെ 21 ശതമാനം ദളിതരാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വലിയ സ്വാധീനം ചെലുത്താന്‍ ഇവര്‍ക്കാകും. ഇതില്‍ 55ശതമാനം വരുന്ന ജാദവരുടെ ഏകീകരണത്തിലാണ് മായാവതി ഇപ്പോഴും ഊന്നല്‍ നല്‍കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. 1990കളുടെ തുടക്കത്തിൽ കാൻഷി റാമിന്റെ നേതൃത്വത്തിൽ ഒരു രാഷ്ട്രീയ ശക്തിയായി ബിഎസ്‌പി ഉയർന്നുവരുന്നതുവരെ ദളിതർ കോൺഗ്രസിനെയാണ് പിന്തുണച്ചിരുന്നത്. അതുകാെണ്ടുതന്നെ ഇത്തവണ പ്രമുഖരെ യുപിയില്‍ മത്സരിപ്പിക്കാനുള്ള പദ്ധതികൾ കോൺഗ്രസ് ആവിഷ്കരിക്കുന്നുണ്ട്. പാര്‍ട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ബിജ്‌നോറിൽ നിന്നോ സഹരൻപൂരിൽ നിന്നോ മത്സരിച്ചേക്കുമെന്നും ദളിത് വോട്ടുകൾ തിരിച്ചുപിടിക്കാൻ ഇത് ഇന്ത്യ സഖ്യത്തെ സഹായിക്കുമെന്നും കരുതുന്നു. ബിഎസ്‌പി അധ്യക്ഷ മായാവതിയുടെ പ്രഭാവവും ദളിതരുടെ, പ്രത്യേകിച്ച് ജാദവര്‍ക്കിടയിലെ സ്വാധീനവും ക്ഷയിക്കുന്നതായാണ് വിലയിരുത്തല്‍. അതുകൊണ്ട് കർണാടകയിലെ തന്റെ പരമ്പരാഗത സീറ്റിനു പുറമേ യുപിയിലെ ഒരു സീറ്റിലും ഖാർഗെ മത്സരിക്കും. രാഹുൽ ഗാന്ധി അമേഠിയിലും പ്രിയങ്കാ ഗാന്ധി റായ്ബറേലിയിലോ വാരാണസിയിലോ മത്സരിച്ചേക്കും. സംവരണം, ജാതി സെൻസസ്, തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവ കാരണം പടിഞ്ഞാറൻ യുപിയില്‍ ബിജെപിയുടെ നില പരുങ്ങലിലാണ്. ദളിത് വോട്ടർമാരുടെ പ്രതിഷേധം കൂടിയാകുമ്പോള്‍ ഭരണകക്ഷിക്ക് വിയര്‍ക്കേണ്ടിവരും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കുർമികൾക്ക് ആധിപത്യമുള്ള ഫുൽപൂരിലോ മിർസാപൂരിലോ മത്സരിക്കണമെന്ന് ഇന്ത്യ സഖ്യം ആഗ്രഹിക്കുന്നു. കുർമി ഒബിസി വിഭാഗത്തിൽപ്പെട്ട നിതീഷിന്റെ സാന്നിധ്യം യുപിയിലെ പിന്നാക്കവിഭാഗക്കാരെ സ്വാധീനിക്കാന്‍ സഹായിക്കുമെന്ന് എസ്‌പിയും കോൺഗ്രസും പ്രതീക്ഷിക്കുന്നു.


ഇത് കൂടി വായിക്കൂ: പ്രധാനമന്ത്രി സംസാരിക്കണം | JANAYUGOM EDITORIAL


സംസ്ഥാനത്ത് ഏറ്റവും സ്വാധീനമുള്ള രണ്ടാമത്തെ ഒബിസി വിഭാഗമായ കുർമികൾക്ക് നിരവധി സീറ്റുകളിലെ ഫലം നിർണയിക്കാൻ കഴിയും. അതിനിടെ, ബിഹാറിൽ നിന്നുള്ള ജനതാദൾ (യുണൈറ്റഡ്) നേതാക്കൾ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുന്നുണ്ട്. നിതീഷ് കുമാർ വിളിച്ചുചേർത്ത 534 ബ്ലോക്ക് പ്രസിഡന്റുമാരുടെ യോഗത്തിലാണ് ഈ ആവശ്യമുയര്‍ന്നത്. ‘ദേശ് കാ പ്രധാനമന്ത്രി കൈസാ ഹോ, നിതീഷ് കുമാർ ജൈസ ഹോ’ എന്ന മുദ്രാവാക്യം യോഗത്തില്‍ ഉയർന്നുവെന്നത് ശ്രദ്ധേയമാണ്. തെലങ്കാനയില്‍ എഐഎംഐഎം മത്സരിക്കാത്ത ഹൈദരാബാദിന് പുറത്ത് മുസ്ലിം വോട്ടുകൾക്കായി കോൺഗ്രസും ബിആർഎസും മത്സരിക്കുകയാണ്. ബിആർഎസ് എംഎൽസി കെ കവിത തന്റെ പാർട്ടിയുടെ വികസന പ്രവർത്തനങ്ങൾ ചൂണ്ടിക്കാട്ടി ന്യൂനപക്ഷ വോട്ടർമാരെ സ്വാധീനിക്കാനാണ് ശ്രമിക്കുന്നത്. കോൺഗ്രസ് വഞ്ചകരുടെ പാർട്ടിയാണെന്നും അവരുടെ മധുരമായ വാക്കുകളിൽ വീഴരുത് എന്നും ന്യൂനപക്ഷ വോട്ടർമാർക്ക് അവര്‍ മുന്നറിയിപ്പ് നൽകുന്നു. തെലങ്കാന ചന്ദ്രശേഖർ റാവുവിന്റെ ഭരണത്തിൽ എല്ലാ മേഖലകളിലും “നമ്പർ വൺ” ആണെന്നും കവിത പറഞ്ഞു. ‌ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗം ഹൈദരാബാദിൽ നടക്കുകയാണ്. ഈ യോഗത്തില്‍ ദേശീയ രാഷ്ട്രീയത്തിന്റെ അജണ്ട നിശ്ചയിക്കുകയും തെലങ്കാന ഉൾപ്പെടെ തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള പ്രവര്‍ത്തനരേഖ തയ്യാറാക്കുകയും ചെയ്യും. കർണാടക തെരഞ്ഞെടുപ്പിന്റെ മാതൃകയിൽ വോട്ടര്‍മാര്‍ക്ക് ഉറപ്പുനൽകുന്ന പ്രഖ്യാപനവുമായി കോൺഗ്രസ് മുന്നോട്ട് പോകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പ്രതീക്ഷിക്കുന്നു. സ്ത്രീകൾക്കും പാവപ്പെട്ടവർക്കും ചില പദ്ധതികൾ വാഗ്‌ദാനം ചെയ്തതിന്റെ നേട്ടം അയൽസംസ്ഥാനത്ത് അധികാരത്തിലെത്താന്‍ പാര്‍ട്ടിയെ സഹായിച്ചു. ഇതേരീതിയില്‍ ചലനം സൃഷ്ടിക്കാനും വിജയം ആവർത്തിക്കാനും സബ്‌സിഡിയോടെ എൽപിജി സിലിണ്ടറുകൾ, കർഷകരുടെ വായ്പ എഴുതിത്തള്ളൽ, സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര തുടങ്ങിയ പ്രഖ്യാപനങ്ങള്‍ കോൺഗ്രസ് നടത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനാർത്ഥി ആരായിരിക്കുമെന്നതും രാഷ്ട്രീയരംഗത്തെ ആകാംക്ഷയാണ്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ശിവസേന (യുബിടി) തലവൻ ഉദ്ധവ് താക്കറെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, മുൻ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ നേരിടാനുള്ള തീവ്രശ്രമത്തിലാണ്.


ഇത് കൂടി വായിക്കൂ: നിര്‍ണായക രാഷ്ട്രീയസന്ധിയിലെ മേയ്ദിന പ്രതിജ്ഞ | JANAYUGOM EDITORIAL


പ്രതിപക്ഷ സഖ്യമായ ഇന്ത്യയെ നയിക്കാൻ പോവുകയാണോയെന്ന ശ്രീലങ്കൻ പ്രസിഡന്റ് റെനിൽ വിക്രമസിംഗെയുടെ ചോദ്യത്തിന്: ‘ഇത് ജനങ്ങളെ ആശ്രയിച്ചിരിക്കുന്നു. അവര്‍ ഞങ്ങളെ പിന്തുണയ്ക്കുകയാണെങ്കിൽ പദവിയിൽ എത്താന്‍ കഴിയും’ എന്നായിരുന്നു മമതയുടെ മറുപടി. രാജ്യത്ത് രാഷ്ട്രീയമാറ്റം കൊണ്ടുവരാൻ ശക്തമായ ഒരു ബദലാകുമെന്ന് ഇന്ത്യ സഖ്യം ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. ബിജെപിയുടെ ഒരേയൊരു പ്രധാനമന്ത്രിക്കെതിരെ തങ്ങൾക്ക് നിരവധി പ്രധാനമന്ത്രി മുഖങ്ങളുണ്ടെന്ന് ഉറപ്പിക്കുകയും ചെയ്യുന്നു. വിദ്വേഷം വളർത്തുന്ന വാര്‍ത്താ അവതാരകരെ ബഹിഷ്കരിക്കാനുള്ള തീരുമാനവും പൊതുവേ പ്രശംസിക്കപ്പെട്ടു. ബിജെപിയുമായി അടുപ്പമുള്ളവരും അവര്‍ക്കായി വ്യാജവാർത്തകൾ പ്രചരിപ്പിക്കുകയും വർഗീയ വിദ്വേഷം വളർത്തുകയും സർക്കാരിനെ അന്ധമായി പുകഴ്ത്തുകയും ചെയ്യുന്ന 14 ടെലിവിഷൻ അവതാരകർ നടത്തുന്ന പ്രൈം ടൈം ചർച്ചകളിൽ പങ്കെടുക്കേണ്ടതില്ലെന്ന ധീരമായ തീരുമാനമാണ് പ്രതിപക്ഷം കൈക്കൊണ്ടത്. (അവലംബം: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.