
തമിഴ്നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഗൗണ്ഡംപാളയത്ത് സർക്കാർ സ്കൂളിലെ പാചകത്തൊഴിലാളിയായ ദളിത് സ്ത്രീയെ സ്കൂളിൽ പാചകം ചെയ്യുന്നതിൽ നിന്ന് തടഞ്ഞ ആറുപേർക്ക് കോടതി രണ്ടു വർഷത്തെ ജയിൽ ശിക്ഷ വിധിച്ചു. തിരുമലൈ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് ആഹാരമുണ്ടാക്കുന്നത് ദലിത് സ്ത്രീയായതിനാൽ അനുവദിക്കില്ലെന്ന തീരുമാനമെടുത്ത് നാട്ടുകാരായ നിരവധിയാളുകൾ ചേർന്ന് ഇവരെ തടയുകയായിരുന്നു.
2018 ൽ ആയിരുന്നു സംഭവം. 35 പേരായിരുന്നു കേസിൽ പ്രതികളായത്. ഇതിൽ 25 പേരെ എസ്.സി-എസ്.ടി പ്രത്യേക കോടതി വെറുതെവിട്ടു. നാലുപേർ കേസിന്റെ വിചാരണക്കിടെ മരണപ്പെട്ടു.
സ്കൂളിലെ വിദ്യാർഥികളുടെ രക്ഷിതാക്കളായ ആറുപേരെയാണ് കോടതി രണ്ടു വർഷത്തെ തടവിന് ശിക്ഷിച്ചത്. പളനിസ്വാമി ഗൗണ്ടർ, എൻ. ശക്തിവേൽ, ആർ. ഷൺമുഖം, എ. ദുരൈസ്വാമി, സി. വെള്ളിങ്കിരി, വി. സീതാലകഷ്മി എന്നിവരെയാണ് കോടതി രണ്ടുവർഷത്തെ തടവിന് ശിക്ഷിച്ചത്.
സ്കൂളിൽ സംഭവം ഉണ്ടായതോടെ ദലിത് സ്ത്രീയെ സ്കൂൾ അധികൃതർ സ്ഥലം മാറ്റിയിരുന്നു. ഇതിനെതിരെയും ജാതീയ അധിക്ഷേപത്തിനെതിരെയും തമിഴ്നാട് തൊട്ടുകൂടായ്മ നിർമാർജന സമിതി സമരവുമായി രംഗത്ത് വന്നിരുന്നു. പിന്നീട് തിരുമല സ്വദേശിയായ പപ്പൽ എന്നയാളാണ് കോടതിയിൽ കേസ് നൽകിയത്. ഇതെത്തുടർന്ന് ചേവായുർ പൊലീസ് കേസെടുത്തു. എസ്.സി-എസ്.ടി നിയമത്തിലെ വിവിധ വകുപ്പുകൾ ചേർത്ത് 35 പേർക്കെതിരെയാണ് കേസെടുത്തത്. ഇതിൽ നാലുപേർ മരിച്ചതായാണ് വിവരം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.