27 April 2025, Sunday
KSFE Galaxy Chits Banner 2

ദല്ലേവാളിന്റെ ഉപവാസം 25 ദിവസം കടന്നു; കര്‍ഷക സമരം ശക്തമാകുന്നു

 പഞ്ചാബ് സര്‍ക്കാരിന്
സുപ്രീം കോടതി വിമര്‍ശനം
 ഈ മാസം 30ന് പഞ്ചാബ് ബന്ദ് ‍ 
Janayugom Webdesk
ന്യൂഡല്‍ഹി
December 20, 2024 10:43 pm

നിരാഹാര സമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാളിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാത്തതില്‍ പഞ്ചാബ് സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ദല്ലേവാളിന്റെ ആരോഗ്യം പഞ്ചാബ് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്ന് ആവര്‍ത്തിച്ച കോടതി ഉടൻ അദ്ദേഹത്തെ താല്‍ക്കാലിക ആശുപത്രിയിലേക്ക് മാറ്റാനും നിര്‍ദേശിച്ചു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതായിരുന്നു നിര്‍ദേശം.
ദല്ലേവാളിന് ആവശ്യമായ എല്ലാ വൈദ്യസഹായവും തുടർച്ചയായി നൽകുമെന്ന് ഉറപ്പ് നൽകുന്ന സത്യവാങ്മൂലം സമർപ്പിക്കാൻചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കും കോടതി നിര്‍ദേശം നല്‍കി. നവംബർ 26 മുതൽ അനിശ്ചിത കാല നിരാഹാര സമരം തുടരുന്ന 70കാരനായ ദല്ലേവാളിന്റെ ആരോഗ്യനില മോശമായെന്ന് ഡോക്ടര്‍മാര്‍ കഴിഞ്ഞ ദിവസം അറിയിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതിയുടെ നടപടി. അദ്ദേഹത്തിന്റെ പല അവയവങ്ങളുടെയും പ്രവര്‍ത്തനം നിലയ‍്ക്കാന്‍ സാധ്യതയുണ്ടെന്ന് ഡോക‍്ടര്‍മാര്‍ അറിയിച്ചു. പഞ്ചാബിനും ഖനൗരി അതിർത്തിയിലുള്ള സ്ഥലത്തുനിന്ന് 700 മീറ്റർ മാത്രം അകലെയുള്ള താൽക്കാലിക ആശുപത്രിയിലേക്ക് ദല്ലേവാളിനെ മാറ്റാത്തത് എന്തുകൊണ്ടാണെന്ന് പഞ്ചാബ് സർക്കാരിനെ പ്രതിനിധീകരിച്ചെത്തിയ അഡ്വക്കേറ്റ് ജനറൽ ഗുർമീന്ദർ സിങ്ങിനോട് ബെഞ്ച് ചോദിച്ചു. 

അതിനിടെ കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കെതിരെ മുഖം തിരിക്കുന്ന കേന്ദ്ര നിലപാടുകള്‍ക്കെതിരെയുള്ള പ്രതിഷേധ നടപടികളുടെ ഭാഗമായി ഈ മാസം 30ന് പഞ്ചാബ് ബന്ദിന് കര്‍ഷകസംഘടനകള്‍ ആഹ്വാനം ചെയ്തു. സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ‍്ദൂര്‍ മോര്‍ച്ച സംഘടനകള്‍ ചേര്‍ന്നാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജനങ്ങള്‍, വ്യാപാരികള്‍, തൊഴിലാളികള്‍ എന്നിവര്‍ ബന്ദുമായി സഹകരിക്കണമെന്ന് കര്‍ഷക നേതാവ് സര്‍വന്‍ സിങ് പാന്ഥര്‍ പറ‌ഞ്ഞു.

വിവാദ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചതിന് പിന്നാലെ, കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകളുടെയും കാര്‍ഷിക ശാസ‍്ത്രജ്ഞരുടെയും പ്രതിനിധികളെ ഉള്‍പ്പെടുത്തി കമ്മിറ്റി രൂപീകരിക്കുമെന്ന് കര്‍ഷകക്ഷേമ സെക്രട്ടറി സഞ്ജയ് അഗര്‍വാള്‍ സംയുക്ത കിസാന്‍ മോര്‍ച്ച നേതൃത്വത്തിന് ഉറപ്പ് നല്‍കിയിരുന്നു. താങ്ങുവില നടപ്പാക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ആവിഷ‍്ക്കരിക്കുന്നതിനായിരുന്നു കമ്മിറ്റി. എന്നാലത് നടപ്പായില്ലെന്ന് പാന്ഥര്‍ ചൂണ്ടിക്കാട്ടി. 

സമരത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ എടുത്ത ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്കാമെന്ന ഉറപ്പ് പാലിച്ചിട്ടില്ല. ഇക്കാര്യം കേന്ദ്രം തത്വത്തില്‍ അംഗീകരിച്ചെങ്കിലും കേസ് അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരുകളോട് അഭ്യര്‍ത്ഥിപ്പിക്കണമെന്നും ഡിസംബര്‍ ഒമ്പതിന് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. വൈദ്യുതി ഭേദഗതി നിയമത്തിലെ കര്‍ഷകരെ ബാധിക്കുന്ന വ്യവസ്ഥകളെ കുറിച്ച് കേന്ദ്രം ചര്‍ച്ച നടത്താമെന്ന് സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ സീറോ ബജറ്റ് കൃഷി സംബന്ധിച്ചുള്ള കമ്മിറ്റിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ ക്ഷണിച്ചെങ്കിലും സംയുക്ത കിസാന്‍ മോര്‍ച്ച അത് നിരസിച്ചു. കമ്മിറ്റിയിലുള്ള ഭൂരിഭാഗം പേരും കാര്‍ഷിക നിയമങ്ങളെ പിന്തുണച്ചതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.