25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
March 8, 2025
March 8, 2025
March 7, 2025
March 5, 2025
February 23, 2025
February 22, 2025
September 8, 2024
August 29, 2024
August 10, 2024

മഹിളാമണിടീച്ചറിന് നൃത്തമാണ് ജീവനും ജീവിതവും

ഡാലിയ ജേക്കബ്
March 8, 2025 12:38 pm

ജീവിതത്തിന്റെ പകുതിയേലെറെയും നൃത്തിന് വേണ്ടി ചിലവെഴിച്ച കലാകാരിയുണ്ട് ആലപ്പുഴയിൽ. പ്രതിസന്ധികൾക്കിടയിലും തോൽക്കാൻ വിസമ്മതിച്ച് നൃത്തത്തെ കൂട്ട് പിടിച്ച് ജീവിതവിജയം കൈവരിച്ച കലാകാരിയെ മറന്നുകൂടാ… 73 വയസിലും നൃത്തം പഠിക്കാൻ വരുന്ന തുടക്കക്കാർക്ക് അടവുകളും മുദ്രകളും പറഞ്ഞ് കൊടുക്കാൻ സാധിക്കുന്നത് ഭാഗ്യമായി കരുതുകയാണ് പഴവീട് സ്വദേശിനി ജി മഹിളാമണി. പഴവീട്ടിലെ ശ്രീ കലാനിലയം എന്ന നൃത്ത വിദ്യാലയത്തിലെത്തുന്ന ശിഷ്യഗണങ്ങൾക്ക് നൃത്തത്തിന്റെ ആദി താളങ്ങൾ പകർന്ന്കൊടുക്കുമ്പോഴൊന്നുംമുഖത്തും മെയ് വഴക്കത്തിലും പ്രായത്തിന്റെ അവശതകളില്ല. ഉറക്കെ പാടുമ്പോഴുള്ള ശബ്ദത്തിലെ ഇടർച്ച ഈ ഇടയായി മാത്രമാണ്. മഹിളാമണി തന്റെ പന്ത്രണ്ടാം വയസ് മുതൽ തുടങ്ങിയതാണ് നൃത്തം പഠിപ്പിക്കൽ. അത് ഇപ്പോഴും തുടരുന്നു. ഇത് വരെ അയ്യായിരത്തോളം ശിഷ്യഗണങ്ങളിലേയ്ക്ക് നൃത്തകല പകർന്നു നൽകി. 

അഞ്ചാം വയസിലാണ് മഹിളാമണി ആര്യകലാനിലയം രാമുണ്ണി മാഷിന്റെ അടുത്ത് നൃത്ത പഠനം തുടങ്ങിയത്. എട്ടാം വയസിൽ മുല്ലയ്ക്കൽ ക്ഷേത്രത്തിൽ അരങ്ങേറി. ആലപ്പുഴയിലെ അനാഥമന്ദിരം സൂപ്രണ്ട് ആയ അമ്മാവൻ ഒരു ദിവസം തിരുവിതാംകൂർ സഹോദരി മാരിലെ (ലളിത- പത്മിനി രാഗിണി) ലളിതയെ കണ്ടുമുട്ടി. ലളിത രാമായണം ബാലെയിലേക്ക് കൊച്ചു കുട്ടികളെ തേടുന്ന സമയമായിരുന്നു. അവർതന്നെ കാണാൻ വന്നതും ഡാൻസ് ചെയ്യിപ്പിച്ചതും ഇന്നലെയെന്നപോലെ ഓർമയിലുണ്ടെന്ന് മഹിളാമണി പറയുന്നു. പിന്നെയുള്ള രണ്ടു വർഷം അവർക്കൊപ്പമായിരുന്നു. അവിടെ വെച്ച് ഫോക്ക് ഡാൻസും അഭ്യസിച്ചു. അവരോടൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നൃത്ത പരിപാടികളിൽ പങ്കെടുക്കാനും മഹിളാമണിയ്ക്ക് ഭാഗ്യം ഉണ്ടായി. നിണമണിഞ്ഞ കാൽപ്പാടുകൾ, “നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി”, “ജയിൽ”, “ആരോമലുണ്ണി”, “ഒരു സുന്ദരിയുടെ കഥ” തുടങ്ങിയ മലയാള സിനിമകളിൽ ചില ചെറിയ വേഷങ്ങളും ചെയ്തിട്ടുണ്ട്. 

15ാം വയസിൽ മഹിളാ മണി ബാലരാമപുരം സ്വദേശിയും ബിസിനസുകാരനുമായ വീരകുമാറിനെ വിവാഹം ചെയ്തു. അദ്ദേഹത്തിന്റെ കൂടി ആഗ്രഹപ്രകാരം ജവഹർ ബാലഭവനിലും നൃത്താധ്യാപികയായി ജോലിയ്ക്ക് കയറി. സ്കൂളിലെ ജോലിയ്ക്ക് ഒപ്പം വീടുകളിലും ക്ലാസുകൾ എടുത്തിരുന്നു. കുടുംബജീവിതവും നൃത്തവുമായി പോകുന്നതിനിടയിൽ ഭർത്താവിന്റെ പൊടുന്നനെ ഉണ്ടായ മരണം മഹിളാമണിയെ തളർത്തി. അന്ന് മഹിളാ മണിയ്ക്ക് പ്രായം 27.പിന്നീട് മൂന്ന് കുട്ടികളുമായി അതിജീവനത്തിന്റെ പാതയായിരുന്നു. പിന്നീടങ്ങോട്ട് നൃത്തം പഠിപ്പിക്കുന്നതിൽ നിന്നുള്ള വരുമാനം മാത്രമായിരുന്നു അമ്മയുടേയും മക്കളുടേയും ജീവിതമാർഗം. ഒരുപാട് ബുദ്ധിമുട്ടി അവരെ പഠിപ്പിച്ചു. മണിക്കൂറുകളോളം ഇടവേളകൾ ഇല്ലാതെ ക്ലാസുകൾ എടുക്കേണ്ട സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്ന് മഹിളാമണി പറയുന്നു. മക്കൾ മൂന്ന് പേരും ജോലിക്കാരായി. അവർക്കും കുടുംബങ്ങളായി. അവരുടെ മക്കളുടെ വിവാഹവും ഈ അടുത്ത് കഴി‍ഞ്ഞുവെന്ന് മഹിളാമണി പറഞ്ഞു. ജവഹർ ബാലഭവനിൽ 30 വർഷത്തിലേറെ ഭരതനാട്യം അധ്യാപികയായി മഹിളാമണി ജോലി ചെയ്തിരുന്നു. മക്കൾ — ഗോമതി സരോജം സയൻസ് ആന്റ് ടെക്നോളജി ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയായിരുന്നു( വി ആർ എസ്), രാജരാജേശ്വരി( സീഫുഡ് എക്സ്പോർട്ടേഴ്സ് അസോസിയേഷൻ യൂണിറ്റ് ഹെഡ്), അജയ് കാന്ത്( മാധ്യമ പ്രവർത്തകൻ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.