
ടി20 ലോകകപ്പ് ഫൈനൽ വിജയത്തിന് പിന്നാലെ ഇന്ത്യൻ താരം അർഷ്ദീപ് സിങ്ങിന് ഐസിസിയുടെ പിഴ. ഫൈനൽ മത്സരത്തിനിടെ ന്യൂസീലൻഡ് താരം ഡാരിൽ മിച്ചലിന് നേരെ പന്തെറിഞ്ഞതാണ് അർഷ്ദീപിന് വിനയായത്. ഐസിസി വാർത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചു. അർഷ്ദീപിന്റെ പ്രവൃത്തി വൻ വിമർശനങ്ങൾക്ക് വഴിവച്ചത്. സംഭവത്തിൽ മിച്ചലിനോട് അർഷ്ദീപ് ഖേദപ്രകടനം നടത്തുകയും ചെയ്തു.
മാച്ച് ഫീയുടെ 15 ശതമാനമാണ് പിഴയായി ചുമത്തിയിരിക്കുന്നത്. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ 1 കുറ്റമാണ് താരം ചെയ്തിരിക്കുന്നതെന്നാണ് ക്രിക്കറ്റ് കൗൺസിൽ കണ്ടെത്തിയത്. എതിർ താരത്തിന് നേരേ അപകടകരമായ രീതിയിൽ പന്തോ മറ്റ് വസ്തുക്കളോ എറിയുന്നത് സംബന്ധിച്ച ചട്ടം ആർട്ടിക്കിൾ 2.9 ലാണ് പരാമർശിക്കുന്നത്. അർഷ്ദീപ് ചട്ടം ലംഘിച്ചെന്നും പിഴയ്ക്ക് പുറമേ ഒരു ഡീമെറിറ്റ് പോയിന്റും താരത്തിന് ചുമത്തിയതായി ഐസിസി അറിയിച്ചു.
മത്സരത്തിൽ കിവീസ് ഇന്നിങ്‌സിന്റെ 11-ാം ഓവറിലാണ് സംഭവം. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 102 റൺസെന്ന നിലയിലായിരുന്നു ന്യൂസീലൻഡ്. ടീമിനെ കരകയറ്റാൻ മിച്ചൽ ശ്രമിക്കുന്ന ഘട്ടമായിരുന്നു അത്. അർഷ്ദീപിന്റെ പന്ത് കൂറ്റനടിക്ക് ശ്രമിച്ചെങ്കിലും മിച്ചലിന് സാധിച്ചില്ല. അടിച്ച പന്ത് മൈതാനത്ത് കുത്തി നേരെ പേസറുടെ കൈകളിൽ തന്നെ വന്നു. ക്രീസ് വിട്ടുനിൽക്കുകയായിരുന്ന മിച്ചലിനെ റണ്ണൗട്ടാക്കാനായി അർഷ്ദീപ് സ്റ്റമ്പ് കണക്കാക്കി എറിഞ്ഞു. എന്നാൽ ലക്ഷ്യം പിഴച്ചു. പന്ത് കൊണ്ടത് കിവീസ് ബാറ്ററുടെ കാലിലായിരുന്നു. അതോടെ മിച്ചലിന്റെ ഭാവം മാറി. പെട്ടെന്ന് തന്നെ പ്രകോപിതനായി താരം അർഷ്ദീപിന് നേരെ നടന്നടുത്തു. കടുത്ത അതൃപ്തിയിൽ മിച്ചൽ താരത്തോട് ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് മിച്ചലിനോട് സംസാരിച്ച് വിഷയം തണുപ്പിച്ചു. അമ്പയറും വിഷയത്തിൽ ഇടപെട്ട് വിഷയം ഒത്തുതീര്‍പ്പാക്കി. എന്നാൽ, ഓവറിന് ശേഷം അർഷ്ദീപ് മിച്ചലിന്റെ അടുത്തുപോയി ഖേദപ്രകടനം നടത്തി. മാത്രമല്ല, മത്സരശേഷവും വിഷയം താരങ്ങൾ സംസാരിച്ചു. മിച്ചലിനോട് താൻ ഖേദപ്രകടനം നടത്തിയിരുന്നതായി അർഷ്ദീപ് പറഞ്ഞു. സ്റ്റമ്പിലേക്ക് എറിയാനാണ് താൻ ശ്രമിച്ചതെന്നും എന്നാൽ അവിചാരിതമായാണ് കിവീസ് ബാറ്ററുടെ ദേഹത്ത് കൊണ്ടതെന്നും അർഷ്ദീപ് വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ ഇതിനോടകം വൈറലായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.