5 December 2025, Friday

Related news

December 2, 2025
November 22, 2025
November 21, 2025
November 21, 2025
November 6, 2025
November 6, 2025
November 5, 2025
November 5, 2025
November 3, 2025
November 2, 2025

രണ്ടാം ദിനം തീര്‍ത്തു; പെര്‍ത്തില്‍ ത്രീ ലയണ്‍സ് ചാരം, രണ്ടാം ടെസ്റ്റ് ഡിസംബര്‍ നാലിന് ഗാബയില്‍

ഓസീസിന് എട്ട് വിക്കറ്റ് വിജയം
Janayugom Webdesk
പെര്‍ത്ത്
November 22, 2025 9:35 pm

രണ്ടാം ദിനം കളിതീര്‍ത്ത് ആഷസ് ടെസ്റ്റിലെ ആദ്യ മത്സരത്തില്‍ ഓസ്ട്രേലിയയ്ക്ക് ജയം. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ ഓസീസ് എട്ട് വിക്കറ്റിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 205 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടമാക്കിയാണ് ലക്ഷ്യത്തിലെത്തിയത്. ട്രാവിസ് ഹെഡിന്റെ സെഞ്ചുറിയാണ് ഓസീസിന് അനായാസ ജയം സമ്മാനിച്ചത്. ഹെഡ് 83 പന്തില്‍ 16 ഫോറും നാല് സിക്സറുമുള്‍പ്പെടെ 123 റണ്‍സ് നേടി പുറത്തായി. ട്രാവിസ് ഹെഡും അരങ്ങേറ്റക്കാരന്‍ ജെയ്ക് വെതറാള്‍ഡും ടീമിനെ 10-ാം ഓവറില്‍ തന്നെ അമ്പത് കടത്തി. ഹെഡ് സ്കോര്‍ വേഗം കൂട്ടിയതോടെ ഇംഗ്ലണ്ട് ബൗളര്‍മാര്‍ സമ്മര്‍ദ്ദത്തിലായി. 23 റണ്‍സെടുത്ത വെതറാള്‍ഡിനെ ബ്രൈഡന്‍ കഴ്സ് പുറത്താക്കി. ഇരുവരും ചേര്‍ന്ന് 75 റണ്‍സ് കൂട്ടിച്ചേര്‍ത്തു. മൂന്നാമനായെത്തിയ മാര്‍നസ് ലാബുഷെയ്നും ഹെഡും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി. ഇരുവരും 122 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇതോടെ ഓസീസ് വിജയത്തിനരികെയെത്തി. സ്കോര്‍ 192ല്‍ നില്‍ക്കെ ഹെഡ് മടങ്ങിയെങ്കിലും ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും (രണ്ട്) ലാബുഷെയ്നും ചേര്‍ന്ന് ഓസീസിനെ വിജയത്തിലേക്ക് നയിച്ചു. 

ആദ്യ ഇന്നിങ്സിലെ 40 റണ്‍സ് ലീഡിന്റെ ബലത്തില്‍ രണ്ടാം ഇന്നിങ്സിനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കത്തില്‍ സാക് ക്രൗളിയെ നഷ്ടമായെങ്കിലും പിന്നീട് കരുതലോടെ നീങ്ങിയ ഇംഗ്ലണ്ടിനെ സ്‌കോട്ട് ബോളണ്ടാണ് വിറപ്പിച്ചത്. സ്‌കോര്‍ ബോര്‍ഡ് തുറക്കും മുമ്പ് ക്രൗളിയെ വീണ്ടും നഷ്ടപ്പെട്ട ഇംഗ്ലണ്ടിന്റെ രണ്ടാം വിക്കറ്റ് കിട്ടാന്‍ ഓസീസിനു 65 റണ്‍സ് വരെ കാക്കേണ്ടി വന്നു. എന്നാല്‍ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ ഇംഗ്ലണ്ടിന് നഷ്ടമായതാണ് തിരിച്ചടിയായത്. ഒലി പോപ്പ് (33), ബെന്‍ ഡക്കറ്റ് (28) എന്നിവരാണ് പൊരുതി നിന്നത്. ജോ റൂട്ട് (8) വീണ്ടും നിരാശപ്പെടുത്തി. ഒന്നാം ഇന്നിങ്സില്‍ അര്‍ധ സെഞ്ചുറിയടിച്ച ഹാരി ബ്രൂക് ഇത്തവണ പൂജ്യത്തില്‍ മടങ്ങി. 37 റണ്‍സെടുത്ത ഗുസ് അറ്റ്കിന്‍സാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. നാലുവിക്കറ്റ് നേടിയ സ്‌കോട്ട് ബോളണ്ടും മൂന്നുവിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് കഥകഴിച്ചത്. ആദ്യ ഇന്നിങ്‌സിലെ ഏഴുവിക്കറ്റടക്കം സ്റ്റാര്‍ക്കിന് ടെസ്റ്റില്‍ ആകെ പത്തുവിക്കറ്റായി. ഇതോടെ ഇംഗ്ലണ്ട് സ്കോര്‍ 164 റണ്‍സിലൊതുങ്ങി.

നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇംഗ്ലണ്ട് 172 റണ്‍സിന് പുറത്തായിരുന്നു. ഏഴ് വിക്കറ്റ് എറിഞ്ഞിട്ട മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. അര്‍ധസെഞ്ചുറി നേടിയ ഹാരി ബ്രൂക്കാണ് ടോപ് സ്കോററായത്. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ താരം 61 പന്തില്‍ 52 റണ്‍സെടുത്തു. ഇം​ഗ്ലണ്ടിന് ആദ്യ ഇന്നിങ്സിൽ 32.5 ഓവർ മാത്രമാണ് പിടിച്ചുനിൽക്കാനായത്. 39 റൺസിനിടെ ഇം​ഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. സാക്ക് ക്രൗളി (പൂജ്യം), ബെന്‍ ഡക്കറ്റ് (21), ജോ റൂട്ട് (പൂജ്യം) മൂന്ന് പേരെയും സ്റ്റാര്‍ക്കാണ് മടക്കിയത്. അര്‍ധസെഞ്ചുറിക്കരികെ കാമറൂണ്‍ ഗ്രീനിന്റെ പന്തില്‍ പോപ്പ് എല്‍ബിഡബ്ല്യുവില്‍ കുരുങ്ങി. 58 പന്തില്‍ 46 റണ്‍സാണ് പോപ്പ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ ഓസീസിനെ 132 റണ്‍സിലൊതുക്കാന്‍ ഇംഗ്ലണ്ടിന് കഴിഞ്ഞു. ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് അഞ്ച് വിക്കറ്റ് നേടി. 26 റണ്‍സെടുത്ത അലക്സ് ക്യാരിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. കാമറൂണ്‍ ഗ്രീന്‍ (24), ട്രാവിസ് ഹെഡ് (21) എന്നിവരാണ് മറ്റു സ്കോറര്‍മാര്‍. ഇംഗ്ലണ്ടിന് 40 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് ലഭിച്ചിട്ടും അവസരം മുതലാക്കാന്‍ അവര്‍ക്കായില്ല. ഇതോടെ അഞ്ച് മത്സര പരമ്പരയില്‍ ഓസീസ് 1–0ന് മുന്നിലെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.