കനത്ത ചൂടിന് ആശ്വാസമായി വേനൽ മഴയെത്തിയെങ്കിലും പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില കുതിച്ച് ഉയരുന്നത് വെല്ലുവിളിയാകുന്നു. ഇന്നലെ ജില്ലയിലെ ഓട്ടോമാറ്റിക് റെയിൻ ഗേജ്ഡ് സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം വ്യവസായ നഗരമായ കളമശ്ശേരിയിലും പരിസരങ്ങളിലും പകൽ സമയങ്ങളിൽ അന്തരീക്ഷ താപനില 40. 2 ഡിഗ്രി സെൽഷ്യസിലേക്ക് ഉയർന്നു. ധാരാളം വ്യവസായ ശാലകളും നിരവധി സ്ഥാപനങ്ങളും ജനസാന്ദ്രതയുള്ളതുമായ നഗരമാണ് കളമശ്ശേരി. പകൽ സമയങ്ങളിൽ ചുട്ടുപൊള്ളുന്ന കാലാവസ്ഥയായിരുന്നു കളമശ്ശരിയിലും പരിസരങ്ങളിലും. പകൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസ് പിന്നിട്ടത് വലിയ തീപിടുത്തങ്ങൾക്ക് ഉൾപ്പെടെ കാരണമാകുമെന്ന ആശങ്കകൾ സൃഷ്ടിക്കുന്നുണ്ട്.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മറ്റ് ഓട്ടോമാറ്റിക് റെയിൻ ഗേജ്ഡ് സ്റ്റേഷനുകളിലെ കണക്കുകൾ പ്രകാരം കൂത്താട്ടുകുളത്തും ഇന്നലെ ചൂട് കൂടുതലായിരുന്നു. ഇവിടെ പകൽ സമയം 37.6 ഡിഗ്രി സെൽഷ്യസായിരുന്നു അന്തരീക്ഷ താപനില. ചൂണ്ടിയിൽ 35.6 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തിയപ്പോൾ മട്ടാഞ്ചേരിയിൽ 35.2,ആലുവയിൽ 34.4 ഡിഗ്രി സെൽഷ്യസുമായിരുന്നു പകൽ സമയങ്ങളിലെ അന്തരീക്ഷ താപനില. വേനൽ കടുത്തതോടെ പല ജില്ലകളിലും അൾട്രാവയലറ്റ് വികിരണത്തിന്റെ തോതും വർധിച്ചിരുന്നു. പകൽ സമയങ്ങളിൽ കടുത്ത ചൂട് അനുഭവപ്പെടുന്നുണ്ടെങ്കിലും വൈകീട്ടത്തോടെ ജില്ലയുടെ പലഭാഗങ്ങളിലും വേനൽ മഴ ശരാശരിയിൽ കൂടുതൽ ലഭിക്കുന്നത് ആശ്വാസം നൽകുന്നുണ്ട്. വേനൽ മഴയുടെ ലഭ്യത ജില്ലയിൽ 55 ശതമാനം അധികമാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. മാർച്ച് 1 മുതൽ ഇന്നലെ വരെ ജില്ലയിൽ സാധാരണയായി 32.5 മില്ലി മീറ്റർ മഴ ലഭിക്കേണ്ടിയിരുന്ന സ്ഥാനത്ത് 50. 3 മില്ലീ മീറ്റർ മഴ രേഖപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.