കയ്യിൽ മാരകായുധങ്ങളുമായി അവരെത്തും. താരതമ്യേന ഉറപ്പ് കുറഞ്ഞ അടുക്കള വാതിലുകൾ തകർത്തായിരിക്കും വീടിന്റെ അകത്ത് പ്രവേശിക്കുക. സ്‌ത്രീകളും കുട്ടികളും പ്രായമായവരും താമസിക്കുന്ന വീടുകൾ കേന്ദ്രികരിച്ചാണ് പ്രധാനമായും മോഷണം. എതിർത്താൽ ജീവനെടുക്കും, മലയാളികളുടെ പേടിസ്വപ്നമായി മാറുകയാണ് കുറവ സംഘം. മോഷണത്തിലൂടെ കുപ്രസിദ്ധി നേടിയ തമിഴ്‌നാട്ടിലെ തിരുട്ടുഗ്രാമത്തിൽ നിന്നാണ് കുറുവ സംഘത്തിന്റെ വരവ്. തിരുച്ചിറപ്പള്ളിക്ക് സമീപമുള്ള റാംജി നഗറാണ് തിരിട്ടു ഗ്രാമമെന്ന് അറിയപ്പെടുന്നത്. മോഷ്‌ടിക്കാനായി കൊല്ലാൻ പോലും മടിയില്ലാത്ത ആയുധധാരികളായ സംഘത്തിന് തമിഴ്‌നാട് ഇന്റിൽജെൻസ് ഒരു പേര് നൽകി ‘കുറുവ സംഘം’. കേരളത്തിലെ പല ജില്ലകളിലും ഇവരുടെ സ്വാധീനം ഉറപ്പായതോടെ മലയാളികളുടെ പേടിസ്വപ്നമായി കുറുവാസംഘം മാറുകയാണ്. കുറുവ സംഘത്തിലെ മോഷ്ടാക്കൾക്ക് കേരളത്തിലെ പല ഗ്രാമങ്ങളിലും സ്ഥിരം ഇടത്താവളങ്ങളും സഹായികളും ഉണ്ടെന്നാണ് ഇന്റിൽജെൻസ് റിപ്പോർട്ട്.
ആക്രി പെറുക്കിയും തുണിയും പ്ലാസ്റ്റിക്ക് പാത്രങ്ങൾ ഉള്‍പ്പെടെയുള്ള സാധനങ്ങൾ കച്ചവടം ചെയ്യാനെന്ന വ്യാജേനയും പകൽ ചുറ്റികറങ്ങി നടക്കുന്ന ഈ സംഘം പുരുഷൻമാരില്ലാത്ത വീടുകളാണ് മോഷണത്തിനായി തെരഞ്ഞെടുക്കുന്നത്. ഏത് ഇരുട്ടിലും ഇവർക്ക് ഒളിച്ചിരിക്കാൻ കഴിവുണ്ട്. വീടുകളിൽ കയറി സ്വർണവും പണവും മോഷ്ടിക്കും. എതിർക്കാൻ ശ്രമിക്കുന്നവരെ ആക്രമിക്കും. ആയുധംകാട്ടി സ്വർണവും പണവും കവരുന്നതാണ് പ്രധാന രീതി. സ്‌ത്രീകളുടെ ശരീരത്തിലെ ആഭരണങ്ങൾ മുറിച്ചെടുക്കുവാൻ പ്രത്യേക കത്രികകളും ഇവരുടെ കൈവശമുണ്ടാകും. കമ്പും വടിയും വാളുമെല്ലാം കയ്യിൽ കരുതും. ഇവരെ എതിർത്താൽ ജീവനെടുക്കാനും മടിക്കില്ല. വെറും മോഷ്ടാക്കളല്ല, അക്രമകാരികളായ മോഷ്ടാക്കളാണ് കുറുവ സംഘം. മുഖം മറച്ച്, ഷർട്ടും ലുങ്കിയും അരയിൽ തിരുകി നിക്കർ ധരിക്കും. ശരീരമാസകലം എണ്ണ തേച്ചാണ് ഇവർ വരിക. ആധുനിക സാങ്കേതിക വിദ്യയുടെ സൂക്ഷ്‌മമായ ഉപയോഗമാണ് ഇവരുടെ പ്രധാന സവിശേഷതയെന്ന് തമിഴ്‌നാട് പൊലീസ് പറയുന്നു.
തിരുട്ടുഗ്രാമവാസികൾക്ക് മോഷണം കുലത്തൊഴിലാണ്. മോഷ്ടിക്കുന്നത് അവർക്ക് ഒരു തെറ്റുമല്ല. 18 വയസുമുതൽ 60 വയസുവരെ ഉള്ളവർ സംഘത്തിലുണ്ടാകും. ഇവരെ മോഷണത്തിൽ നിന്നും പിൻമാറ്റാൻ തമിഴ്‌നാട് സർക്കാർ പല ഓഫറുകളും നൽകിയെങ്കിലും ഫലമുണ്ടായില്ല . പരമ്പരാഗതമായി കിട്ടിയ മോഷണ കലയിൽ നിന്നും പിൻമാറാൻ അവർ തയ്യാറല്ലായിരുന്നു . റാംജി നഗറിന് പിന്നാലെ ശിവഗംഗ , പനവടലി ഛത്രം , മധുരക്കടുത്ത ചില ഗ്രാമങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്കും തിരുട്ടുഗ്രാമം വളർന്നു .ഒടുവിൽ നാണക്കേട് ഭയന്ന് പനവടലി ചത്രത്തിലെ പുതുതലമുറ ഇനി മോഷണം നടത്തില്ലെന്ന് പരസ്യമായി പ്രതിജ്ഞ ചെയ്‌തു. പക്ഷെ തിരുട്ടുഗ്രാമങ്ങൾക്ക് തമിഴ്‌നാട്ടിൽ പിന്നീടും തുടർച്ചകൾ ഉണ്ടായത് ചരിത്രം . കേരള തമിഴ്‌നാട് അതിർത്തിയും കമ്പം , കോയമ്പത്തൂർ , മധുര , തഞ്ചാവൂർ എന്നിവിടങ്ങളിലെല്ലാം ഇവരുടെ താവളങ്ങൾ ഉണ്ടത്രേ.
കുറുവ സംഘങ്ങളുടെ ഇഷ്ടകേന്ദ്രമാണ് കേരളം. മലയാളികളുടെ സ്വർണത്തോടുള്ള അഭിനിവേശമാണ് ഇതിന് കാരണം. നന്നായി മലയാളം സംസാരിക്കാൻ അറിയുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്. മോഷണം നടത്തേണ്ട വീടുകൾ മാസങ്ങൾക്ക് മുൻപ് നിരീക്ഷിക്കും. മോഷണം ആസൂത്രണം ചെയ്‌താലുടൻ ദൂരെ സ്ഥലത്തേക്ക് താമസം മാറ്റും. പാലക്കാടും കോഴിക്കോടും ആലപ്പുഴയിലും എറണാകുളത്തുമെല്ലാം ഇവർ മോഷണം നടത്തിയതിന്റെ തെളിവുകൾ പൊലീസ് പുറത്തവിട്ടിരിന്നു
നടത്തിയതായാണ് സൂചനകൾ.
തിരുവനന്തപുരത്ത് നടന്ന ഒരു മോഷണക്കേസിലെ പ്രതികളെ തേടി തിരിട്ടുഗ്രാമത്തിൽ എത്തിയ കേരളാ പോലീസിലെ വരവേറ്റത് ആഡംബരം നിറഞ്ഞ മണിമാളികകൾ. വില കൂടിയ ടി വി, ഫർണീച്ചർ, എ സി,ഫ്രിഡ്ജ് , വാഷിങ് മെഷ്യൻ എന്നിവ എല്ലാ വീട്ടിലുമുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് മോഷ്ടിക്കുന്ന കൊള്ളമുതൽ ഇവർ തുല്യമായി വീതിക്കുമത്രേ. മോഷ്ട്ടാക്കളുടെ മക്കൾ പഠിക്കുന്നത് വലിയ സ്ഥാപനങ്ങളിലും. മോഷണ മുതലിന്റെ ഒരു ഭാഗം അമ്പലത്തിൽ വഴിപാടിനേയും ഇവർ ചിലവഴിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.