
മൂവാറ്റുപുഴയിൽ നിന്ന് മൂന്നാറിലേക്ക് പോകുന്നതു പോലെയുള്ള ലാഘവത്തോടെ റഷ്യയിലേക്കൊരു യാത്ര. ലക്ഷ്യം ഒന്നു മാത്രം. മനസിൽ ആരാധിക്കുന്ന ടോൾസ്റ്റോയിയുടെ ഭവനവും ശവകുടീരവും കാണണം, അന്ത്യദിനങ്ങളുടെ സ്പന്ദനമുള്ള മ്യൂസിയത്തിൽ പോകണം. ഭാഷയും ദിക്കുമറിയാതെ ഒറ്റയ്ക്കൊരു യാത്ര. മനസിൽ പതിഞ്ഞത് അവിസ്മരണീയ അനുഭവങ്ങൾ. മൂവാറ്റുപുഴയിലെ ചെറുകിട വ്യാപാരി പി എം ഷുക്കൂറിന് ആ യാത്ര ഒരു തീർത്ഥാടനം പോലെയായിരുന്നു…
പുസ്തകങ്ങൾ വായിച്ചതിന് പിതാവിന്റെ ശകാരവും ശാസനയും ഏറ്റുവാങ്ങേണ്ടി വന്ന കൗമാരവും യൗവനവും മൂവാറ്റുപുഴ പെരുമറ്റം സ്വദേശി ഷുക്കൂറിന്റെ മനസിലിന്നുമുണ്ട്. വല്ല കച്ചവടവും ചെയ്ത് നാലു കാശുണ്ടാക്കേണ്ട നേരത്താണ് അവന്റെയൊരു വായന എന്ന മട്ടിലായിരുന്നു പിതാവിന്റെ കണ്ണുരുട്ടൽ. ചുട്ടയടി കിട്ടിയ ദിവസങ്ങളുമുണ്ട്. എട്ട് മക്കളിൽ മൂത്തയാൾ എന്ന നിലയിലായിരുന്നു പിതാവിന്റെ ഉത്കണ്ഠ മുഴുവൻ. എന്നാൽ ബാപ്പ പൈനായിൽ മീരാൻ അറിയാതെ ഷുക്കൂറിന്റെ വായനയുടെ ലോകം വളർന്നു.
കിലോമീറ്റുകളോളം നടന്നും സൈക്കിൾ ചവിട്ടിയും വായനശാലകൾ തേടിപ്പിടിച്ചു. പുസ്തക ശേഖരമുള്ള സുഹൃത്തുക്കളുടെ വീടുകൾ കണ്ടെത്തി. ചെറിയ പ്രായത്തിൽ തന്നെ മലയാളത്തിലെ പല പ്രശസ്ത കൃതികളും വായിച്ചു. എന്നാൽ പലവട്ടം വായിച്ചിട്ടും ടോൾസ്റ്റോയിയുടെ ഇവാൻ ലിച്ചിന്റെ മരണവും യുദ്ധവും സമാധാനവും പോലെയുള്ള കൃതികൾ മനസിൽ മായാതെ നിന്നു. അക്കാലത്താണ് വേണു വി ദേശത്തിന്റെ പ്രിയപ്പെട്ട ലിയോ എന്ന ചെറുപുസ്തകം വായിക്കാനിടയായത്. അതോടെ ടോൾസ്റ്റോയ് കൃതികൾക്ക് പിന്നാലെയായി യാത്ര. അത് പിന്നീടൊരു ലഹരിയായി പടർന്നു. വായനശാലകളിൽ ലഭ്യമല്ലാത്തവ പ്രസാധകരെ കണ്ടെത്തി സ്വന്തമാക്കി. ചിലത് ഇന്റർനെറ്റിൽ തെരഞ്ഞ് കോപ്പിയെടുത്ത് പുസ്തകമാക്കി. തകഴിയും കേശവദേവും ബഷീറും കാരൂരും മുതൽ ചങ്ങമ്പുഴയും കടമ്മനിട്ടയും ചുള്ളിക്കാടുമൊക്കെ നിറഞ്ഞുനിന്ന മനസിലെ ഗ്രന്ഥപ്പുരയിൽ പിന്നെ അരങ്ങുവാണത് ലിയോ ടോൾസ്റ്റോയ് മാത്രം. സുഹൃത്തുക്കൾ മുഖേന സ്വന്തമാക്കിയ ടോൾസ്റ്റോയിയുടെ ഇംഗ്ളീഷ് കൃതികളും പഠനഗ്രന്ഥങ്ങളും വായിക്കാൻ മാത്രം ഇംഗ്ളീഷ് പ്രയാസപ്പെട്ടു പഠിച്ചു ഈ പത്താം ക്ലാസുകാരൻ. ഗുരു ഗൂഗിൾ മാത്രം.
ടോൾസ്റ്റോയ് കൃതികളുടെ വായനയിൽ മുഴുകിയ ദിനങ്ങളിലാണ് റഷ്യയിലെ ടോൾസ്റ്റോയിയുടെ ഭവനത്തെക്കുറിച്ചറിഞ്ഞത്. അതൊരു മ്യൂസിയമാണെന്നും സദാ സഞ്ചാരികളുടെ തിരക്കാണെന്നുമൊക്കെ കേട്ടതോടെ എങ്ങനെയും അവിടെ എത്തണമെന്നായി മോഹം. തടസം പറഞ്ഞാലും ഫലമില്ലെന്നറിയാവുന്ന ഭാര്യ ഷാജിതയ്ക്കും മക്കൾക്കും ശുഭയാത്ര നേരുകയല്ലാതെ വേറെ മാർഗമില്ലായിരുന്നു. ഓൺലൈനിലൂടെ വിസയടക്കമുള്ള കാര്യങ്ങൾ മക്കൾ ശരിയാക്കി. പണ്ട് കഷ്ടപ്പാടിന്റെ നാളുകളിൽ കുറച്ചു കാലം ഗൾഫിൽ ജോലി ചെയ്തതിനാൽ വിദേശയാത്രയുടെ പരിഭ്രമം തോന്നിയില്ല. മൂവാറ്റുപുഴയിൽ നിന്ന് മൂന്നാറിനു പോകുന്നതു പോലെയുള്ള ലാഘവത്തോടെ കഴിഞ്ഞ വർഷം ജൂൺ 13ന് ഷുക്കൂർ ടോൾസ്റ്റോയിയെ തേടിയുള്ള റഷ്യൻ യാത്ര ആരംഭിച്ചു. മോസ്കോ വിമാനത്താവളത്തിലെത്തിയാൽ ആരെ കാണണം, എവിടെ തങ്ങണം, എങ്ങോട്ട് പോകണം എന്നൊന്നുമറിയാതെയുള്ള ഒരു ഒറ്റയാൻ യാത്ര. മൂവാറ്റുപുഴയിലെ ഒരു ചെറിയ ബേക്കറിയിലെ വിറ്റുവരവല്ലാതെ വേറെ വരുമാനമൊന്നുമില്ലാത്തതിനാൽ ടൂർ ഏജൻസികളെ സമീപിക്കാനും നിന്നില്ല. വിമാനത്താവളത്തിനു പുറത്തിറങ്ങി വഴി ചോദിച്ചു നടന്നു. ഒരു ഇടത്തരം ഹോട്ടൽ കണ്ടെത്തി ആദ്യ നാല് ദിവസം മോസ്ക്കോ കാഴ്ചകളിൽ അലിഞ്ഞുചേർന്നു. ക്രെംലിൻ കൊട്ടാരവും വഴിയിൽ പലേടത്തും ലെനിന്റെ പ്രതിമകളും കമ്മ്യൂണിസ്റ്റ് മുദ്രകളുമൊക്കെ കണ്ടപ്പോൾ റഷ്യയുടെ പഴയ രാഷ്ട്രീയ ചിത്രം ഷുക്കൂറിന്റെ മനസിലേക്കെത്തി. യുഎസ്എസ്ആർ കാലത്തെ ഭൂഗർഭ റെയിൽവേയുടെ നിർമ്മിതിയെ അത്ഭുതത്തോടെയാണ് കണ്ടത്.
യാസ്നായ പോള്യാനയിലെ പ്രഭാതം
********************************
മാസങ്ങൾ മാത്രം ദൈർഘ്യമുള്ള സൗദി ജീവിതാനുഭവമുണ്ടെങ്കിലും റഷ്യയിൽ എത്തിയപ്പോൾ ആകെയൊരു അമ്പരപ്പ്. ചെറിയ ബാഗും തൂക്കി വിമാനത്താവളത്തിനു പുറത്തിറങ്ങി അറിയാവുന്ന ഇംഗ്ളീഷിൽ തട്ടിമുട്ടി വഴി ചോദിച്ചെങ്കിലും കേട്ടവരെല്ലാം വേറെ ഭാഷയിലാണ് പ്രതികരിച്ചത്. പിന്നീടാണ് ഷുക്കൂറിന് മനസിലായത്, ഭൂരിഭാഗം റഷ്യക്കാർക്കും റഷ്യൻ ഭാഷ മാത്രമേ വശമുള്ളൂ. പക്ഷേ ഷുക്കൂറിനെ ഭാഗ്യം തുണച്ചു. പാവം സഞ്ചാരിയുടെ ദയനീയാവസ്ഥ കണ്ടാവണം, ചിലർ വഴിയും ഹോട്ടലും പറഞ്ഞു കൊടുത്തു. സമീപത്തെ റെയിൽവെ സ്റ്റേഷനിലേക്ക് ടാക്സി പിടിച്ചു കൊടുക്കാനും ഒരു റഷ്യക്കാരൻ വന്നു. ഒരു മണിക്കൂർ യാത്രയുണ്ട് ഹോട്ടലിലേക്ക്. അവിടെ നിന്ന് വീണ്ടും തീവണ്ടിയിൽ ടുല നഗരത്തിലെ ടോൾസ്റ്റോയ് ഭവനമിരിക്കുന്ന യാസ്നായ പോള്യാന എന്ന എസ്റ്റേറ്റിലേക്കുള്ള യാത്ര. മൂടൽമഞ്ഞ് പുതച്ച ഒരു പ്രഭാതത്തിൽ അവിടെ എത്തിയപ്പോൾ താൻ കേട്ടറിഞ്ഞതിലുമപ്പുറം വിസ്മയാവഹമാണ് കാഴ്ചകളെന്ന് ബോധ്യമായി.
1100 ഏക്കറിൽ ഒരു ഗ്രാമം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വനത്തിനരികെ രണ്ട് നൂറ്റാണ്ടിന്റെ ചരിത്രമുറങ്ങുന്ന ടോൾസ്റ്റോയ് ഭവനം. വിഖ്യാത സാഹിത്യകാരന്റെ ഓർമ്മച്ചിത്രങ്ങൾ കണ്ടറിയാൻ സഞ്ചാരികളുടെ നീണ്ടനിര. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിൽ നിന്നുള്ളവരുണ്ട് അക്കൂട്ടത്തിൽ. യൂസ നദിയുടെ ഉപനദിയായ വോറോങ്ക മറികടന്നു വേണം ടോൾസ്റ്റോയിയുടെ തടി മേഞ്ഞ മൂന്നു നില വീട്ടിലെത്താൻ. തെളിനീരൊഴുകുന്ന ഈ ചെറു നദിയെക്കുറിച്ച് പല ടോൾസ്റ്റോയ് കൃതികളിലും പരാമർശമുള്ളത് ഷുക്കൂർ അപ്പോൾ ഓർത്തു. സൂര്യോദയത്തോടെ മഞ്ഞിന്റെ ആവരണം നീങ്ങി. ചെറിയ തണുപ്പുണ്ടെങ്കിലും ജൂണിലെ അന്തരീക്ഷം കേരളത്തിലേതു പോലെ തന്നെ. പൈൻ, ഓക്ക്, സ്പ്രൂസ്, ലാൻച്ച് എന്നിങ്ങനെയുള്ള മരങ്ങളാൽ സമ്പന്നമായ വനം അവിസ്മരണീയ ദൃശ്യാനുഭവമാണ് ഒരുക്കുന്നത്. ഭാഷ വശമില്ലാതെ തെക്കു വടക്ക് നടന്ന ഷുക്കൂറിന് അവിടെയും കിട്ടി സഹായികളെ. മൂന്നു നില കെട്ടിടത്തിലെ ഏറ്റവും താഴെയാണ് ടോൾസ്റ്റോയിയും ഭാര്യ സോഫിയയും മക്കളും താമസിച്ചിരുന്നത്. അവിടേയ്ക്ക് സഞ്ചാരികളെ വിലക്കിയിട്ടുണ്ട്.
മുകൾ നിലകളിൽ ടോൾസ്റ്റോയ് ഉപയോഗിച്ച മേശ, കട്ടിൽ, കസേര, സൈക്കിൾ, തയ്യൽ മെഷിൻ, കയ്യെഴുത്തു പ്രതികൾ, വസ്ത്രങ്ങൾ, ചായയുടെ സമോവാർ എന്നിവയെല്ലാമുണ്ട്. ഒരു നില മുഴുവൻ അദ്ദേഹത്തിന്റെ ഗ്രന്ഥ ശേഖരമാണ്. പക്ഷേ, തൊട്ടു നോക്കാൻ പോലും അനുവാദമില്ല. അത്രയും പവിത്രമായാണ് റഷ്യൻ സർക്കാർ ആ ഭവനത്തെ മ്യൂസിയമാക്കി പരിപാലിക്കുന്നത്. ലിയോ ടോൾസ്റ്റോയ് 1910 നവംബർ 20 ന് മരിക്കുന്നതിന് ഒരാഴ്ച മുമ്പുവരെ ഈ വീട്ടിലായിരുന്നു താമസം. ഇതിനടുത്തു തന്നെയാണ് ശവകുടീരവും . മ്യൂസിയത്തിൽ നിന്ന് വനമധ്യത്തിലൂടെ അരമണിക്കൂർ നടന്നാൽ അവിടെ എത്താം. ആർഭാട ജീവിതം ഉപേക്ഷിച്ച് അവസാന നാളുകളിൽ കർഷകനായി ജീവിച്ച ടോൾസ്റ്റോയിയുടെ ശവകുടീരവും അനാർഭാടമായാണ് സംരക്ഷിക്കുന്നത്. പുല്ലും വള്ളിപ്പടർപ്പുകളും വെട്ടിമാറ്റി വൃത്തിയായി സൂക്ഷിക്കുന്ന ഒരു മൺകൂന മാത്രം. അവിടെയുമുണ്ട് നിത്യേന ആയിരക്കണക്കിന് സഞ്ചാരികൾ. ടോൾസ്റ്റോയിയും ഭാര്യയും ജീവിത ദർശനങ്ങളിൽ ഭിന്ന ഭിന്നധ്രുവങ്ങളിലായിരുന്നതിനാൽ സോഫിയയുടെയും മക്കളുടെയും ശവക്കല്ലറകൾ എസ്റ്റേറ്റിനു വെളിയിലാണ്. താല്പര്യമുളളവർക്ക് അവിടെയും പോകാം.
മരണം കാത്തിരുന്ന അസ്റ്റ പോവോ
***********************************
ഭാര്യ സോഫിയ അറിയാതെ വീടു വിട്ടിറങ്ങി ആത്മീയത തേടിയുള്ള ഒരു യാത്രയ്ക്കിടെ യാസ്നായ പോള്യാനയിൽ നിന്ന് 80 മൈൽ അകലെയുള്ള അസ്റ്റ പോവോ റെയിൽവേ സ്റ്റേഷനിൽ വച്ചായിരുന്നു ടോൾസ്റ്റോയിയുടെ മരണം. ന്യൂമോണിയ ബാധിച്ച് സ്റ്റേഷൻ മാസ്റ്ററുടെ ക്വാർട്ടേഴ്സിൽ കഴിഞ്ഞ ടോൾസ്റ്റോയ് അവിടെ മരണത്തിന് കീഴടങ്ങി. മോസ്കോയിൽ നഗരം ചുറ്റിയ ദിനങ്ങളിൽ അവിടുത്തെ ടോൾസ്റ്റോയ് മ്യൂസിയം സന്ദർശിച്ച ഷുക്കൂറിന് അസ്റ്റ പോവോയിൽ കൂടി പോയില്ലെങ്കിൽ യാത്ര പൂർണമാവില്ലെന്നൊരു തോന്നൽ. യാസ്നായ പോള്യാനയിൽ നിന്ന് ഹോട്ടൽ മുറിയിലെത്തി റിസപ്ഷനിലുണ്ടായിരുന്ന യുവ സുന്ദരി മിളയോട് കാര്യം പറഞ്ഞപ്പോൾ ടാക്സി ചാർജ് മാത്രം 10000 റൂബിൾ വേണ്ടി വരുമെന്നുറപ്പായി. ഷുക്കൂറിന്റെ മുഖഭാവം ശ്രദ്ധിച്ച മിള 5000 റൂബിൾ സഹായിക്കാമെന്നേറ്റു. പിറ്റേന്ന് രാവിലെ അസ്റ്റ പോവോ യാത്ര.
നൂറു വർഷം മുമ്പത്തെ റെയിൽവേ സ്റ്റേഷന്റെ രൂപമെല്ലാം മാറി. ഇപ്പോൾ അതുവഴി തീവണ്ടി സർവീസുകളുമില്ല. സർക്കാർ അതൊരു പൈതൃക സ്മാരകമാക്കി മാറ്റി. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും അസ്റ്റ പോവോയിൽ നിന്ന് ഗ്രാമീണാന്തരീക്ഷം മാഞ്ഞിട്ടില്ല. ടോൾസ്റ്റോയ് അന്ത്യനിമിഷങ്ങൾ ചെലവിട്ട സ്റ്റേഷൻ മാസ്റ്ററുടെ ക്വാർട്ടേഴ്സ് ഇപ്പോൾ മ്യൂസിയമാണ്. പുസ്തകങ്ങളും ടോൾസ്റ്റോയിയുടെ ഇതര വസ്തുവകകളും അവിടെ കാണാം. യാസ്നായ പോള്യാനയിൽ പ്രവേശന ഫീസ് 500 റൂബിളാണെങ്കിൽ അസ്റ്റ പോവോയിൽ 200 റൂബിളാണ്. റഷ്യയിലെ ഒരു പ്രഭു കുടുംബത്തിൽ സമ്പന്നതയിൽ വളർന്ന് ജീവിതാന്ത്യത്തിൽ ആത്മീയ ചിന്തയിലാണ്ട് കർഷകർക്കിടയിൽ ജീവിച്ച ടോൾസ്റ്റോയിയുടെ ജീവിതമുദ്രയായി അരിവാളും കതിർമണികളുമൊക്കെ അവിടെ ചിത്രീകരിച്ചു വച്ചിട്ടുണ്ട്. പുഷ്കിൻ, ദസ്തയേവ്സ്കി, ആന്റൺ ചെക്കോവ്, മാക്സിം ഗോർക്കി, സെർജി യെസനിൻ എന്നിങ്ങനെ നീളുന്ന റഷ്യൻ പ്രതിഭകളുടെ മണ്ണിലൂടെ സഞ്ചരിച്ച് ടോൾസ്റ്റോയിയുടെ ഓർമ്മകളിലലിഞ്ഞ് മടങ്ങിയ ഷുക്കൂർ അദ്ദേഹത്തിന്റെ ജീവിത ദർശനത്തെക്കുറിച്ചുള്ള പഠനത്തിലാണ്. പെരുമ്പടവം, ചങ്ങമ്പുഴ, സേതു എന്നിവരുടെ രചനകളെ ആസ്പദമായി പഠന കൃതികൾ പ്രസിദ്ധീകരിച്ചിട്ടുള്ള ഷുക്കൂർ ടോൾസ്റ്റോയ് പഠനം സമഗ്രമാക്കാൻ ഒരു വട്ടം കൂടി റഷ്യ കാണാനുള്ള തയ്യാറെടുപ്പിലാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള് ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.