12 April 2025, Saturday
KSFE Galaxy Chits Banner 2

Related news

April 12, 2025
April 12, 2025
April 12, 2025
April 11, 2025
April 10, 2025
April 8, 2025
April 7, 2025
April 6, 2025
April 3, 2025
April 3, 2025

വയനാട് ദുരന്തം: മരണം 296; ഇനിയും കണ്ടെത്താന്‍ 240 പേര്‍

Janayugom Webdesk
കല്പറ്റ/ തിരുവനന്തപുരം
August 1, 2024 9:14 pm

കേരളത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ പ്രതീക്ഷ കൈവിടാതെ തിരച്ചില്‍ നാളെ നാലാം ദിനത്തിലേക്ക്. വഴിമുടക്കിയ പുഴയ്ക്കു കുറുകെ ബെയ്‌ലി പാലം പൂര്‍ത്തിയായതോടെ കൂടുതല്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാകുമെന്നാണ് കരുതുന്നത്. പ്രവേശനം ദുര്‍ഘടമായിരുന്ന മുണ്ടക്കൈ, ഇന്ന് മാത്രം എത്തിച്ചേരാനായ പുഞ്ചിരി മട്ടം തുടങ്ങിയ പ്രദേശങ്ങളില്‍ നാളെ സര്‍വ സന്നാഹങ്ങളോടെ തിരച്ചില്‍ നടക്കും.
വലിയ കെട്ടിടങ്ങള്‍ക്കടിയിലും പാറക്കൂട്ടങ്ങള്‍ക്കിടയിലും പെട്ടവരെ വീണ്ടെടുക്കാന്‍ ശ്രമകരമായ രക്ഷാദൗത്യങ്ങള്‍ വേണ്ടിവരും. ഇന്നലെ വൈകുന്നേരത്തോടെയാണ് സൈന്യം പാലം നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. ഇതോടെ കൂടുതൽ മണ്ണുമാന്തി യന്ത്രങ്ങളും മറ്റ് സജ്ജീകരണങ്ങളും എത്തിക്കാനാകും. മൃതദേഹങ്ങള്‍ കണ്ടെത്തിയ ചാലിയാറിന്റെ 40ലധികം കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഹെലികോപ്റ്റര്‍, ബോട്ടുകള്‍ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പരിശോധനയും ഇന്ന് നടക്കും.

ഇന്ന് രാവിലെയാണ് ഉരുള്‍പൊട്ടലിന്റെ പ്രഭവസ്ഥാനമായ പുഞ്ചിരിമട്ടത്തേക്ക് രക്ഷാപ്രവര്‍ത്തകരും സേനാംഗങ്ങളുമെത്തിയത്. മലയില്‍ ആള്‍പ്പാര്‍പ്പുള്ള സ്ഥലത്തുനിന്നും ഒരു കീലോമീറ്റര്‍ മുകളിലാണ് ഉരുള്‍പൊട്ടിയത്. ഇവിടെ 70 മീറ്ററോളം ആഴത്തില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഇവിടെനിന്ന് വന്‍പാറക്കല്ലുകളും മണ്ണും ജലപ്രവാഹവും താഴേക്കൊഴുകിയാണ് മുണ്ടക്കൈയെയും ചൂരല്‍മലയെയും തുടച്ചുനീക്കിയത്. ഉണ്ടായിരുന്ന വീടുകളും പാടികളും തുടച്ചുനീക്കപ്പെട്ടതോടെ പുഞ്ചിരിമട്ടം തരിശായ നിലയിലാണിപ്പോള്‍. മുന്നറിയിപ്പിനെത്തുടര്‍ന്ന് ഒട്ടേറെപ്പേര്‍ മാറിത്താമസിച്ചെങ്കിലും പലരെയും കണ്ടെത്താനുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

മണ്ണുമാന്തിയന്ത്രങ്ങള്‍ എത്തിച്ച്, മുണ്ടക്കൈ മേഖലയിലായിരുന്നു ഇന്നലെ പ്രധാനമായും തിരച്ചിൽ നടത്തിയത്. ഡോഗ് സ്ക്വാഡും സേനാവിഭാഗങ്ങളും രക്ഷാപ്രവർത്തകരും കനത്ത മഴയെ അവഗണിച്ച് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് മരണസംഖ്യ 296 ആയി. ഇതില്‍ 81 പുരുഷൻമാരും 70 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടുന്നു. 98 പേരെ ബന്ധുക്കൾ തിരിച്ചറിഞ്ഞു. 240 പേരെ ഇനിയും കണ്ടെത്താനുണ്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം 92 ശരീരഭാഗങ്ങൾ ഉൾപ്പെടെ 252 മൃതദേഹങ്ങളാണ് ഇന്നലെ വരെ പോസ്റ്റുമോർട്ടം നടത്തിയത്. 234 പേരെ ആശുപത്രികളിൽ എത്തിച്ചു. ഇതിൽ 92 പേർ ചികിത്സയിൽ തുടരുന്നു. 142 പേരെ ചികിത്സക്ക് ശേഷം ക്യാമ്പുകളിലേക്ക് മാറ്റി. വയനാട്ടിൽ 87പേരും മലപ്പുറത്ത് അഞ്ചുപേരുമാണ് ചികിത്സയിലുള്ളത്.

ചൂരല്‍മലയില്‍ നിന്നും മുണ്ടക്കൈയിലേക്ക് സ്ഥിരം പാലം നിര്‍മ്മിക്കുന്നതുവരെ ബെയ്‌ലി പാലം അവിടെത്തന്നെ ഉണ്ടാകുമെന്ന് സേനാ നടപടികള്‍ക്ക് നേതൃത്വം നല്‍കുന്ന ജനറൽ ഓഫിസർ കമാന്റിങ് മേജർ ജനറൽ വി ടി മാത്യു അറിയിച്ചു. വയനാട് കളക്ടറേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തിനും ഉദ്യോഗസ്ഥതല യോഗത്തിനും മുഖ്യമന്ത്രി നേതൃത്വം നല്‍കി. പ്രതിസന്ധി തരണം ചെയ്യാന്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷം ഉറപ്പു നല്‍കി. മന്ത്രിമാരായ കെ രാജൻ, എ കെ ശശീന്ദ്രൻ, രാമചന്ദ്രൻ കടന്നപ്പള്ളി, വി എൻ വാസവൻ, കെ കൃഷ്ണൻകുട്ടി, മുഹമ്മദ് റിയാസ്, പി പ്രസാദ്, റോഷി അഗസ്റ്റിൻ, ഒ ആർ കേളു, വീണാ ജോർജ്, ചീഫ് സെക്രട്ടറി ഡോ. വി വേണു എന്നിവരും യോഗങ്ങളില്‍ പങ്കെടുത്തു. ദുരിതാശ്വാസ ക്യാമ്പുകളിലും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തി. മന്ത്രി ജെ ചിഞ്ചുറാണി, സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ആനി രാജ, എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാര്‍ എംപി, പി പി സുനീര്‍ എംപി, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും ഇന്ന് ദുരന്തമേഖലയിലെത്തി.

10 കുടുംബങ്ങൾക്ക് എഐവൈഎഫ് വീട് നല്‍കും

വയനാടിനെ വീണ്ടെടുക്കാൻ എഐവൈഎഫ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്ക് വീട് നിര്‍മ്മിച്ച് നൽകും. സർക്കാർ പ്രഖ്യാപിക്കുന്ന പാക്കേജുകൾക്കൊപ്പം തന്നെ ഇത് പൂർത്തീകരിക്കുമെന്നും സംസ്ഥാന പ്രസിഡന്റ് എൻ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും വയനാട് ചൂരൽ മലയിൽ രക്ഷാപ്രവർത്തനത്തിനിടെ മാധ്യമങ്ങളോട് പറഞ്ഞു. ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക് ആദ്യഘട്ടത്തിൽ ഡിവൈഎഫ്ഐ 25 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ്, പ്രസിഡന്റ് വി വസീഫ് എന്നിവർ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.

Eng­lish Sum­ma­ry: death 296; Search­ing in adverse weath­er con­di­tions, Mundakai and Asmilmatta
You may also like this video

YouTube video player

TOP NEWS

April 12, 2025
April 12, 2025
April 11, 2025
April 11, 2025
April 11, 2025
April 10, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.