
ആരവല്ലി മലനിരകളുടെ നിർവചനത്തിൽ മാറ്റം വരുത്തിയുള്ള സുപ്രീം കോടതി വിധി ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന പർവതനിരയുടെ നാശത്തിന് വഴിവയ്ക്കുമെന്ന് പരിസ്ഥിതി വിദഗ്ധർ. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ശുപാർശ ചെയ്തതും സുപ്രീം കോടതി അംഗീകരിച്ചതുമായ പുതിയ മാനദണ്ഡങ്ങൾ പ്രകാരം, 90 ശതമാനത്തിലധികം മലനിരകളും സംരക്ഷിത പട്ടികയിൽ നിന്ന് പുറത്താകും. ഇത് വൻതോതിലുള്ള ഖനനത്തിന് വഴിയൊരുക്കുമെന്നാണ് ആശങ്ക.
2025 നവംബർ 20‑നാണ് സുപ്രീം കോടതി നിർണായകമായ വിധി പുറപ്പെടുവിച്ചത്. പുതിയ നിർവചനപ്രകാരം ‘ആരവല്ലി മലനിരകൾ’ എന്ന് വിളിക്കപ്പെടണമെങ്കിൽ പ്രാദേശികമായ ഭൂനിരപ്പിൽ നിന്ന് 100 മീറ്ററോ അതിൽ കൂടുതലോ ഉയരം ഉണ്ടായിരിക്കണം. ഈ 100 മീറ്റർ പരിധിക്ക് താഴെയുള്ള കുറ്റിച്ചെടികൾ നിറഞ്ഞ കുന്നുകൾ, പുൽമേടുകൾ, വരമ്പുകൾ എന്നിവയെല്ലാം ഇനി മുതൽ ആരവല്ലിയുടെ ഭാഗമായി പരിഗണിക്കപ്പെടില്ല.
വടക്കുപടിഞ്ഞാറൻ ഇന്ത്യയിൽ 692 കിലോമീറ്ററിലായി വ്യാപിച്ചുകിടക്കുന്ന ഈ പർവതനിര ഡൽഹി-എൻസിആർ ഉൾപ്പെടെയുള്ള പ്രദേശങ്ങളുടെ ‘ഹരിത ശ്വാസകോശം’ എന്നാണ് അറിയപ്പെടുന്നത്. പുതിയ വിധി നടപ്പിലാകുന്നതോടെ നിരവധി പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത് എന്നിവിടങ്ങളിൽ അനധികൃത ഖനനം ആരവല്ലിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സംരക്ഷിത പദവി നഷ്ടപ്പെടുന്നതോടെ നിയമപരമായിത്തന്നെ ഈ പ്രദേശങ്ങളിൽ ഖനനം നടത്താൻ സാധിക്കും. താർ മരുഭൂമിയിൽ നിന്നുള്ള പൊടിക്കാറ്റിനെ തടഞ്ഞുനിർത്തുന്ന പ്രകൃതിദത്ത മതിലായിട്ടാണ് ആരവല്ലി നിലകൊള്ളുന്നത്. മലനിരകൾ നശിക്കുന്നതോടെ രാജസ്ഥാൻ, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേക്ക് മരുഭൂമി വ്യാപിക്കാനും അന്തരീക്ഷ മലിനീകരണം രൂക്ഷമാകാനും കാരണമാകും. പ്രകൃതിദത്തമായ ജലസംഭരണികളാണ് ആരവല്ലി കുന്നുകൾ. ഒരു ഹെക്ടറിൽ ഏകദേശം 20 ലക്ഷം ലിറ്റർ ഭൂഗർഭജലം റീചാർജ് ചെയ്യാൻ ഇവയ്ക്ക് ശേഷിയുണ്ട്. കുന്നുകൾ ഇല്ലാതാകുന്നത് വടക്കുപടിഞ്ഞാറൻ ഇന്ത്യയിലെ ജലലഭ്യതയെ സാരമായി ബാധിക്കും. പുള്ളിപ്പുലികൾ, കുറുക്കന്മാർ, വിവിധയിനം പക്ഷികൾ തുടങ്ങി വംശനാശഭീഷണി നേരിടുന്ന ഒട്ടേറെ ജീവികളുടെ ആവാസകേന്ദ്രമാണ് ഇവിടം.
പീപ്പിൾ ഫോർ ആരവല്ലീസ് എന്ന സംഘടന 2025 മേയ് മാസത്തിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, ഹരിയാനയിലെ ചർഖി ദാദ്രി, ഭിവാനി തുടങ്ങിയ ജില്ലകളിലെ മലനിരകൾ ഖനനം മൂലം വലിയ തോതിൽ നശിപ്പിക്കപ്പെട്ടുകഴിഞ്ഞു. ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല. മഹേന്ദർഗഡ് ജില്ലയിൽ ഭൂഗർഭജല നിരപ്പ് 1500 അടിയിലും താഴെയായി. രാജ്യത്ത് ഏറ്റവും കുറവ് വനപ്രദേശമുള്ള സംസ്ഥാനങ്ങളിലൊന്നാണ് ഹരിയാന. പുതിയ വിധി വരുന്നതോടെ സംസ്ഥാനത്തെ വനവിസ്തൃതി ഇനിയും കുറയും. ഡൽഹിയിലെ വായു മലിനീകരണം നിയന്ത്രിക്കുന്നതിലും കാലാവസ്ഥാ വ്യതിയാനം തടയുന്നതിലും നിർണായക പങ്കുവഹിക്കുന്ന ആരവല്ലി മലനിരകളുടെ സംരക്ഷണം ഉറപ്പാക്കിയില്ലെങ്കിൽ വരുംതലമുറ വലിയ വില നൽകേണ്ടി വരുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.