
തിരുവനന്തപുരത്തെ ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ സുകാന്ത് സുരേഷ് കീഴടങ്ങി. കൊച്ചി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലാണ് പ്രതി കീഴടങ്ങിയത്. ഹൈക്കോടതി സുകാന്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് ഐബി ഉദ്യോഗസ്ഥയുടെ മരണത്തിനുശേഷം രണ്ടു മാസത്തോളം ഒളിവില്‍ കഴിഞ്ഞ ശേഷമാണ് സുകാന്തിന്റെ കീഴടങ്ങല്‍. ഇക്കഴിഞ്ഞ മേയ് 22ന് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നതുവരെ സുകാന്തിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. ഇന്ന് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതോടെ പൊലീസ് അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് കീഴടങ്ങിയതെന്നാണ് സൂചന. സുകാന്തിന്റെ അച്ഛനെയും അമ്മയേയും കഴിഞ്ഞ മാസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സുകാന്തിനെ കണ്ടെത്താനാകാത്ത സാഹചര്യത്തിലായിരുന്നു പൊലീസിന്റെ നീക്കം. ഇവര്‍ പ്രതികളല്ലെന്നും ചോദ്യം ചെയ്യാനാണ് കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. സുകാന്തിനൊപ്പം ഇവരും ഒളിവിലായിരുന്നു. ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയില്‍ സുകാന്ത് സുരേഷിനെതിരെ ബലാത്സംഗ കുറ്റം അടക്കം ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ലൈംഗിക പീഡനത്തിന് തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് നടപടി. മാര്‍ച്ച് 24നാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും ജോലി കഴിഞ്ഞ് പുറത്തിറങ്ങിയ ഐബി ഉദ്യോഗസ്ഥയെ തീവണ്ടി തട്ടി മരിച്ചനിലയില്‍ കണ്ടെത്തിയത്. സുകാന്തുമായുള്ള ബന്ധത്തിലുണ്ടായ തകര്‍ച്ചയാണ് മകളെ ആത്മഹത്യയിലേക്ക് തള്ളിവിട്ടതെന്നാണ് കുടുംബത്തിന്റെ പരാതി. ഉദ്യോഗസ്ഥ മരിച്ചതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് സുകാന്ത് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി. ഇതിനു പിന്നാലെയാണ് സുകാന്ത് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. പുറത്തുവന്ന തെളിവുകൾ മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും അന്വേഷണം പൂർത്തിയാകേണ്ടതുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. സ്നേഹത്തിന്റെ പേരിൽ യുവതിയെ പ്രതി മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്തുവെന്നും ഹൈക്കോടതി പറഞ്ഞു. ആത്മഹത്യക്ക് പ്രേരിപ്പിച്ചതിന് വാട്സ് ആപ്പ് ചാറ്റുകൾ തെളിവുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്ന് കോടതി നിർദേശിച്ചു. സുകാന്ത് യുവതിയോട് ആത്മഹത്യ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും മരിക്കുന്ന തീയതി ചോദിച്ച് നിരന്തരം ശല്യപ്പെടുത്തിയെന്നും തെളിയിക്കുന്ന ചില ചാറ്റിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഫെബ്രുവരി ഒമ്പതിന് ടെലിഗ്രാമിലൂടെ ഇരുവരും നടത്തിയ ചാറ്റിന്റെ വിവരങ്ങളാണ് പൊലീസ് വീണ്ടെടുത്തത്. സുകാന്തിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം നിലനിൽക്കുമെന്നതിന്റെ തെളിവുകൂടിയാകുകയാണ് നിർണായകമായ ഈ ചാറ്റ് വിവരങ്ങൾ. സുകാന്ത് ചാറ്റ് ഡിലീറ്റ് ചെയ്തിരുന്നുവെങ്കിലും പൊലീസ് ചാറ്റുകൾ വീണ്ടെടുത്തു. മരിക്കുന്നത് എന്നാണെന്ന് ഇയാൾ നിരന്തരം ചോദിച്ചതിന് പിന്നാലെ താൻ ഓഗസ്റ്റ് ഒമ്പതിന് മരിക്കുമെന്ന് ഐബി ഉദ്യോഗസ്ഥ മറുപടി നൽകിയതായും ചാറ്റുകളിൽ നിന്ന് വ്യക്തമായി. വിശദമായ ഫോറൻസിക് പരിശോധനയും നടന്നുവരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.