രാഷ്ട്രത്തിന് ചിന്താ ജീര്‍ണത പിടികൂടിയിരിക്കുകയാണെന്നും സര്‍ഗാത്മക ചര്‍ച്ചക്കും സംവാദത്തിനുമൊന്നും ആര്‍ക്കും നേരമില്ലെന്നും സി പി ഐ സംസ്ഥാന കൗണ്‍സിലംഗം അജിത് കൊളാടി. ജോയിന്റ് കൗണ്‍സില്‍ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഫെഡറലിസത്തിന്റെ തകർച്ചയും, ഇന്ത്യൻ ഭരണഘടനയും എന്ന വിഷയത്തിൽ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
85 ശതമാനം ഇന്ത്യക്കാരും ഇന്ത്യന്‍ ഭരണഘടന വായിക്കാത്തവരാണ്. വൈജ്ഞാനികമേഖലയിലൂടെ സഞ്ചരിച്ചവരായിരുന്നു നമ്മുടെ പൂര്‍വ്വികരായ നേതാക്കളെല്ലാവരും. എന്നാല്‍ ഇന്ന് നേതാവാകണമെങ്കില്‍ ഒന്നും വായിക്കാന്‍ പാടില്ല എന്ന അവസ്ഥയിലെത്തിയിരിക്കുന്നു. ഒരു പുസ്തകം പോലും തൊടാത്തവരാണ് പത്ത് വര്‍ഷമായി നമ്മെ ഭരിക്കുന്നത്. പക്ഷെ ആരും ഒന്നും പ്രതികരിക്കുന്നതില്ല. ആശയങ്ങളെകുറിച്ച് ആര്‍ക്കും പറയാനില്ല. സ്ഥാനങ്ങളെ കുറിച്ച് മാത്രമെ എല്ലാവരും സംസാരിക്കുന്നുള്ളു. ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ പലതും രാജ്യത്ത് ലംഘിക്കപ്പെട്ടുകൊണ്ടിരിക്കുമ്പോഴും ആരും പ്രതികരിക്കുന്നില്ല. ആര്‍ക്കും സമരവീര്യമില്ല, പ്രതിജ്ഞാബദ്ധതയില്ല. പിന്നെ ഭരണഘടനയ്ക്കും ജനാധിത്യപത്തിനുമൊക്കെ എന്ത് പ്രസക്തിയാണ്. സ്വാര്‍ത്ഥതയും സ്വജനപക്ഷപാതവും അരങ്ങുതകര്‍ക്കുകയാണ്. ഭരണഘടനാവിരുദ്ധരുടെ ഏറ്റവും വലിയ ലക്ഷ്യം വ്യത്യസ്തമായി അഭിപ്രായം പറയുന്നവരെ ശബ്ദിക്കുന്നവരെ ഇല്ലാതാക്കുകയെന്നതാണ്. ആ ലക്ഷ്യം നടപ്പിലാക്കി കഴിഞ്ഞു. എല്ലാവരിലും ഭയം വിതറി ഫാസിസ്റ്റുകാര്‍ വായടിപ്പിച്ചു. കുറച്ചെങ്കിലും പ്രതികരിച്ചത് കമ്മ്യുണിസ്റ്റുകാരായിരുന്നു. അവരും പിറകോട്ട് പോയികൊണ്ടിരിക്കുകയാണ്. വായിക്കാതെ വിപ്ലവം വരികയില്ല. മനുഷ്യ മസ്തിഷ്കത്തിലേക്ക് എങ്ങനെ ചിന്തകളെ ഇറക്കിവിടണമെന്ന് ഫാസിസ്റ്റുകള്‍ക്ക് കൃത്യമായി അറിയാം. അതുകൊണ്ടാണ് അവര്‍ വാത്മീകി രാമായണത്തിലെ രാമന് പകരം ഫാസിസ്റ്റുകാരുടെ രാമനെ അവര്‍ അവതരിപ്പിക്കുന്നത്. ഇതൊക്കെ പറഞ്ഞുകൊടുക്കേണ്ടവരാണ് കമ്മ്യുണിസ്റ്റുകാര്‍. സര്‍ക്കാര്‍ ഉദ്യോഗവും സംഘടാനപ്രവര്‍ത്തനവും മാത്രമല്ല ആശയ പ്രബോധനവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.