
കേരളത്തിന്റെ നേട്ടങ്ങള്‍ അംഗീകരിക്കാനുള്ള മടി കാരണം വിഡ്ഢിത്തം വിളിച്ചുപറഞ്ഞ് എയറിലായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഇന്നലെ വീണ്ടും അതേ വാദം ആവര്‍ത്തിച്ച് രംഗത്തെത്തി. കേരളത്തില്‍ ശിശുമരണ നിരക്ക് കുറയാന്‍ കാരണം യുവാക്കള്‍ വിദേശത്തേക്ക് പോകുന്നതുകൊണ്ടാണ് എന്നായിരുന്നു രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞത്. “ഒരു രാഷ്ട്രീയ നേതാവ് പോഡ്കാസ്റ്റില്‍ ഇരുന്ന് വളരെ അഭിമാനത്തോടെ പറയുകയാണ്, കേരളത്തില്‍ ശിശുമരണ നിരക്ക് വളരെ കുറവാണെന്ന്. നല്ലതാണ്. പക്ഷെ, അതിന്റെ വസ്തുത നമ്മള് മനസിലാക്കിയിട്ടുണ്ടോ? ഏറ്റവും കൂടുതല്‍ യൂത്ത് മൈഗ്രേഷന്‍ കേരളത്തിലാണ്. യൂത്ത് അല്ലേ കുട്ടികളെ ഉണ്ടാക്കുന്നത്. അപ്പോള്‍ കുട്ടികളെ ഉണ്ടാക്കുന്ന യൂത്ത് ഇവിടുന്ന് മൈഗ്രേറ്റ് ചെയ്യുകയാണെങ്കില്‍ ശിശുമരണ നിരക്ക് കുറയുമല്ലോ” എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ വാക്കുകള്‍.
ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് പരിഹാസവുമായി രംഗത്തെത്തിയത്. എണ്ണവും നിരക്കും തമ്മിലുള്ള വ്യത്യാസം അറിയാത്തവരോട് പറഞ്ഞിട്ട് കാര്യമില്ലെന്ന് പലരും പ്രതികരിച്ചു. ഒരു പ്രദേശത്ത് ജനിക്കുന്ന 1000 കുഞ്ഞുങ്ങളില്‍ ഒരു വയസ് തികയുന്നതിന് മുമ്പേ മരിച്ച കുഞ്ഞുങ്ങളുടെ എണ്ണമാണ് ശിശുമരണനിരക്ക് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ശിശുമരണനിരക്ക് കേരളത്തില്‍ അഞ്ച് ആണ്. അതേസമയം, ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇതിന്റെ ആറും ഏഴും ഇരട്ടിയാണ് ശിശുമരണ നിരക്ക്. ഇന്ത്യയിലെ സംസ്ഥാനങ്ങളില്‍ വിദേശത്തേക്ക് പോകുന്നവരുടെ എണ്ണത്തില്‍ യുപിയും ബിഹാറും മധ്യപ്രദേശുമെല്ലാം കേരളത്തെക്കാളും മുന്നിലാണ് താനും. എന്നിട്ടും പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ തന്നെ ഇത്തരത്തില്‍ പ്രചരണം നടത്തുന്നത് കാര്യങ്ങള്‍ മനസിലാക്കാത്തതുകൊണ്ടാണോ, അതോ മനഃപൂര്‍വം തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണോയെന്ന സംശയവും ചിലര്‍ ഉയര്‍ത്തുന്നു.
വ്യാപകമായി വിമര്‍ശനവും പരിഹാസവും ഉയര്‍ന്നിട്ടും താന്‍ പറഞ്ഞതിലെ വിഡ്ഢിത്തം മനസിലാക്കാതെ മറ്റുള്ളവരെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു രാജീവ് ചന്ദ്രശേഖര്‍ ഇന്നലെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സംസാരിച്ചത്.
ഏറ്റവും കൂടുതല്‍ യുവാക്കളുടെ കുടിയേറ്റം കേരളത്തില്‍ നിന്നാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. “ഏറ്റവും കൂടുതല്‍ വയോജനങ്ങള്‍ കേരളത്തിലാണ്. ഇതെല്ലാം ജനനനിരക്കിനെ നേരിട്ട് ബാധിക്കുന്നുണ്ട്, ജനനനിരക്കും ശിശുമരണനിരക്കും തമ്മില്‍ ബന്ധമുണ്ടല്ലോ” എന്നൊക്കെയായിരുന്നു ഇന്നലെയുണ്ടായ വാദങ്ങള്‍. സര്‍ക്കാര്‍ വ്യാജ നരേറ്റീവുകള്‍ ഉണ്ടാക്കുകയാണെന്നും ഇത്തരം കള്ളങ്ങള്‍ ഞങ്ങള്‍ പൊളിച്ചുകൊണ്ടേയിരിക്കുമെന്നുമെല്ലാം രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു. ഇതിന് പിന്നാലെയും രൂക്ഷമായ വിമര്‍ശനവും പരിഹാസവും സമൂഹമാധ്യമങ്ങളില്‍ തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.