16 January 2026, Friday

പട്ടയ മിഷന്‍: അഞ്ച് തലങ്ങളില്‍ ദൗത്യസംഘങ്ങള്‍

Janayugom Webdesk
തിരുവനന്തപുരം
June 26, 2023 11:49 pm

കേരളത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ഭൂമിയും ഭൂരേഖയും നല്‍കുക എന്ന ലക്ഷ്യത്തോടെ രൂപീകരിച്ചിട്ടുള്ള പട്ടയമിഷന്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത് വിപുലമായ സംവിധാനം. മലയോര മേഖലയിലെ അപേക്ഷകര്‍, പട്ടിക വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍, കോളനികളില്‍ താമസിക്കുന്നവര്‍ എന്നിവര്‍ക്ക് പട്ടയം നല്‍കാനാണ് പട്ടയ മിഷന്‍ പ്രഥമ പരിഗണന നല്‍കുന്നത്. ഇതിന്റെ ഭാഗമായി അഞ്ച് ഘടനകളായി തരംതിരിച്ചാണ് പട്ടയ മിഷന്റെ പ്രവര്‍ത്തനങ്ങളെ പ്രധാനമായും ഏകോപിപ്പിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സംസ്ഥാന നിരീക്ഷണ സമിതി, സംസ്ഥാന ദൗത്യസംഘം, ജില്ലാ ദൗത്യ സംഘം, താലൂക്ക് ദൗത്യ സംഘം, വില്ലേജ്തല വിവരശേഖരണ സമിതി എന്നിവ ചേര്‍ന്നതാണ് പട്ടയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍. റവന്യു വകുപ്പ് സെക്രട്ടറി കണ്‍വീനര്‍ ആയ സംസ്ഥാന നിരീക്ഷണ സമിതിയില്‍ നിയമവകുപ്പ് സെക്രട്ടറി, തദ്ദേശ സ്വയംഭരണ സെക്രട്ടറി, പൊതുമരാമത്ത് സെക്രട്ടറി, വനം-വന്യജീവി വകുപ്പ് സെക്രട്ടറി, ജലവിഭവ വകുപ്പ് സെക്രട്ടറി, പട്ടികജാതി ‑പട്ടികവര്‍ഗ വികസന വകുപ്പ് സെക്രട്ടറി, ഫിഷറീസ് വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായിരിക്കും. 

സംസ്ഥാന പട്ടയ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നിര്‍ദേശങ്ങള്‍ നല്‍കലും, പട്ടയം നല്‍കുന്നതിനാവശ്യമായ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുള്ള നടപടി ഏകോപിപ്പിക്കല്‍ എന്നിവയാണ് സംസ്ഥാന നിരീക്ഷണ സമിതിയുടെ പ്രധാന ചുമതല. സംസ്ഥാന ദൗത്യ സംഘത്തിന്റെ ചെയര്‍പേഴ്സണ്‍ ലാന്റ് റവന്യു കമ്മിഷണറാണ്. ലാന്റ് ബോര്‍ഡ് സെക്രട്ടറി കണ്‍വീനറും ആകും. ജില്ലാ ദൗത്യ സംഘത്തിന്റെ ചെയര്‍പേഴ്സണ്‍ ജില്ലാ കളക്ടറും താലൂക്ക്, വില്ലേജ് സംഘത്തിന്റെ ചെയര്‍പേഴ്സണ്‍ തഹസില്‍ദാറും ആയിരിക്കും.

പട്ടയ അസംബ്ലി ജൂലൈയില്‍; അഞ്ചിന് നെടുമങ്ങാട് മണ്ഡലത്തില്‍ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിയോജക മണ്ഡലാടിസ്ഥാനത്തില്‍ ‘പട്ടയ അസംബ്ലി’ രൂപീകരിക്കും. അര്‍ഹരായ എല്ലാ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായാണ് പട്ടയ അസംബ്ലി രൂപീകരിക്കുന്നത്. ആദ്യ പട്ടയ അസംബ്ലി ജൂലൈ അഞ്ചിന് തിരുവനന്തപുരം ജില്ലയില്‍ നെടുമങ്ങാട് മണ്ഡലത്തില്‍ നടക്കും.
അതത് മണ്ഡലങ്ങളില്‍ പട്ടയ അസംബ്ലി രൂപീകരിച്ച് എംഎല്‍എമാരുടെ നേതൃത്വത്തില്‍ സമിതികളുടെ യോഗം ചേരും. വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുള്ള ജനപ്രതിനിധികളില്‍ നിന്നും, വില്ലേജ് തല ജനകീയ സമിതികളില്‍ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് അസംബ്ലികള്‍ പരിശോധിച്ച് പരിഹാരം കണ്ടെത്തുക.

ഓഗസ്റ്റ് 20ന് മുമ്പ് സംസ്ഥാനത്തെ മുഴുവന്‍ പട്ടയ അസംബ്ലികളും യോഗം ചേരുമെന്ന് റവന്യു മന്ത്രി കെ രാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്ത് കോളനികളില്‍ താമസിക്കുന്ന പട്ടയമില്ലാത്ത വലിയ വിഭാഗം കുടുംബങ്ങളെ ഇതിനകം പട്ടയ മിഷന്റെ ഭാഗമായി കണ്ടെത്തി ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഭൂപതിവ് ഉത്തരവ് ലഭിച്ച ശേഷം ഭൂമി വില അടയ്ക്കാത്ത കൈവശക്കാര്‍ക്ക് ഭൂമി വില അടയ്ക്കാനുള്ള ഉത്തരവ് നല്‍കി പട്ടയം നല്‍കും.
ഫ്ലാറ്റ് പോലെയുള്ള താമസ സംവിധാനങ്ങള്‍ നല്‍കിയിട്ടുള്ള കുടുംബങ്ങള്‍ക്ക് ഭൂമിയിലുള്ള കൂട്ടാവകാശം രേഖപ്പെടുത്തുന്ന നിലയിലാകും പട്ടയം നല്‍കുക. പട്ടയ ഭൂമി വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി അകാല കൈമാറ്റം നടത്തിയിട്ടുള്ള കേസുകളില്‍ നിലവിലെ കൈവശക്കാര്‍ അര്‍ഹരാണെങ്കില്‍ അവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

പ്രവര്‍ത്തനം

തഹസില്‍ദാര്‍ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥരാണ് ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാര്‍. പട്ടയ സഭകളില്‍ പരിഹരിക്കാനാവുന്ന വിഷയങ്ങള്‍ പരിഹരിച്ച് ലാന്റ് അസൈന്‍മെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാന്‍ കഴിയാത്ത പ്രശ്നങ്ങള്‍ നിലവിലുള്ള പട്ടയം ഡാഷ്ബോര്‍ഡില്‍ ഉള്‍പ്പെടുത്തും. ഇത്തരം വിഷയങ്ങള്‍ ജില്ലാ കളക്ടര്‍ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കില്‍ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. ഏതെങ്കിലും നിയമ പ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകള്‍ മൂലമോ തീരുമാനം എടുക്കാന്‍ കഴിയാത്ത വിഷയങ്ങള്‍ സര്‍ക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കണം. ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് പട്ടയം നല്‍കും.

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.