
ഡോ. പി.സരിന് എതിരെ ലൈംഗികാരോപണം ഉന്നയിച്ച ട്രാൻസ്‌ജെൻഡർ യുവതിയും കോൺഗ്രസ് അനുഭാവിയുമായ രാഗ രഞ്ജിനിക്കെതിരെ മാനനഷ്ട നോട്ടിസ് അയച്ചതായി സരിൻറെ ഭാര്യ സൗമ്യ സരിൻ പറഞ്ഞു. നിയമപരമായി നേരിടാൻ തന്നെയാണ് തീരുമാനമെന്നും സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു. കഴിഞ്ഞ ശനിയാഴ്ചയാണ് വക്കീൽ നോട്ടീസ് അയച്ചതെന്നും സൌമ്യ പറഞ്ഞു.
രാഗ രഞ്ജിനി സാമൂഹികമാധ്യമത്തിൽ ആരോപണം ഉന്നയിച്ച സാഹചര്യവും അത് ഏറ്റെടുത്തു ആഘോഷിക്കുന്നവരുടെ ഉദ്ദേശ്യവും എന്താണെന്ന് അരിയാഹാരം കഴിക്കുന്ന മലയാളിക്ക് മനസ്സിലാകും. ഒന്ന് സമാനവൽക്കരിക്കാൻ ശ്രമിച്ചതാണ്. ഇപ്പോഴത്തെ ഒരു പ്രത്യേക അവസ്ഥയിൽ എതിർ പക്ഷത്തു നിൽക്കുന്ന ഡോ. സരിന് എതിരെയും പേരിന് ഒരു പെണ്ണ് കേസ് എങ്കിലും ഉണ്ടാക്കി എടുക്കണ്ടേ!. ആ തത്രപ്പാട് ഞങ്ങൾക്ക് മനസ്സിലാവുന്നതേയുള്ളുവെന്നും. സൗമ്യ വ്യക്തമാക്കി.
ഒരു പൊതു പ്രവർത്തകന് എതിരെ ആരോപണങ്ങൾ വരാം. പക്ഷെ അവർ അത് നേരിടുന്ന രീതി ആണ് വിലയിരുത്തപ്പെടേണ്ടത്. മാനനഷ്ടത്തിന് കേസ് കൊടുക്കാൻ ഇത്രയധികം ധൈര്യത്തിന്റെ ആവശ്യം ഒന്നും ഇല്ല. ആരോപിക്കപ്പെട്ട കാര്യങ്ങൾ ചെയ്തിട്ടില്ല എന്ന അവനവനിൽ ഉള്ള വിശ്വാസം. പങ്കാളികൾ എന്ന നിലയിൽ ഞങ്ങൾക്ക് പരസ്പരം ഉള്ള വിശ്വാസം!. ഈ രണ്ടും ഉണ്ടെങ്കിൽ ഒരാൾ നമുക്ക് എതിരെ ഒരു ആരോപണം ആയി വന്നാൽ, അത് തികച്ചും അടിസ്ഥാന രഹിതമാണെന്ന് പൂർണ ബോധ്യം ഉള്ള പക്ഷം, നിയമപരമായി അതിനെ നേരിടാമെന്ന ആത്മവിശ്വാസം തനിയെ വന്നു കൊള്ളും. ഇപ്പറഞ്ഞതൊക്കേ വേണ്ടുവോളം ഉള്ളതിനാൽ മാന്യമായി കേസുമായി മുന്നോട്ട് പോകുന്നു.
ഞങ്ങൾ എവിടെയും പോയി ഒളിക്കില്ല. ഇവിടെ തന്നെയുണ്ട്. എല്ലാം ഫേക്ക് ആണ് എന്ന് വെറുതെ വന്നു പറഞ്ഞു പോകില്ല. ഇരയെ അപമാനിക്കാനും സ്വാധീനിക്കാനും ഒന്നും ശ്രമിക്കില്ല. ഫേക്ക് ആണെങ്കിൽ അത് തെളിയിച്ചിരിക്കും. ശാസ്ത്ര സാങ്കേതിക വിദ്യയൊക്കെ ഇത്രക്ക് പുരോഗമിച്ച ഈ കാലത്തു നമ്മുടെ നിയമസംവിധാനത്തിനു അതൊക്കെ പുഷ്പം പോലെ തെളിയിക്കാൻ പറ്റും. സമയം എടുക്കുമായിരിക്കും. ഞങ്ങൾ കാത്തിരിക്കാൻ തയ്യാറാണ്. അത്ര പെട്ടെന്ന് ഒന്നും കുനിക്കില്ല എന്ന് ഉറപ്പുള്ള ഒരു തലയുണ്ട്!സൗമ്യക്കും സരിനും. ഞങ്ങൾക്കും ഒരു മകളുണ്ട്!. സൗമ്യ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.