സിപിഐ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചുകൊണ്ട് തെലങ്കാനയിലെ വാറങ്കലിൽ ഇന്നലെ നടന്ന പ്രകടനത്തിലും റാലിയിലും ചുവപ്പ് യൂണിഫോം ധരിച്ചും പാർട്ടി പതാകകളേന്തിയും സ്ത്രീകളടക്കം നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. റെയിൽവേ സ്റ്റേഷൻ മൈതാനിയിൽനിന്നും ആരംഭിച്ച വോളണ്ടിയർ മാർച്ച് വാറങ്കൽ ചൗരസ്ഥയിൽ ആയിരങ്ങൾ പങ്കെടുത്ത വൻ റാലിയോടെയാണ് സമാപിച്ചത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജില്ലയിലെ ശക്തിയും ജനസ്വാധീനവും വിളിച്ചറിയിക്കുന്നതായിരുന്നു മാർച്ചും റാലിയും. ജനങ്ങൾക്ക് തുല്യതയും ഭൂമിയുടെ ഉടമസ്ഥതയും പാർപ്പിടവുമടക്കം അടിസ്ഥാന ജീവിത സൗകര്യങ്ങൾ ഉറപ്പുവരുത്താനുള്ള പോരാട്ടങ്ങളാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കഴിഞ്ഞ 99 വർഷക്കാലത്തെ ചരിത്രമെന്ന് റാലിയെ അഭിസംബോധനചെയ്ത മുഖ്യാതിഥിയും പാർട്ടിയുടെ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയുമായ തക്കലപ്പള്ളി ശ്രീനിവാസ് റാവു പറഞ്ഞു.
തെലങ്കാനയിൽ അടിമസമാനമായി ജീവിക്കാൻ വിധിക്കപ്പെട്ട പതിനായിരങ്ങളുടെ മോചനത്തിനും ഭൂമിയുടെമേലുള്ള കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും അവകാശത്തിനുംവേണ്ടി നടന്ന ധീരോദാത്ത പോരാട്ടത്തിന്റെയും ത്യാഗങ്ങളുടെയും രക്തസാക്ഷിത്വങ്ങളുടെയും ചരിത്രമാണ് തെലങ്കാനയിലെ പാർട്ടിയുടേത്. അതിന് ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിൽ സുപ്രധാന സ്ഥാനമാണുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജാതിയുടെയും മതത്തിന്റെയും ഭാഷയുടെയും അടിസ്ഥാനത്തിൽ ജനങ്ങളെ ഭിന്നിപ്പിക്കാനും ഐക്യം തകർക്കാനും ശ്രമിക്കുന്ന വർഗീയതയുടെയും മതഭ്രാന്തിന്റെയും ശക്തികളാണ് ഇന്ന് രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളി. അവരാണ് സാമൂഹിക നീതിയുടെയും സമത്വസങ്കല്പങ്ങളുടെയും ശത്രുക്കൾ. അവരാണ് ജനങ്ങളുടെയും രാഷ്ട്രത്തിന്റെയും ശത്രുക്കൾ. അവരെ ചെറുത്ത് പരാജയപ്പെടുത്തുകയാണ് അടിയന്തര രാഷ്ട്രീയ കടമയെന്നും ശ്രീനിവാസ് റാവു ഉദ്ബോധിപ്പിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.