24 June 2024, Monday

Related news

June 23, 2024
June 15, 2024
June 3, 2024
June 3, 2024
June 2, 2024
June 2, 2024
May 12, 2024
April 19, 2024
March 31, 2024
March 30, 2024

ലഹരിക്കെതിരെ പ്രതിരോധം; വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് പഴുതടച്ച നിരീക്ഷണ സംവിധാനം

Janayugom Webdesk
തിരുവനന്തപുരം
June 2, 2024 10:30 pm

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ വിദ്യാഭ്യാസ സ്ഥാപന പരിസരത്ത് ലഹരിക്കെതിരെ പഴുതടച്ച നിരീക്ഷണ, പ്രതിരോധ സംവിധാനങ്ങൾ ഒരുക്കി എക്സൈസ് വകുപ്പ്. സ്കൂൾ പരിസരത്തുനിന്ന് ലഹരി മാഫിയയെ അകറ്റിനിർത്താൻ ആവശ്യമായ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അധ്യയന വർഷത്തിലുടനീളം ഈ പ്രവർത്തനം തുടരുമെന്നും എക്സൈസ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. ഹൈക്കോടതി ജഡ്ജിമാരുടെ അധ്യക്ഷതയിൽ ചേർന്ന റീജിയണൽ ജുഡിഷ്യൽ കൊളോക്യം നിർദേശിച്ച പൊതുപ്രവര്‍ത്തന പ്രക്രിയ തയ്യാറാക്കി നൽകിയിട്ടുണ്ട്. വിദ്യാഭ്യാസം, വനിതാ ശിശുവികസനം, സാമൂഹ്യ നീതി, പൊലീസ്, മെഡിക്കൽ എജ്യുക്കേഷൻ, ഉന്നത വിദ്യാഭ്യാസം, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എന്നിവയ്ക്കൊപ്പം ഈ പ്രക്രിയ നടപ്പിലാക്കാനാവശ്യമായ നേതൃപരമായ ഇടപെടൽ എക്സൈസ് വകുപ്പിൽ നിന്നുമുണ്ടാവുമെന്നും മന്ത്രി അറിയിച്ചു. മയക്കുമരുന്നിന്റെ കെണിയിൽ കുട്ടികൾ പെട്ടുപോകാതിരിക്കാനുള്ള ജാഗ്രത പൊതുസമൂഹമാകെ പുലർത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സ്കൂൾ പരിസരത്തും പൊതുഇടങ്ങളിലും പരമാവധി പരിശോധനയും നിരീക്ഷണവും എക്സൈസ് വകുപ്പും മറ്റ് സേനകളും ഉറപ്പാക്കിയിട്ടുണ്ട്. അധ്യാപകർ, പിടിഎ, വിദ്യാർത്ഥി സംഘടനകൾ, വിവിധ ക്ലബ്ബുകൾ, സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എൻസിസി, എൻഎസ്എസ് തുടങ്ങിയ സംഘടനകൾക്കും ശ്രദ്ധേയമായ പങ്ക് ഇക്കാര്യത്തിൽ വഹിക്കാനാവും.
കുട്ടികളെ ലഹരിയിൽ നിന്ന് അകറ്റിനിർത്താനുള്ള സർക്കാരിന്റെ ഇടപെടലുകൾക്കൊപ്പം അണിനിരക്കാൻ എല്ലാവരും തയ്യാറാകണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

കടകളിൽ പരിശോധന

വിദ്യാലയ പരിസരത്തെ കടകളിൽ പരിശോധന നടത്തി പുകയില ഉല്പന്നങ്ങളോ മറ്റ് ലഹരി വസ്തുക്കളോ ഇല്ലെന്ന് എക്സൈസ് സേന ഉറപ്പാക്കി. സ്കൂൾ പരിസരം, സമീപമുള്ള കച്ചവട സ്ഥാപനങ്ങൾ, അടച്ചിട്ടിരിക്കുന്ന കെട്ടിടങ്ങൾ, മറഞ്ഞിരിക്കാൻ പറ്റുന്ന ഇടങ്ങൾ, കുറ്റിക്കാടുകൾ, ഒറ്റപ്പെട്ട സ്ഥലങ്ങൾ എന്നിവിടങ്ങളിലും പരിശോധന പൂർത്തിയായി. ഈ പരിശോധന കൃത്യമായ ഇടവേളകളിൽ തുടരും.
രാവിലെ ക്ലാസുകൾ ആരംഭിക്കുന്നതിന് അരമണിക്കൂർ മുമ്പ് തുടങ്ങി ക്ലാസ് ആരംഭിച്ച് അരമണിക്കൂർ കഴിയും വരെയും, വൈകിട്ട് ക്ലാസ് അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മുതല്‍ ക്ലാസ് കഴിഞ്ഞ് അരമണിക്കൂർ വരെയും, സ്കൂൾ പരിസരങ്ങളിൽ എക്സൈസ് പട്രോളിങ് ഉറപ്പുവരുത്തും. മേൽ പരിശോധനകൾക്ക് പുറമേ എക്സൈസ് ഉദ്യോഗസ്ഥർ, പൊലീസ് മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരുമായിക്കൂടി സഹകരിച്ച് വാഹന പരിശോധനയും സംഘടിപ്പിക്കും.

ലഹരി വിരുദ്ധ ക്ലബ്ബുകള്‍ ഉറപ്പാക്കും

സംസ്ഥാനത്ത് 5440 സ്റ്റേറ്റ് സിലബസ്, 847 സെൻട്രൽ സിലബസ് സ്കൂളുകളില്‍ ലഹരി വിരുദ്ധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ട്. എല്ലാ സ്കൂളുകളിലും ലഹരി വിരുദ്ധ ക്ലബ്ബുകളുണ്ടെന്നും കൃത്യമായി പ്രവർത്തിക്കുന്നുണ്ട് എന്നും ഉറപ്പാക്കും. ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന കുട്ടികളുടെ വിവരങ്ങൾ സ്കൂൾ ഹെഡ്മാസ്റ്റർ/ പ്രിൻസിപ്പൽമാരുമായി ബന്ധപ്പെട്ട് ലഭ്യമാക്കും. ലഭിക്കുന്ന വിവരങ്ങൾ പരിശോധിച്ച് നിംഹാൻസ് പരിശീലനം ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ മുഖേന കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും കൗൺസിലിങ് നൽകും.
899 ലഹരിവിരുദ്ധ ക്ലബ്ബുകൾ കോളജുകളിൽ രൂപീകരിച്ചിട്ടുണ്ട്. കോളജ് തലത്തിൽ ലഹരിക്കെതിരായ പ്രവർത്തനങ്ങൾക്കായി നേർക്കൂട്ടം എന്ന പേരിൽ കാമ്പസുകളിലും, ശ്രദ്ധ എന്ന പേരിൽ കമ്മറ്റികൾ ഹോസ്റ്റലുകളിലും രൂപീകരിച്ചു പ്രവർത്തിച്ച് വരുന്നു.

1000 സ്കൂളുകളിൽ സ്പോട്സ് ടീമുകൾ

ടീം വിമുക്തി എന്ന പേരിൽ ഇതുവരെ 1000 സ്കൂളുകളിൽ സ്പോട്സ് ടീമുകൾ രൂപീകരിച്ചിട്ടുണ്ട്. ഈ വർഷം വീണ്ടും 500 സ്കൂളുകളിൽ കൂടി രൂപീകരിക്കും. എല്ലാ ജില്ലകളിലും ലഹരി വിരുദ്ധ കൗൺസലിങ്ങ് സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി വിമുക്തി മെന്റേഴ്സ് ആയ എക്സൈസ് ഉദ്യോഗസ്ഥർക്ക് നിംഹാൻസ് മുഖേന പരിശീലനം നൽകി.
വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും നേരിട്ടും ടെലഫോണിലും കൗൺസിലിങ് നൽകുന്നതിന് മൂന്ന് മേഖലാ കൗൺസിലിങ് സെന്ററുകൾ (തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ) പ്രവർത്തിക്കുന്നു. ടോൾ ഫ്രീ നമ്പർ — 14405 ആണ്. വിവരങ്ങൾ കൈമാറാനോ സഹായത്തിനോ എക്സൈസ് കൺട്രോൾ റൂം നമ്പർ 9447178000 ലും ബന്ധപ്പെടാം. വിദ്യാർത്ഥികളിൽ ഏതെങ്കിലും തരത്തിലുള്ള സ്വഭാവ വ്യത്യാസം ശ്രദ്ധയിൽപ്പെട്ടാൽ അധ്യാപകർക്ക് രഹസ്യമായി വിവരം കൈമാറാൻ 9656178000 എന്ന നമ്പറും സജ്ജീകരിച്ചിട്ടുണ്ട്.

Eng­lish Summary:Defense against intox­i­ca­tion; Loop­hole sur­veil­lance sys­tem in edu­ca­tion­al insti­tu­tion premises
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.