
സൈനികരുടെ വസ്ത്രങ്ങൾക്കും ചിഹ്നങ്ങൾക്കും രാജ്യത്തിന്റെ പരമാധികാരം, ഐക്യമനോഭാവം, മതേതരത്വം എന്നിവയുമായി അഭേദ്യ ബന്ധമുണ്ട്. അതുകൊണ്ടുതന്നെ ഓരോ റാങ്കിലുമുള്ള സൈനികർ ധരിക്കുന്ന വസ്ത്രങ്ങൾക്ക് പ്രത്യേക നിഷ്കർഷകളുമുണ്ട്. നമ്മുടെ ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങളിൽ അധിഷ്ഠിതമാണ് പ്രസ്തുത നിഷ്കർഷകൾ. അത് സാധാരണ സൈനികൻ മുതൽ ഉന്നത സ്ഥാനത്തുള്ളവർ വരെ എല്ലാവർക്കും ബാധകവുമാണ്. സൈനിക വേഷം ധരിച്ച് സാധാരണ യാത്രകൾ നടത്തുന്നതിന് പോലും നിയന്ത്രണങ്ങളുണ്ട്. അത്തരമൊരു സാഹചര്യമുള്ളപ്പോഴാണ് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി സൈനിക വേഷമണിഞ്ഞ് മധ്യപ്രദേശിലെ ചിത്രകൂടിലുള്ള ആശ്രമത്തിൽ ആത്മീയ നേതാവ് ജഗദ്ഗുരു റാംഭദ്രാചാര്യയെ സന്ദർശിച്ചുവെന്ന വാർത്ത പുറത്തുവന്നിട്ടുള്ളത്. ഒരു പൗരനെന്ന നിലയിൽ ഉപേന്ദ്ര ദ്വിവേദിക്ക് അദ്ദേഹത്തിന്റെ വിശ്വാസങ്ങൾ പരിപാലിക്കുന്നതിനുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. അതുകൊണ്ടുതന്നെ ആ നിലയിൽ ഏത് മതാചാര്യനെ സന്ദർശിക്കുന്നതിനും അദ്ദേഹത്തിന് സ്വാതന്ത്ര്യവുമുണ്ടെന്ന് വാദത്തിന് സമ്മതിക്കാവുന്നതുമാണ്. എന്നാൽ സൈനിക മേധാവി ഔദ്യോഗിക വേഷത്തിൽ അത്തരം നടപടികളിൽ ഏർപ്പെടുന്നത് ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണ്. കാവി വസ്ത്രമണിഞ്ഞ് ഇരിപ്പിടത്തിൽ ആസനസ്ഥനായ റാംഭദ്രയെ സന്ദർശിച്ച ജനറൽ ഉപേന്ദ്ര അദ്ദേഹത്തിൽ നിന്ന് സ്വർണ നിറത്തിലുള്ള ഗദ, സൈനിക വേഷത്തിൽ സ്വീകരിക്കുന്ന ചിത്രവും പുറത്തുവന്നിട്ടുണ്ട്. ഇതുസംബന്ധിച്ച് പുറത്തുവന്നിരിക്കുന്ന വാർത്തകൾ വിചിത്രവും അതേസമയം ആശങ്കയുണ്ടാക്കുന്നതുമാണ്. എന്ത് ദക്ഷിണ (വഴിപാട്) യാണ് താൻ നൽകേണ്ടതെന്ന് ജനറൽ ഉപേന്ദ്ര ചോദിച്ചപ്പോൾ പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) ആവശ്യപ്പെട്ടതായും സൈനിക മേധാവി അത് സമ്മതിച്ചതായും റാംഭദ്ര പറഞ്ഞതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ‘ഇന്ത്യൻ സൈനിക മേധാവി തന്നെ സന്ദർശിച്ചു, എന്നിൽ നിന്ന് രാമമന്ത്രത്തിൽ ദീക്ഷ സ്വീകരിച്ചു, ഹനുമാൻ സീതയിൽ നിന്ന് സ്വീകരിക്കുകയും തുടർന്ന് ലങ്കയിൽ വിജയം നേടുകയും ചെയ്ത അതേ മന്ത്രം’ എന്ന് രാംഭദ്ര പറഞ്ഞുവെന്നും പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ വാർത്തയിലുണ്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ വിജയാഘോഷങ്ങൾക്ക് ശേഷമാണ് ഈ സന്ദർശനമുണ്ടായത്. അതുകൊണ്ടുതന്നെ ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിനുമേൽ അത് കരിനിഴൽ വീഴ്ത്തുന്നു.
നേരത്തെയും കരസേനാ മേധാവിയുടെ പ്രവർത്തനങ്ങൾ വിവാദമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബറിൽ കരസേനാ മേധാവിയുടെ ഓഫിസിൽ ഉണ്ടായിരുന്ന ചിത്രം നീക്കിയത് വൻ വിവാദമുണ്ടാക്കിയിരുന്നു. ബംഗ്ലാദേശ് യുദ്ധത്തിൽ ഇന്ത്യയോട് കീഴടങ്ങിയ പാക് സൈനിക മേധാവിയുമായി കരാർ ഒപ്പിടുന്ന ചിത്രം നീക്കി, പകരം മഹാഭാരതവുമായി ബന്ധപ്പെട്ട ചിത്രം സ്ഥാപിക്കുകയായിരുന്നു. ഇത് വിമർശനത്തിനിടയാക്കിയപ്പോൾ പ്രസ്തുത ചിത്രം ദൗലാ ഖാനിലെ മനേക് ഷാ സെന്ററിലേക്ക് മാറ്റുകയായിരുന്നുവെന്നാണ് അറിയിപ്പുണ്ടായത്. സൈനികരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം പ്രത്യേക നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ദേശീയ മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. കഴിഞ്ഞ ജൂലൈയിലായിരുന്നു അത്. ഏഴ് നിർദേശങ്ങളായിരുന്നു അന്ന് നൽകിയിരുന്നത്. യൂണിഫോമിനൊപ്പം അനധികൃത ആഭരണങ്ങളോ ചിഹ്നങ്ങളോ ധരിക്കരുത് (ഒരു മുദ്രമോതിരം മാത്രമാണ് അനുവദനീയമായ ആഭരണം), മതപരമായ വസ്തുക്കൾ മറച്ചുവയ്ക്കണം (കഴുത്തിലെ ചങ്ങലകളോ പവിത്ര നൂലുകളോ പുറത്തുകാണരുത്), യൂണിഫോമിൽ തിലകം, വിഭൂതി, അല്ലെങ്കിൽ ദൃശ്യമായ മതചിഹ്നം എന്നിവ അനുവദനീയമല്ല എന്നിങ്ങനെ നിർദേശങ്ങളാണ് നൽകിയിരുന്നത്. വാച്ചുകൾ ധരിക്കുന്നതിനും സുഗന്ധ ദ്രവ്യങ്ങൾ പൂശുന്നതിനുപോലും നിയന്ത്രണങ്ങൾ നിർദേശിച്ചിരുന്നു. ഈയൊരു പാശ്ചാത്തലമുള്ളപ്പോഴാണ് കരസേനാ മേധാവി സൈനിക വേഷമണിഞ്ഞ് ഹൈന്ദവ ആചാര്യനെ സന്ദർശിക്കുകയും അതിന്റെ ചിത്രങ്ങളും വാർത്തകളും പ്രചരിപ്പിക്കുകയും ചെയ്തിരിക്കുന്നത്.
ഓപ്പറേഷൻ സിന്ദൂരിൽ വധിച്ച ഭീകരരുടെ സംസ്കാര ചടങ്ങിൽ പാകിസ്ഥാൻ സൈനിക മേധാവികൾ ഉൾപ്പെടെ പങ്കെടുത്തതായി ഇന്ത്യ വെളിപ്പെടുത്തിയിരുന്നു. സൈനിക വേഷത്തിൽ പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളായിരുന്നു ഇതിന്റെ തെളിവായി ഉയർത്തിക്കാട്ടിയത്. വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഔദ്യോഗിക വാർത്താ സമ്മേളനത്തിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുണ്ടായി. മതാധിഷ്ഠിത രാഷ്ട്രമായി കരുതപ്പെടുന്ന പാകിസ്ഥാനിലെ സൈനികമേധാവികൾ ചെയ്തത് ഒരു കുറ്റകൃത്യമായി ഉയർത്തിക്കാട്ടുമ്പോൾ — അത് ഭീകരതയെ സഹായിക്കുന്നു എന്ന് വരുത്താനാണെങ്കിൽ പോലും — ഇന്ത്യയുടെ കരസേനാ മേധാവി, ഹൈന്ദവ ആചാര്യനെ സൈനിക വേഷത്തിൽ സന്ദർശിക്കുകയും അത് ആഘോഷമാക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിന് വിരുദ്ധമാണെന്ന് സമ്മതിക്കേണ്ടിവരും. ഭരണഘടനാപരമായ സ്ഥാനത്തിരിക്കുന്ന ആരുംതന്നെ അത്തരം അനുചിതമായ സമീപനങ്ങൾ സ്വീകരിക്കാൻ പാടുള്ളതല്ല. ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഢ് തന്റെ വസതിയിൽ 2024 സെപ്റ്റംബർ 11ന് നടത്തിയ ഗണപതി പൂജയിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടൊപ്പം നിൽക്കുന്ന ചിത്രം പുറത്തുവന്നത് സംശയാസ്പദവും ആശങ്കപ്പെടുത്തുന്നതുമായത് അത് രാജ്യത്തിന്റെ മതേതര സങ്കല്പത്തിന് വിരുദ്ധമായിരുന്നു എന്നതിനാലാണ്. ഭരണഘടനാപരമായ പദവിയിൽ ഇരിക്കുന്ന വ്യക്തിയാണ് സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ്. അദ്ദേഹം മതപരമായ ചടങ്ങുകളിൽ, മത വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ നേതാവ് കൂടിയായ നരേന്ദ്ര മോഡി എന്ന ഭരണാധികാരിയോടൊപ്പം പങ്കെടുക്കുന്നത് അനൗചിത്യം മാത്രമല്ല, ഭരണഘടനാ വിരുദ്ധം കൂടിയാണ്. അത്തരം ചടങ്ങുകളില്‍ പങ്കെടുക്കുന്നത് അനുചിതമാണെന്ന് കരുതിയിരുന്ന മുൻ പ്രധാനമന്ത്രിമാരും രാഷ്ട്രപതിമാരും ഇവിടെയുണ്ടായിരുന്നുവെന്നോർക്കണം. പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവും രാഷ്ട്രപതിയായിരുന്ന കെ ആർ നാരായണനും ഉൾപ്പെടെയുള്ള പൂർവികരുടെ പാരമ്പര്യമുള്ള രാജ്യമാണ് നമ്മുടേത്. ഗുജറാത്തിലെ ദ്വാരകാ ക്ഷേത്രദർശനം നടത്തിയ ചന്ദ്രചൂഢ്, ആ ക്ഷേത്രത്തിലെ കാവി ധ്വജം നീതിയുടെ പതാകയാണെന്ന് പറഞ്ഞതും വിവാദമായത് അതുകൊണ്ടുതന്നെയാണ്.
പഹൽഗാം ഭീകരാക്രമണത്തെയും ഓപ്പറേഷൻ സിന്ദൂറിനെയും വിഭാഗീയതയ്ക്കും വിദ്വേഷപ്രചരണത്തിനും ഉപാധിയാക്കി മാറ്റുന്നതിന് തീവ്ര വലതുപക്ഷ സംഘടനകൾ കിണഞ്ഞുശ്രമിക്കുന്നുണ്ട്. ബിജെപി സർക്കാരുകൾ അതിന് വളവും വെള്ളവും നൽകി പ്രോത്സാഹിപ്പിക്കുന്നുമുണ്ട്. ഇവിടെയാണ് കരസേനാമേധാവിയുടെ സന്ദർശനം തെറ്റായ സന്ദേശം നൽകുന്നത്. മതേതര രാജ്യത്തിന്റെ കരസേനാമേധാവി ആ സ്ഥാനത്തിരിക്കുമ്പോൾ ഭരണഘടനയോടുള്ള തന്റെ ഉത്തരവാദിത്തം മറന്നുപോയി എന്നതിനൊപ്പം തന്നെ പ്രധാനമാണ് താൻകൂടി ഉൾപ്പെടുന്ന സൈനികർ പാലിക്കണമെന്ന് നിഷ്കർഷിക്കപ്പെടുന്ന വസ്ത്രധാരണരീതി ലംഘിക്കുന്നുവെന്നത്. ബിജെപിയുടെ ഭരണത്തിൻ കീഴിൽ ദേശാഭിമാന ബോധം, മതേതര മൂല്യങ്ങൾ എന്നിവയ്ക്ക് തെറ്റായ നിര്‍വചനങ്ങളാണ് ചമയ്ക്കപ്പെട്ടിട്ടുള്ളത്. അതുകൊണ്ടാണ് ബിജെപി ഉപമുഖ്യമന്ത്രിയും മന്ത്രിയും നടത്തുന്ന ദേശവിരുദ്ധ പ്രസ്താവനകൾ നിയമനടപടികളിൽ നിന്ന് രക്ഷപ്പെട്ടുപോകുന്നത്. പറഞ്ഞുവരുന്നത് സോഫിയ ഖുറേഷിക്കെതിരെ വിദ്വേഷ പ്രസ്താവന നടത്തിയിട്ടും കേസ് പോലുമെടുക്കാതെപോയ മധ്യപ്രദേശ് മന്ത്രി വിജയ് ഷായുടെ പ്രസ്താവനയെക്കുറിച്ചാണ്. ഓപ്പറേഷൻ സിന്ദൂറിന്റെ പേരിൽ സ്ത്രീകളുടെ അഭിമാനമുയർത്തിയെന്ന് അവകാശപ്പെടുമ്പോൾ തന്നെയാണ് അതിന് നേതൃത്വം നൽകിയവരിൽ ഒരാളായ സോഫിയ ഖുറേഷിയുടെ മതം തിരഞ്ഞ്, ഭരണഘടന ഉയർത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത മന്ത്രി വിദ്വേഷം ചൊരിഞ്ഞത്. എന്നാൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ പൊലീസ് അത് കേട്ടതായി നടിച്ചില്ല. വിവാദമാകുകയും കോടതികൾ വിധി പുറപ്പെടുവിക്കുകയും ചെയ്തപ്പോഴാണ് കേസെടുത്തത്. അതേസമയം സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾ തപ്പിയെടുത്ത്, ബിജെപി ഇതരരായ രണ്ട് ഡസനിലധികം പേർക്കെതിരിയെങ്കിലും ബിജെപി സർക്കാരുകൾക്ക് കീഴിൽ കേസും അറസ്റ്റുമുണ്ടായി. ഇത്തരം പക്ഷപാതിത്തങ്ങൾ സർക്കാർ സംവിധാനങ്ങളിൽ നിന്നുണ്ടാകുമ്പോൾ ഇന്ത്യയുടെ ദേശാഭിമാനബോധവും മതേതര മൂല്യങ്ങളും പരിപാലിക്കുന്നതിനുള്ള പരമമായ ഉത്തരവാദിത്തം സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാ വിഭാഗങ്ങളിലാണ് ആത്യന്തികമായി നിക്ഷിപ്തമായിട്ടുള്ളത്. കാലാകാലങ്ങളിൽ വന്നുപോകുന്ന രാഷ്ട്രീയ ഭരണാധികാരികളെപ്പോലെ അവരും മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാൻ ബാധ്യസ്ഥരാണ്. മതമേധാവികളെ സൈനിക വേഷത്തിൽ സന്ദർശിക്കുകയും അത് ആഘോഷമാക്കുകയും ചെയ്യുന്ന രീതി അതുകൊണ്ടുതന്നെ ഉത്തരവാദിത്ത ലംഘനവുമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.