പ്രതിരോധ മേഖലയില്‍ ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വഴി യുദ്ധോപകരണങ്ങളും യന്ത്രഭാഗങ്ങളും അനുബന്ധഘടകങ്ങളും നിര്‍മ്മിക്കുമെന്ന പ്രഖ്യാപനം യാഥാര്‍ത്ഥ്യമായില്ലെന്ന് റിപ്പോര്‍ട്ട്. ആത്മനിര്‍ഭര്‍ പ്രഖ്യാപനശേഷവും പ്രതിരോധ രംഗത്ത് ഇറക്കുമതി കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചില്ലെന്ന് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍ സൂചിപ്പിക്കുന്നു. ആയുധക്കയറ്റുമതി വര്‍ധിപ്പിക്കുമെന്ന പ്രഖ്യാപനവും പാഴ്‍വാക്കായി.
പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിച്ചുവെന്ന അവകാശവാദം പൊള്ളയെന്നും ഈ മേഖലയില്‍ വളര്‍ച്ച നേടിയെന്ന വാദം തട്ടിപ്പാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആത്മനിര്‍ഭര്‍ ഭാരത് പദ്ധതി വഴി യുദ്ധോപകരണങ്ങളും വെടിക്കോപ്പും മറ്റ് യന്ത്രഭാഗങ്ങളും നിര്‍മ്മിക്കുമെന്ന് മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഗവേഷണം-വികസനം- വ്യാവസായിക‑സ്റ്റാര്‍ട്ടപ്പ്, വ്യക്തിഗത നിക്ഷേപം എന്നിവ വഴി പ്രതിരോധ മേഖലയില്‍ ആവശ്യമായ ഉപകരണങ്ങള്‍ തദ്ദേശീയമായി നിര്‍മ്മിക്കാനുള്ള പദ്ധതി തുടക്കത്തില്‍ തന്നെ പാളിയെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
തദ്ദേശീയ ഉല്പന്നങ്ങളുടെ വളര്‍ച്ചയ്ക്കും വികാസത്തിനുമായി വിദേശത്ത് നിന്നുള്ള പ്രതിരോധ ഉല്പന്നങ്ങളുടെ വാങ്ങല്‍ 2020 മുതല്‍ നിരോധിച്ചിരുന്നു. 2020 ഓഗസ്റ്റ് 20 മുതല്‍ 2023 മേയ് വരെ യഥാക്രമം ചെറുതും വലുതുമായ 351, 107, 780, 928 വിദേശ ഉല്പന്നങ്ങളാണ് നിരോധിച്ചത്. എന്നാല്‍ തദ്ദേശീയമായി വികസിപ്പിച്ച യന്ത്രഭാഗങ്ങള്‍ നാവികസേനയ്ക്ക് മാത്രമാണ് ഗുണം ചെയ്തത്.
ചെറുകിട വ്യവസായ രംഗത്തും സ്റ്റാര്‍ട്ടപ്പ് മേഖലയിലും, ഗവേഷണ‑വികസന രംഗത്തും സര്‍ക്കാര്‍ യഥാസമയം ഗ്രാന്റോ ഫണ്ടോ നല്‍കാതെ വന്നതും സ്വയംപര്യാപ്തതാ നയത്തിന് തിരിച്ചടിയായി.
പ്രതിരോധ മന്ത്രാലയത്തിനു കീഴിലുള്ള ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ്, ഭാരത് ഹെവി ഇലക്ട്രിക്കല്‍സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഉപകരണങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്നതില്‍ വരുത്തിയ വീഴ്ച തദ്ദേശീയ നിര്‍മ്മാതാക്കള്‍ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഇടവരുത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശീയ ഉല്പന്നങ്ങളുടെ വിതരണവും നിര്‍മ്മാണവും നിശ്ചിത കാലത്തിനുശേഷം ദേശീയ സുരക്ഷാ നിയമമനുസരിച്ച് ഏറ്റെടുക്കുമെന്ന വാഗ്ദാനം സര്‍ക്കാര്‍ പാലിച്ചില്ല. പ്രതിരോധ മേഖലയ്ക്ക് നീക്കിവയ്ക്കുന്ന ബജറ്റ് വിഹിതം തദ്ദേശീയ കമ്പനികള്‍ക്ക് നല്‍കാതെ വന്നതും തിരിച്ചടിയായെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
English Summary;Defensive in atmanirbhar bharat Fakes; Growth figures are exaggerated
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.