രാജ്യത്തെ ദേശീയപാതാ നിര്‍മ്മാണം ഭൂമിയേറ്റെടുക്കലില്‍ തട്ടി സ്തംഭനാവസ്ഥയിലേക്ക്. ഏറ്റെടുത്ത 600 ഹെക്ടര്‍ ഭൂമി കാടുകയറി നശിക്കുന്നതായും ഹൈവേ വിഭാഗം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. ഏറ്റെടുത്ത ഭൂമിക്ക് വില നല്‍കുന്നതിലെ കാലതാമസം, പുതിയ പദ്ധതികള്‍ക്കുള്ള ഭൂമിയേറ്റെടുക്കല്‍ എന്നിവ നിലച്ചതോടെയാണ് അതിവേഗ കണക്ടിവിറ്റി ലക്ഷ്യമിട്ടുള്ള ദേശീയപാതാ നിര്‍മ്മാണം അവതാളത്തിലായത്. 1956 ലെ ദേശീയപാതാ നിയമത്തില്‍ മാറ്റം വരുത്തി ഭൂമിയേറ്റെടുക്കല്‍ നടപടി വേഗത്തിലാക്കാന്‍ മന്ത്രാലയം നീക്കം ആരംഭിച്ചുവെങ്കിലും പദ്ധതി തുടങ്ങിയേടത്തുതന്നെ നില്‍ക്കുകയാണ്.
ഭൂമിയേറ്റെടുക്കല്‍, ചെലവ് ചുരുക്കല്‍ എന്നിവ ലക്ഷ്യമിട്ടാണ് ഹൈവേ നിയമത്തില്‍ മോഡി സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അഞ്ച് വര്‍ഷത്തിനകം പദ്ധതിക്കായി വിനിയോഗിക്കാത്ത പക്ഷം ഉടമയ്ക്ക് തിരിച്ചുനല്‍കുന്ന ഭേദഗതിയാണ് മന്ത്രാലയം ആവിഷ്കരിക്കുന്നത്. ഇതുവഴി അധികച്ചെലവ് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം. ദേശീയപാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കാന്‍ പാടില്ലെന്ന വ്യവസ്ഥയും പുതിയ ഭേദഗതിയിലുണ്ടാകും.
പുതിയ വ്യവസ്ഥ അനുയോജ്യമായ ഭൂമി കണ്ടെത്തുന്നതിന് ഉപരിതല ഗതാഗത മന്ത്രായത്തിന് പുതിയ വെല്ലുവിളി ഉയര്‍ത്തുമെന്ന് സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍വേ, പ്രോജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍ എന്നിവയാകും പ്രതിസന്ധി സൃഷ്ടിക്കുക. അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം പദ്ധതി യാഥര്‍ത്ഥ്യമായില്ലെങ്കില്‍ ഭൂമി ഉടമയ്ക്ക് തിരികെ കൈമാറുമ്പോള്‍ നഷ്ടപരിഹാരത്തുക തിരിച്ചുനല്‍കണമെന്ന വിവാദ വ്യവസ്ഥ ഭൂവുടമകള്‍ അംഗീകരിക്കാനും ഇടയില്ല. 1997ലാണ് ഏറ്റവുമൊടുവില്‍ എന്‍എച്ച് ആക്ട് പരിഷ്കരിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.