
കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി വ്യോമസേന മേധാവി എയര്‍ചീഫ് മാര്‍ഷല്‍ അമര്‍പ്രീത് സിങ്. യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെടെ പുതിയ സംവിധാനങ്ങള്‍ സേനയുടെ ഭാഗമാകുന്നത് വൈകുന്നതായി അദ്ദേഹം തുറന്നടിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ സാന്നിധ്യത്തിലായിരുന്നു വ്യോമസേന മേധാവി കേന്ദ്ര സര്‍ക്കാര്‍ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ചത്. ന്യൂഡല്‍ഹിയില്‍ നടന്ന കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ) യോഗത്തിലാണ് അമര്‍പ്രീത് സിങ് വ്യോമസേന നേരിടുന്ന ദുരിതം വെളിപ്പെടുത്തിയത്. കരാറുകളുടെ ഒപ്പിടല്‍ മുറയ്ക്ക് നടക്കന്നുണ്ട്. എന്നാല്‍ പുതിയ വിമാനങ്ങള്‍ അടക്കമുള്ള ആധുനിക യുദ്ധോപകരണങ്ങള്‍ വൈകുന്നത് സേനയുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയാണ്. കരാറുകളില്‍ സമയപരിധി പാലിക്കുക എന്നത് പ്രധാനപ്പെട്ടതാണ്. ഒരു പദ്ധതി പോലും നിശ്ചയിച്ച സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തേജസ് എംകെ 1 എ അടക്കമുള്ള യുദ്ധ വിമാനങ്ങള്‍ സേനയുടെ ഭാഗമാക്കാനുള്ള നടപടി ഊര്‍ജിതമാക്കണം. ഇതിനായി കരാര്‍ ഒപ്പിട്ടിട്ട് മൂന്നു വര്‍ഷം പൂര്‍ത്തിയാകുകയാണ്. ഇത്രയും കാലതമാസം പ്രതികൂല സാഹചര്യം സൃഷ്ടിക്കും. ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) ആയ തേജസ് എംകെ 1 എ വാങ്ങുന്നതിന് 2021 ഫെബ്രുവരിയിലാണ് ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡുമായി (എച്ച്എഎ) കരാര്‍ ഒപ്പിട്ടത്. 48,000 കോടി രൂപയുടെ കരാറായിരുന്നു എച്ച്എഎല്ലുമായി ധാരണയായത്. എന്നാല്‍ സ്ഥാപനത്തിന്റെ ഉദാസീനത മൂലം യുദ്ധ വിമാനങ്ങള്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ എത്തിച്ചേര്‍ന്നില്ല. 84 യുദ്ധ വിമാനങ്ങളാണ് കരാര്‍ പ്രകാരം ലഭിക്കേണ്ടത്. 2024 മാര്‍ച്ച് മുതലാണ് തേജസ് യുദ്ധവിമാനം ഘട്ടംഘട്ടമായി എത്തിതുടങ്ങിയതെന്നും എയര്‍ ചീഫ് മാര്‍ഷല്‍ പറഞ്ഞു.
തേജസ് യുദ്ധവിമാനത്തിന്റെ ആദ്യരൂപം പോലും ഇതുവരെ പുര്‍ത്തിയായിട്ടില്ല. ഇന്ത്യയിലെ ഉല്പാദനത്തെക്കുറിച്ച് മാത്രം സംസാരിക്കാന്‍ കഴിയില്ല. ഡിസൈനിങ്ങും പരമപ്രധാനമാണ്. സേനകള്‍ക്കും വ്യവസായത്തിനും ഇടയില്‍ വിശ്വാസം ഉണ്ടാവേണ്ടതുണ്ട്. നമ്മള്‍ വളരെ തുറന്ന മനസുള്ളവരായിരിക്കണം. എന്തെങ്കിലും ചെയ്യാന്‍ പ്രതിജ്ഞാബദ്ധരായാല്‍ അത് ചെയ്യണം. യുദ്ധവിമാനങ്ങള്‍ ആഭ്യന്തരമായി ഉല്പാദിപ്പിക്കാനുള്ള ശ്രമം വ്യോമസേന പരമാവധി നടത്തുകയാണ്. ഭാവി മുന്നില്‍ക്കണ്ടുള്ള പ്രവര്‍ത്തനം ആരംഭിക്കണം. പത്ത് വര്‍ഷത്തിനുള്ളില്‍ കൂടുതല്‍ ഉല്പന്നം നമുക്ക് ലഭിക്കും. എന്നാല്‍ ഇന്ന് ആവശ്യമുള്ളത് ഇന്നുതന്നെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്ക് പിന്നാലെയാണ് വ്യോമസേന മേധാവി സേനയുടെ ദൗര്‍ബല്യം പ്രതിരോധ മന്ത്രിയുടെ സാന്നിധ്യത്തില്‍ വെളിപ്പെടുത്തിയത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ എത്ര യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവച്ചിട്ടു എന്നത് ഇപ്പോഴും രഹസ്യമായി തുടരുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.