സിദ്ധാര്‍ത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐക്ക് കൈമാറിയിട്ടും രേഖകള്‍ നല്‍കാന്‍ വൈകിയ സംഭവത്തില്‍ അടിയന്തര നടപടിയുമായി സര്‍ക്കാര്‍. വീഴ്ച വരുത്തിയ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. അന്വേഷണം സിബിഐക്ക് വിട്ടുള്ള വിജ്ഞാപനവും പെർഫോമ റിപ്പോർട്ടക്കമുള്ള മുഴുവൻ രേഖകളും സംസ്ഥാന സർക്കാർ കൈമാറി. ഇമെയിൽ മുഖാന്തിരമാണ് രേഖകൾ സിബിഐ ആസ്ഥാനത്തേക്ക് അയച്ചത്.
അന്വേഷണം സിബിഐക്ക് വിട്ടതായുള്ള വിജ്ഞാപനം, ഇക്കാര്യം ചൂണ്ടിക്കാട്ടിയുള്ള കത്ത്, പെർഫോമ റിപ്പോർട്ട് തുടങ്ങിയ രേഖകളുടെ തനിപ്പകർപ്പുകൾ നേരിട്ട് സിബിഐ ആസ്ഥാനത്ത് എത്തിക്കാൻ ഡിവൈഎസ്‌പി ശ്രീകാന്തിനെ ചുമതലപ്പെടുത്തി. രാത്രിയോടെ ഇദ്ദേഹം ഡൽഹിയിലെത്തി.
രേഖകള്‍ കൈമാറുന്നതില്‍ കാലതാമസം വരുത്തിയതിനാണ് ആഭ്യന്തര വകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി കെ പ്രശാന്ത, എം സെക്ഷന്‍ ഓഫിസര്‍ കെ ബിന്ദു, അസിസ്റ്റന്റ് എം അഞ്ജു എന്നിവരെ സസ്പെന്‍ഡ് ചെയ്തത്.
പെർഫോമ റിപ്പോർട്ട് കൈമാറുന്നതിൽ ഉദ്യോഗസ്ഥതലത്തിലുണ്ടായ കാലതാമസത്തെക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിൻഹയ്ക്ക് നിർദേശം നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വീഴ്ച കണ്ടെത്തിയത്.
പൂക്കോട് വെറ്ററിനറി കോളജിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്റെ ദുരൂഹമരണത്തില്‍, കുടുംബത്തിന്റെ ആവശ്യമനുസരിച്ചാണ് അന്വേഷണം സിബിഐയ്ക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സിദ്ധാര്‍ത്ഥിന്റെ പിതാവ് ജയപ്രകാശിന് നല്‍കിയ ഉറപ്പ് പാലിച്ചുകൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ ഇതിനുള്ള ഉത്തരവും പുറത്തിറങ്ങിയിരുന്നു.
പെർഫോമ റിപ്പോർട്ടും വിജ്ഞാപനവും കൈമാറിയതോടെ തുടർന്ന് എന്ത് നടപടി വേണമെന്ന് തീരുമാനിക്കേണ്ടത് സിബിഐയാണ്.
പേഴ്സണൽ മന്ത്രാലയം വഴിയാണ് സിബിഐ ഡയറക്ടർക്ക് പെർഫോമയും വിജ്ഞാപനവും കൈമാറുക. തുടർന്ന് സിബിഐ ഡയറക്ടർ ഇത് ചെന്നൈയിലെ സിബിഐ ജോ. ഡയറക്ടർക്ക് കൈമാറും. തിരുവനന്തപുരം ക്രൈംബ്രാഞ്ച് യൂണിറ്റ് സാധ്യതാ പഠനം നടത്തിയ ശേഷമാകും സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്യുക. ഇക്കാര്യങ്ങളിൽ അന്തിമതീരുമാനം സിബിഐയുടേതാകും.
English Summary: delaying CBI investigation in Siddharthan Death case; suspension for three officials
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.