22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

ഗ്യാസ് ചേംബറായി ഡല്‍ഹി; പുകമഞ്ഞില്‍ മൂടി; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു

Janayugom Webdesk
ന്യൂഡല്‍ഹി
November 13, 2024 10:24 pm

രാജ്യതലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണതോത് അതി ഗുരുതരാവസ്ഥയില്‍. പുകമഞ്ഞിന്റെ ആവരണംകൂടി പൊതിഞ്ഞതോടെ ഡല്‍ഹിയിലെ സാധാരണ ജനജീവിതം ദുസ്സഹമായി. ഡൽഹിക്ക് പുറമെ നോയിഡ, ഗാസിയാബാദ്, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിലും കനത്ത മൂടൽ മഞ്ഞ് അനുഭവപ്പെടുന്നുണ്ട്. പ്രതീകൂല കാലാവസ്ഥ കണക്കിലെടുത്ത് 10 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ഒരു വിമാനം ലക്‌നൗവിലേക്ക് വഴി തിരിച്ചു വിട്ടപ്പോള്‍ ആറെണ്ണം ജയ്പൂരിലാണ് ലാന്റ് ചെയ്തത്. പുകമഞ്ഞ് വരും ദിനങ്ങളിലും തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്.

കടുത്ത പുകമഞ്ഞിന്റെ ആവരണത്തിലേക്കാണ് ഡല്‍ഹി ഇന്നലെ ഉണര്‍ന്നെഴുന്നേറ്റത്. വായു ഗുണ നിലവാര തോത് 400 കടന്നതോടെ ഇതുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്‌നങ്ങളും ജനജീവിതത്തെ വലച്ചിരിക്കുകയാണ്. സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ (സിപിസിബി) കണക്കുകൾ പ്രകാരം അയാ നഗറില്‍ വായു ഗുണനിലവാരം 417 രേഖപ്പെടുത്തി. ആനന്ദ് വിഹാർ- 396, ജഹാംഗീർപുരി- 389, എടിഒ- 378, Iഐജിഐ വിമാനത്താവളം- 368 എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. കനത്ത പുകമഞ്ഞിന്റെ പശ്ചാത്തലത്തില്‍ റോഡുകളിൽ ദൂരക്കാഴ്‌ച കുറവാണെന്നും കണ്ണിൽ അസ്വസ്ഥതകളും ശ്വാസതടസവും അനുഭവപ്പെടുന്നുണ്ടെന്നും തലസ്ഥാന നിവാസികള്‍ പറയുന്നു. 

ഹരിയാനയിലും പഞ്ചാബിലും കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതാണ് ഡല്‍ഹിയിലെ മലിനീകരണത്തിന്റെ പ്രധാന കാരണം. അന്തരീക്ഷ മലിനീകരണം ഉയര്‍ന്നതോടെ രണ്ടാം ഘട്ട നിയന്ത്രണങ്ങള്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ദീപാവലിയോട് അനുബന്ധിച്ച് പടക്കം വ്യാപകമായി പൊട്ടിച്ചതോടെ മലിനീകരണതോത് മുന്നോട്ടു പോകുകയാണുണ്ടായത്. അന്തരീക്ഷ മലിനീകരണതോത് അതിരൂക്ഷമായതോടെ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

മലിനീകരണവുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച സുപ്രീം കോടതി നിര്‍ണായക നിരീക്ഷണം നടത്തിയിരുന്നു. മലിനീകരണ രഹിത അന്തരീക്ഷത്തിൽ ജീവിക്കാനുള്ള അവകാശം ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 21 പ്രകാരം ഓരോ പൗരന്റെയും മൗലികാവകാശമാണ്. മലിനീകരണമുണ്ടാക്കുന്ന ഒരു പ്രവർത്തനത്തെയും ഒരു മതവും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും സമ്പൂര്‍ണ പടക്ക നിരോധനത്തിനായി നിലപാടെടുത്ത സുപ്രീം കോടതി അഭിപ്രായപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.