
ഡൽഹി ചെങ്കോട്ടക്ക് സമീപം സ്ഫോടനം നടന്ന കാറിലുണ്ടായിരുന്നുവെന്ന് കരുതുന്ന ജമ്മു കശ്മീർ പുൽവാമ സ്വദേശി ഡോ. ഉമർ നബിയുടെ കുടുംബം താമസിച്ചിരുന്ന വീട് സുരക്ഷാ സേന ബോംബിട്ട് തകർത്തു. ഐ ഇ ഡി (ഇംപ്രുവൈസ്ഡ് എക്സ്പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ച് പൊലീസിൻ്റെ സഹായത്തോടെയാണ് പുൽവാമയിലെ വീട് തകർത്തത്. സ്ഫോടനക്കേസിൽ അന്വേഷണവും അറസ്റ്റും തുടരുന്നതിനിടെ വ്യാഴാഴ്ച അർധരാത്രിയും ഇന്ന് പുലർച്ചെയുമായാണ് വീട് തകർത്തത്. ഉമറിൻ്റെ മൂന്ന് ബന്ധുക്കൾ അടക്കം ആറുപേരെ ജമ്മു-കശ്മീരിൽ നിന്ന് പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ചെങ്കോട്ടക്ക് സമീപം പൊട്ടിത്തെറിച്ച ഹ്യൂണ്ടായ് ഐ20 കാറിലുണ്ടായിരുന്നത് ഉമർ ആണെന്ന് ഡി എൻ എ പരിശോധനയിൽ വ്യക്തമായിരുന്നു.
ഉമറിൻ്റെ മാതാവിൽനിന്നും കുടുംബാംഗങ്ങളിൽനിന്നും ശേഖരിച്ച സാമ്പിളുകളുമായി താരതമ്യം ചെയ്താണ് പൊരുത്തം സ്ഥിരീകരിച്ചത്.
ഉമറുമായി ബന്ധപ്പെട്ട മൂന്നാമതൊരു കാർകൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം ചുവന്ന ഇക്കോസ്പോർട്ട് കാർ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഉമർ ജോലി ചെയ്തിരുന്ന ഫരീദാബാദ് അൽ ഫലാഹ് സർവകലാശാലയിലെ പാർക്കിങ് ഏരിയയിൽനിന്ന് മാരുതി ബ്രസ കാർ കസ്റ്റഡിയിലെടുത്തത്.
ഡൽഹിക്ക് പുറമെ ഹരിയാനയിലും പഞ്ചാബിലും ഉത്തർപ്രദേശിലും വ്യാപക പരിശോധനയും അറസ്റ്റും തുടരുകയാണ്. ഉത്തർപ്രദേശ് ഭീകര വിരുദ്ധ സ്ക്വാഡ് കാൺപൂരിൽനിന്ന് ഒബ്സ്റ്റട്രിക്സ് വിഭാഗം അസി. പ്രഫസർ ഡോ. ഫാറൂഖിനെയും മെഡിക്കൽ വിദ്യാർത്ഥി അനന്ത്നാഗ് സ്വദേശിയായ ഡോ. മുഹമ്മദ് ആരിഫിനെയും (32) കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, അൽ ഫലാഹ് സർവകലാശാലയുടെ അംഗത്വം ഇന്ത്യൻ യൂനിവേഴ്സിറ്റീസ് അസോസിയേഷൻ താത്കാലികമായി പിൻവലിച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.