22 January 2026, Thursday

Related news

November 24, 2025
November 23, 2025
November 21, 2025
November 17, 2025
November 17, 2025
November 17, 2025
November 17, 2025
November 16, 2025
November 16, 2025
November 16, 2025

ചെങ്കോട്ട സ്ഫോടനം: ഉപയോഗിച്ചത് മദർ ഓഫ് സാത്താൻ

Janayugom Webdesk
ന്യൂഡൽഹി
November 16, 2025 8:07 pm

ചെങ്കോട്ട സ്ഫോടനത്തിനുപയോഗിച്ചത് മദർ ഓഫ് സാത്താൻ എന്ന് കുപ്രസിദ്ധമായ ട്രയാസെറ്റോൺ ട്രൈപെറോക്സൈഡ്(ടിഎടിപി) സ്ഫോടക വസ്തുവെന്ന് സംശയം. അമോണിയം നൈട്രേറ്റ് ആയിരിക്കാം സ്ഫോടനത്തിന് കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ചെറുചൂടിൽ പോലും പൊട്ടിത്തെറിക്കുന്ന ടിഎടിപി ആണെന്നാണ് ഒടുവിൽ കണ്ടെത്തിയിരിക്കുന്നത്. താപനിലയിലെ മാറ്റം, ഘർഷണം, മർദം തുടങ്ങിയ കാരണങ്ങളാലും ടിഎടിപി പൊട്ടിത്തെറിക്കാം. അമോണിയം നൈട്രേറ്റിൽ നിന്ന് വ്യത്യസ്തമായി ഇവയ്ക്ക് പ്രത്യേകം ഡിറ്റണോറ്ററിന്റെ ആവശ്യമില്ല.
ആഗോളതലത്തിൽ അനധികൃതമായി ബോംബ് നിർമിക്കുന്നവരെല്ലാം ഉപയോഗിക്കുന്ന സ്ഫോടക വസ്തു ആയതിനാലാണ് ടിഎടിപിക്ക് മദർ ഓഫ് സാത്താൻ എന്ന പേര് ലഭിച്ചത്. 2005ൽ ലണ്ടനിൽ നടന്ന ബോംബാക്രമണങ്ങൾ, 2015ലെ പാരീസ് ആക്രമണം, 2016ലെ ബ്രസൽസിലെ ബോംബാക്രമണം, 2017ൽ മാഞ്ചസ്റ്റർ അരീനയിൽ നടന്ന ബോംബാക്രമണം, 2019ൽ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബാക്രമണം എന്നിവയിലെല്ലാം ഉപയോഗിച്ചത് ഇതേ സ്ഫോടക വസ്തു തന്നെയാണ്.
ചെങ്കോട്ടയില്‍ പൊട്ടിത്തെറിച്ച ഐ20 കാറിന്റെ ഭാഗങ്ങളിൽ നിന്ന് ടിഎടിപി യുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്. ഭീകരർ ടിഎടിപി അമോണിയം നൈട്രേറ്റുമായി കലർത്തിയതായി ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ) വിദഗ്ധര്‍ സംശയിക്കുന്നു. ജമ്മു കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തുക്കളിലും ഇതേ രാസവസ്തു ഉണ്ടായിരുന്നതായി വിവരങ്ങളുണ്ട്.
ടിഎടിപി ഏത് അളവിലും കൈകാര്യം ചെയ്യുന്നത് അപകടകരമാണ്. നിർമാണത്തിനിടയിലോ കൊണ്ടുപോകുന്നതിനിടയിലോ സ്ഫോടനം സംഭവിക്കുന്നത് സാധാരണമാണെന്ന് ഒരു മുതിർന്ന സുരക്ഷാ ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ടിഎടിപി കാറിൽ ഉണ്ടായിരുന്നതിനാലാണ് ഉമർ നബി കാർ സാവകാശം ഓടിച്ചിരുന്നതെന്നും പറയപ്പെടുന്നു.
സ്ഫോടനത്തിൽ തകർന്ന i20 കാറിന്റെ പിൻസീറ്റിൽ ഒരു വലിയ ബാഗ് വെച്ചിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. ഈ ബാഗ് ഏകദേശം പിൻസീറ്റിന്റെ പകുതിയോളം ഭാഗം കവർ ചെയ്തിരുന്നത് സ്ഫോടകവസ്തുവിന്റെ വലിപ്പം വ്യക്തമാക്കുന്നു. സ്ഫോടനത്തിന്റെ ആഘാതം 50 മീറ്റർ ഭൂമിക്കടിയിൽ വരെ അനുഭവപ്പെട്ടിരുന്നു. സ്ഫോടകവസ്തു നിർമിക്കാൻ ആവശ്യമായ രാസവസ്തുക്കൾ എങ്ങനെ ഉമറിന് ലഭിച്ചുവെന്നതിൽ അന്വേഷണം തുടരുകയാണ്. ഉമറിന്റെ ഡിജിറ്റൽ രേഖകൾ, ഫോണിലൂടെയും അല്ലാതെയുമുള്ള ആശയ വിനിമയം, യാത്രകൾ എന്നിവയെല്ലാം സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും അന്വേഷണ സംഘം അറിയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.