8 January 2025, Wednesday
KSFE Galaxy Chits Banner 2

Related news

January 6, 2025
January 6, 2025
January 5, 2025
January 4, 2025
December 31, 2024
December 31, 2024
December 29, 2024
December 27, 2024
December 26, 2024
December 26, 2024

രാഷ്ട്രീയ വേട്ട: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിൽ

നിരോധനാജ്ഞ പ്രഖ്യാപിച്ചു
റെജി കുര്യന്‍
ഡല്‍ഹി
March 21, 2024 9:25 pm

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്റേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചശേഷമായിരുന്നു അറസ്റ്റ്. നടപടിക്കെതിരെ തലസ്ഥാനത്ത് എഎപി പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
കെജ്‌രിവാള്‍ ജയിലില്‍ ഇരുന്ന് ഭരിക്കുമെന്നും മോഡിയുടെ വിരട്ടല്‍ വിലപ്പോവില്ലെന്നും മന്ത്രി അതിഷി പ്രതികരിച്ചു. മുഖ്യമന്ത്രി പദത്തില്‍ കെജ്‌രിവാള്‍ തുടരും. അറസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. കേസില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. വ്യാജ ആരോപണത്തിന്റെ മറവില്‍ പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യുന്ന അത്യന്തം ഹീനമായ നടപടിയാണ് ഇതെന്നും അവര്‍ പറഞ്ഞു. 

ഇഡി അറസ്റ്റില്‍ നിന്നും സംരക്ഷണം വേണമെന്ന കെജ്‌രിവാളിന്റെ ഹര്‍ജി ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലെയാണ് ഇഡി അറസ്റ്റ് നടപടികളിലേക്ക് കടന്നത്. സെര്‍ച്ച് വാറണ്ടുമായി എത്തിയ അന്വേഷണ സംഘം ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഒമ്പത് തവണ ഇഡി സമന്‍സ് അയച്ചിട്ടും കെജ്‌രിവാള്‍ ഹാജരായിരുന്നില്ല. ഇതിനിടെയാണ് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. ഡല്‍ഹി സര്‍ക്കാരിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന മദ്യവില്പനയും വിതരണവും 2021 നവംബറില്‍ സ്വകാര്യ മേഖലയ്ക്ക് കൈമാറിയ തീരുമാനത്തില്‍ അഴിമതി നടന്നുവെന്നാണ് ഇഡി ആരോപണം. വിവാദ മദ്യനയം പിന്നീട് റദ്ദാക്കിയിരുന്നു.

മോഡി സര്‍ക്കാരിന്റെ നോമിനിയായ വി കെ സക്സേന ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതലയേറ്റശേഷമായിരുന്നു അന്വേഷണം നടത്താന്‍ ഉത്തരവിട്ടത്. തുടര്‍ന്ന് ഇടപാടില്‍ പ്രഥമദൃഷ്ട്യാ ക്രമക്കേടുണ്ടെന്ന് സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അതിനു പിന്നാലെയാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഇടപാടിലെ അഴിമതിയിലൂടെ ലഭിച്ച 100 കോടി രൂപ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഗോവയില്‍ ചെലവഴിച്ചുവെന്നാണ് ഇഡി ആരോപിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ ആറ് വരെ നീട്ടിയിട്ടുണ്ട്. അറസ്റ്റില്‍ സിപിഐ ഉള്‍പ്പെടെ പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രതിഷേധിച്ചു.
കഴിഞ്ഞ മാസമാണ് ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോരേനെ ഇഡി അറസ്റ്റ് ചെയ്തത്.

ലക്ഷ്യം ശ്രദ്ധതിരിക്കല്‍

ന്യൂഡല്‍ഹി: അരവിന്ദ് കെജ്‌രിവാളിന്റെ അറസ്റ്റ് ഇലക്ടറല്‍ ബോണ്ടില്‍ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കം, കേന്ദ്ര അന്വേഷണ ഏജന്‍സികളെ ദുരുപയോഗം ചെയ്ത് ഇലക്ടറല്‍ ബോണ്ടിലൂടെ ബിജെപി നേടിയ കോടാനുകോടികളുടെ വിവരങ്ങള്‍ സുപ്രീം കോടതി നിര്‍ദേശ പ്രകാരം കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷന്‍ പുറത്തുവിട്ടത് തെരഞ്ഞെടുപ്പ് പ്രചാരണരംഗത്ത് വലിയ തിരിച്ചടിയായി മാറിയിരുന്നു. ഇതിനെ പ്രതിരോധിക്കുകയാണ് അറസ്റ്റിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു.
അര്‍ധസൈനികര്‍, ദ്രുതകര്‍മ്മ സേന, ഡല്‍ഹി പൊലീസ് ഉള്‍പ്പെടെ വന്‍ തോതിലുള്ള സുരക്ഷാ സംവിധാനമാണ് കെജ്‌രിവാളിന്റെ അറസ്റ്റിനായി ഇഡി ക്രമീകരിച്ചത്. കെജ്‌രിവാളിന്റെയും കുടുംബാംഗങ്ങളുടെയും ഫോണുകളടക്കം ഇഡി പിടിച്ചെടുത്തിട്ടുമുണ്ട്. കെജ്‌രിവാളിന്റെ അറസ്റ്റിനെ ഇന്ത്യ സഖ്യം ഒറ്റക്കെട്ടായി പ്രതിരോധിക്കുമെന്ന് നേതാക്കള്‍ പ്രതികരിച്ചു.

Eng­lish Summary:Delhi Chief Min­is­ter Arvind Kejri­w­al arrested
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.