23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024
December 21, 2024

ലോകത്തിലെ ഏറ്റവും മോശം നഗരമായി ഡല്‍ഹി

വായു മലിനീകരണം രൂക്ഷം 
റെജി കുര്യന്‍
ന്യൂഡല്‍ഹി
November 1, 2024 11:35 pm

ദീപാവലി ആഘോഷങ്ങള്‍ക്കു പിന്നാലെ ലോകത്ത് വായു മലിനീകരണം ഏറ്റവും രൂക്ഷമായ നഗരമായി ഡല്‍ഹി. വായു മലിനീകരണത്തെ തുടര്‍ന്ന് ദീപാവലി ആഘോഷങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ജനങ്ങള്‍ പടക്കം പൊട്ടിച്ചതോടെയാണ് മലിനീകരണം രൂക്ഷമായത്.

ശൈത്യത്തിന്റെ വരവും കാറ്റിന്റെ ഗതിവേഗത്തിലെ കുറവും പൊടിപടലങ്ങളും അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ ഉയര്‍ച്ച താഴ്ചകളും അയല്‍ സംസ്ഥാനങ്ങളില്‍ ഗോതമ്പ് കൃഷിക്കായി പാടങ്ങളില്‍ വിള അവശിഷ്ടങ്ങള്‍ കത്തിക്കുന്നതും ഉള്‍പ്പെടെ നിരവധി വിഷയങ്ങളാണ് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തോത് ഉയരുന്നതിന് കാരണമാകുന്നത്.

ദീപാവലിയോടനുബന്ധിച്ച് ജനങ്ങള്‍ പടക്കം പൊട്ടിച്ച് അന്തരീക്ഷ മലിനീകരണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ പടക്കത്തിന്റെ വില്പന, ഉപയോഗം, സൂക്ഷിപ്പ് ഉള്‍പ്പെടെയുള്ളവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ വ്യാഴാഴ്ച വൈകിട്ട് നിയന്ത്രണങ്ങള്‍ മറികടന്ന് ജനങ്ങള്‍ വ്യാപകമായി പടക്കങ്ങള്‍ പൊട്ടിച്ച് ആഘോഷം കൊഴുപ്പിച്ചു.

ഇന്നലെ രാവിലെ അന്തരീക്ഷ മലിനീകരണ തോത് ഡല്‍ഹിയിലെ എല്ലാ മേഖലയിലും വളരെ മോശം അവസ്ഥയായ 328 വരെ എത്തി. മലിനീകരണ തോത് വിലയിരുത്തുന്ന 40 നിരീക്ഷണ കേന്ദ്രങ്ങളിലും വളരെ മോശം സ്ഥിതിയാണ് രേഖപ്പെടുത്തിയത്. ഇതില്‍ തന്നെ ആനന്ദ് വിഹാര്‍, ആര്‍ കെ പുരം നിരീക്ഷണ കേന്ദ്രങ്ങളില്‍ മലിനീകരണതോത് 395 വരെ ആകുകയും ചെയ്തു.
ജനങ്ങള്‍ പടക്കം പൊട്ടിക്കുന്നത് നിയന്ത്രിക്കാന്‍ 377 നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചതായി പരിസ്ഥിതി മന്ത്രി നേരത്തെ വ്യക്തമാക്കിയെങ്കിലും ഇന്നലെ വെളുപ്പിനു വരെ വിവിധ ഭാഗങ്ങളില്‍ പടക്കത്തിന്റെ ശബ്ദം മുഴങ്ങി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കുറി മലിനീകരണ തോത് കുറവെന്ന നിലപാടാണ് അദ്ദേഹം എക്സില്‍ കുറിച്ചത്.

ഡല്‍ഹിയില്‍ പടക്കം പൊട്ടിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും അതെല്ലാം നിഷ്ഫലമായി. തീപിടിത്തവുമായി ബന്ധപ്പെട്ട 318 ഫോണ്‍ കോളുകളാണ് വ്യാഴാഴ്ച രാത്രി ഡല്‍ഹി ഫയര്‍ സര്‍വീസിന് ലഭിച്ചത്. ഇത് 13 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന സംഖ്യയെന്നും ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് വ്യക്തമാക്കി.
ദീപാവലി ആഘോഷങ്ങളാണ് ഡല്‍ഹി അന്തരീക്ഷ മലിനീകരണത്തിന് ഇടയാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് എഎപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ബിജെപി ആക്ഷേപം ഉന്നയിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.