
മുൻ കരസേനാ മേധാവി ജനറൽ എം എം നരവനെയുടെ ആത്മകഥയായ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ എന്ന പുസ്തകത്തിലെ ഉള്ളടക്കം ചോർന്ന സംഭവത്തിൽ പ്രസാധകരായ ‘പെൻഗ്വിൻ റാൻഡം ഹൗസ് ഇന്ത്യ’ക്ക് ഡൽഹി പൊലീസ് നോട്ടീസ് അയച്ചു. പുസ്തകം ഔദ്യോഗികമായി പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ അതിലെ തന്ത്രപ്രധാനമായ ഭാഗങ്ങൾ പുറത്തായതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സഹകരിക്കണമെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെൽ നിര്‍ദേശിച്ചു.
പ്രതിരോധ മന്ത്രാലയത്തിന്റെ അന്തിമ അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ പുസ്തകത്തിലെ നിർണായക വിവരങ്ങൾ നിയമവിരുദ്ധമായി പ്രചരിപ്പിച്ചുവെന്ന പേരിലാണ് പൊലീസ് നടപടി. സംഭവത്തിൽ ക്രിമിനൽ ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി സ്പെഷ്യൽ സെൽ കേസെടുത്തിട്ടുണ്ട്. പുസ്തകത്തിന്റെ പിഡിഎഫ് പകർപ്പുകളും ചില ഭാഗങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു,
2020ൽ കിഴക്കൻ ലഡാക്കിലെ യഥാർത്ഥ നിയന്ത്രണരേഖയിൽ ഇന്ത്യയും ചൈനയും തമ്മിലുണ്ടായ സംഘർഷങ്ങളെക്കുറിച്ചുള്ള ചില വെളിപ്പെടുത്തലുകൾ പുസ്തകത്തിലുണ്ടെന്നാണ് സൂചന.
പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് രണ്ട് തവണ പ്രസാധകർ വിശദീകരണ കുറിപ്പ് ഇറക്കിയിരുന്നു. പുസ്തകത്തിന്റെ അനധികൃത പകർപ്പുകൾ വിതരണം ചെയ്യുന്നത് നിയമവിരുദ്ധമാണെന്നും അത് തടയാൻ നടപടികൾ സ്വീകരിക്കുമെന്നും പെൻഗ്വിൻ റാൻഡം ഹൗസ് വ്യക്തമാക്കി. പാർലമെന്റിലും ഈ വിഷയം വലിയ രാഷ്ട്രീയ തർക്കങ്ങൾക്ക് വഴിമാറിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.