23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 16, 2024
November 13, 2024

ഡല്‍ഹി വെള്ളത്തില്‍ തുടരുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
July 15, 2023 11:15 pm

രാജ്യതലസ്ഥാനത്ത് മഴയും വെള്ളക്കെട്ടും തുടരുന്നു. പല പ്രദേശങ്ങളിലും പ്രളയ സമാനമായ സാഹചര്യം തുടരുകയാണ്. യമുനാ നദിയിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങിയെങ്കിലും അപകടനിലയ്ക്ക് മുകളില്‍ തുടരുകയാണ്. 207.98 അടിയായിരുന്നു ഇന്നലെ ജലനിരപ്പ്. മഴയും വെള്ളക്കെട്ടും തുടരുകയാണ്.
വരുന്ന നാലോ അഞ്ചോ ദിവസങ്ങളില്‍ ഇടിയോടുകൂടിയ മഴ തുടര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളപ്പൊക്ക ബാധിത മേഖലകളില്‍ നിന്ന് വിവിധ രക്ഷാദൗത്യങ്ങളിലൂടെ 25,478 പേരെ മാറ്റിപ്പാര്‍പ്പിച്ചതായാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ 22,803 പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുവെന്നാണ് ഡല്‍ഹി സര്‍ക്കാരിന്റെ കണക്കുകളില്‍ പറയുന്നത്.
യമുന ബാരേജിന്റെ അഞ്ച് ഗേറ്റുകളും തുറക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. പല ഗേറ്റുകളും ചെളി മൂടി തുറക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. യമുനയിലെ ജലനിരപ്പ് കുറഞ്ഞുവരികയാണ്, മഴ പെയ്തില്ലെങ്കില്‍ വളരെപ്പെട്ടെന്ന് സാധാരണഗതിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് കെജ‌്‌രിവാള്‍ പറഞ്ഞു.
ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി പെയ്ത കനത്ത മഴയിലാണ് ഹരിയാനയിലെ ഹത്‌നികുണ്ഡ് ബാരേജ് നിറഞ്ഞത്. സാധാരണനിലയില്‍ മണിക്കൂറില്‍ 352 ക്യുസെക് ജലമാണ് ബാരേജില്‍ നിന്ന് പുറന്തള്ളുന്നത്. ബാരേജില്‍ ജലം കൂടിയതോടെ ജലം പുറന്തള്ളുന്നതിന്റെ അളവും വര്‍ധിച്ചു. ഒമ്പതാം തീയതി വൈകിട്ട് നാലിന് 1,11,060 ക്യുസെക് ജലമാണ് പുറത്തേക്ക് ഒഴുകിയത്. 11-ാം തീയതി ഇത് 3,59,769 ക്യുസെക് ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ ഇത് 52,042 ക്യുസെക് ആയി കുറഞ്ഞെങ്കിലും ഡല്‍ഹിയില്‍ പ്രളയസമാനമായ സാഹചര്യം തുടരുകയാണ്.
ഉത്തർ പ്രദേശ്, ഹരിയാന, ഡൽഹി എന്നിവിടങ്ങളിലേക്ക് ഹത്‌നികുണ്ഡ് അണക്കെട്ടിൽ നിന്നും ഒരേ അളവിൽ ജലം ഒഴുക്കിവിടാമായിരുന്നെങ്കിലും ഒമ്പതു മുതൽ 13 വരെ ഡൽഹിയിലേക്ക് മാത്രമാണ് വെള്ളം ഒഴുക്കി വിട്ടത്. ഈ മൂന്ന് സംസ്ഥാനങ്ങളിലേക്കും ഒരേ അളവിൽ ജലം തുറന്നു വിട്ടിരുന്നെങ്കിൽ യമുനയോട് ചേർന്നുള്ള പ്രദേശങ്ങൾ കൂടുതൽ സുരക്ഷിതമാകുമായിരുന്നുവെന്ന് ആംആദ്മി പാര്‍ട്ടി ആരോപിക്കുന്നു.
ബാരേജില്‍‍ നിന്ന് ഒരു ലക്ഷത്തിൽ കൂടുതല്‍ നീരൊഴുക്ക് ഉണ്ടായാൽ വലിയ പാറക്കെട്ടുകൾ തടസം സൃഷ്ടിക്കുന്നതിനാൽ പടിഞ്ഞാറൻ യമുനയിലേക്കും കിഴക്കന്‍ യമുനയിലേക്കും വെള്ളം ഒഴുക്കി വിടാൻ സാധിക്കില്ലെന്ന് ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവും റിട്ടയേഡ് ഐഎഎസ് ഉദ്യോഗസ്ഥനുമായ (ഇറിഗേഷൻ) ദേവേന്ദ്ര സിങ് പറഞ്ഞു.

eng­lish smmary;Delhi remains in the water

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.