24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 25, 2024
October 21, 2024
February 26, 2023
December 3, 2022
November 6, 2022
October 9, 2022
October 3, 2022
August 19, 2022
April 19, 2022
March 1, 2022

ഡൽഹി കലാപം: കേന്ദ്രത്തിന്റെ വീഴ്ച, റിപ്പോർട്ട് നല്‍കി ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ അന്വേഷണസമിതി

 
ബിജെപി നേതാക്കൾ സംഘർഷം ആളിക്കത്തിച്ചു
പൊലീസ് നടപടിയെടുക്കാന്‍ വൈകി
Janayugom Webdesk
ന്യൂഡൽഹി
October 9, 2022 10:18 pm

2020 ലെ ഡൽഹി കലാപത്തിൽ കേന്ദ്ര, ഡൽഹി സർക്കാരുകൾ ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കുന്നതിൽ പരാജയപ്പെട്ടെന്ന് ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ അന്വേഷണസമിതി റിപ്പോർട്ട്. അക്രമ ബാധിത പ്രദേശങ്ങളിൽ അധിക സേനയെ വിന്യസിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈകിപ്പിച്ചുവെന്നും ഈ അനാസ്ഥ കലാപകാരികളെ പരോക്ഷമായി സഹായിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.

കലാപത്തിൽ പൊലീസിനുള്ള പങ്കിനെയും, സംഘർഷം ആളിക്കത്തിക്കാൻ ബിജെപി നേതാക്കൾ നടത്തിയ പ്രസ്താവനകൾക്കെതിരെ പൊലീസ് നടപടിയെടുക്കാത്തതിനെയും സമിതി വിമർശിച്ചു. സംഭവത്തില്‍ ഇടപെടാന്‍ കാലതാമസം വരുത്തിയതിന് കേന്ദ്രസർക്കാരിനെയും ഇരകൾക്ക് ആശ്വാസം നല്കുന്നതിൽ പരാജയപ്പെട്ടതിന് ഡൽഹി സർക്കാരിനെയും ജസ്റ്റിസുമാരായ എ പി ഷാ, ആർ എസ് സോഥി, അഞ്ജന പ്രകാശ്, മുൻ ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള എന്നിവർ അംഗങ്ങളായ സമിതി കുറ്റപ്പെടുത്തി. അതേസമയം, സമിതിയിൽ നിന്ന് രാജിവെച്ച മുൻ ഡിജിപി മീര ഛദ്ദ ബോർവങ്കര്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടെങ്കിലും പൊലീസ് പങ്കാളിത്തം സംബന്ധിച്ച സമിതിയുടെ നിരീക്ഷണത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു.

2020 ഫെബ്രുവരി 23 നും 26 നും ഇടയിൽ തുടർച്ചയായി വർഗീയ കലാപങ്ങൾ നടന്നു. കലാപം തുടങ്ങിയ 23 ന് ഡൽഹി പൊലീസ് നേതൃത്വത്തിന് സ്പെഷ്യൽ ബ്രാഞ്ചിൽ നിന്നും ഇന്റലിജൻസ് വിഭാഗങ്ങളിൽ നിന്നും ആറ് ആഭ്യന്തര മുന്നറിയിപ്പുകളെങ്കിലും ലഭിച്ചിട്ടും 26 ന് മാത്രമാണ് അധിക സേനയെ വിന്യസിച്ചതെന്ന് സമിതി കണ്ടെത്തി. ഇത് തുടർച്ചയായി മൂന്ന് ദിവസം അക്രമം അഴിച്ചുവിടാൻ കലാപകാരികളെ സഹായിച്ചു. അക്രമം നിയന്ത്രണവിധേയമായ ശേഷമാണ് 26 ന് സേനയുടെ എണ്ണം 4,000 ആയി ഉയർത്തിയത്. 24 ന്, സിവിൽ പൊലീസിന്റെയും അർധസൈനികരുടെയും എണ്ണം 23 നേക്കാൾ കുറവായിരുന്നു. ഉമർ ഖാലിദ്, ഖാലിദ് സൈഫി, ഇസ്രത് ജഹാൻ, ഗുല്‍ഫിഷ ഫാത്തിമ, സഫൂറ സർഗാർ, നടാഷ നർവാൾ, ദേവാംഗന കലിത തുടങ്ങിയവർക്കെതിരെയുള്ള യുഎപിഎ കേസിൽ ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രവും സമിതിയുടെ ഈ അവകാശവാദത്തെ പിന്തുണയ്ക്കുന്നതാണ്.

വിവാദമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ച മുസ്‍ലിങ്ങൾക്കെതിരായ ബിജെപിയുടെ വിദ്വേഷ പ്രചാരണം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനാസ്ഥ, ഡൽഹി പൊലീസിന്റെ നഗ്നമായ പങ്കാളിത്തം, ഭിന്നത വളർത്തുന്ന മാധ്യമ വിവരണം എന്നിവയ്ക്ക് വർഗീയ കലാപത്തിൽ കൂട്ടായ ഉത്തരവാദിത്തമുണ്ട്. ഈ ഘടകങ്ങൾ ഒരുമിച്ച് ബോധപൂർവം ഹിന്ദു-മുസ്‍ലിം ഭിന്നത രൂപപ്പെടുത്തിയതാണ് അക്രമത്തിലേക്ക് നയിച്ചതെന്ന് സമിതി വിലയിരുത്തി.

സിഎഎ വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്ന കേന്ദ്രങ്ങൾ തകർക്കാൻ ഹിന്ദുത്വ പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന അക്രമത്തിൽ പാെലീസും പങ്കെടുത്തു. പല സംഭവങ്ങളിലും ഡൽഹി പൊലീസ് മുസ്‍ലിം വിഭാഗത്തെ ലക്ഷ്യമിട്ട് പ്രവർത്തിച്ചു. 24 ന് കർദംപുരിയിൽ അഞ്ച് മുസ്‍ലിം യുവാക്കൾക്കെതിരെ പൊലീസ് മർദ്ദനമുണ്ടായി. അതിൽ ഫൈസാൻ എന്ന യുവാവ് മരിച്ചു. യുവാക്കളെ പൊലീസ് വളയുകയും ദേശീയ ഗാനവും വന്ദേമാതരവും ആലപിക്കാൻ ഉത്തരവിട്ട് മർദ്ദിക്കുകയും ചെയ്യുന്നത് ചില പൊലീസുകാർ വീഡിയോയിൽ പകർത്തുകയായിരുന്നു.
‘കൽമിയ (അവസാന വാക്കുകൾ) ചൊല്ലുക’, ‘പാകിസ്ഥാനിലേക്ക് പോകുക’ തുടങ്ങിയ വിഭാഗീയവും വർഗീയവുമായ പരാമർശങ്ങൾ പാെലീസ് നടത്തിയതായി ജാമിയ മില്ലിയ ഇസ്‍ലാമിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ സാക്ഷ്യങ്ങളും സിസിടിവി വീഡിയോ ക്ലിപ്പുകളും കാണിക്കുന്നതായി സമിതി ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരോടും വിദ്വേഷം ആളിക്കത്തിച്ച ഹിന്ദുത്വ പ്രവർത്തകരോടും ബിജെപി നേതാക്കളോടും ഡൽഹി പൊലീസ് വ്യത്യസ്തമായ രീതിയിലാണ് പ്രതികരിച്ചതെന്നും റിപ്പോർട്ടിലുണ്ട്.

Eng­lish Sum­ma­ry: Del­hi Riots: Report Given
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.