5 January 2026, Monday

Related news

January 3, 2026
January 3, 2026
January 1, 2026
December 31, 2025
December 30, 2025
December 30, 2025
December 29, 2025
December 27, 2025
December 26, 2025
December 25, 2025

ഡല്‍ഹി സര്‍വകലാശാല കശ്മീരി വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ തേടി

Janayugom Webdesk
May 8, 2025 9:11 pm

പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല കശ്മീര്‍ വിദ്യാര്‍ത്ഥികളോട് ആധാര്‍ നമ്പറും താമസസ്ഥലത്തിന്റെ വിശദാംശങ്ങളും നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയത് വിവാദമായി. നഗ്നമായ സ്വകാര്യതാ ലംഘനമാണെന്നാണ് ആക്ഷേപമുയര്‍ന്നു. വിവേചനമായ നടപടിയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. രാജ്യത്തുടനീളം കശ്മീരി വിദ്യാര്‍ത്ഥികള്‍ പലതരത്തിലുള്ള വിവേചനം നേരിടുന്നുണ്ട്. അത്തരം സാഹചര്യത്തില്‍ സര്‍ക്കുലര്‍ ആശങ്കാജനകമാണെന്ന് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ ദേശീയ കണ്‍വീനര്‍ നസീര്‍ ഖുഹാമി പറഞ്ഞു. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി കശ്മീരിനെ ലയിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്ന് സര്‍ക്കാര്‍ അവകാശപ്പെടുമ്പോഴും മറുവശത്ത് തങ്ങള്‍ ഒറ്റപ്പെടുകയാണെന്നും അവര്‍ പറഞ്ഞു. സര്‍വകലാശാല പക്ഷപാതപരമായി പെരുമാറുന്നുണ്ടെന്നും കശ്മീരി വിദ്യാര്‍ത്ഥികള്‍ രണ്ടാംനിര പൗരന്മാരാണെന്ന് സൂചിപ്പിക്കാനുള്ള ശ്രമമാണോ ഇതെന്നും ചോദിച്ചു.

ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന സര്‍വകലാശാലാ വാദം വിശ്വസനീയമല്ല. കാരണം പ്രവേശന സമയത്തുതന്നെ ഈ വിവരങ്ങളെല്ലാം നല്‍കുന്നുണ്ട്. എന്നാല്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷയ്ക്കായാണ് നടപടികള്‍ സ്വീകരിച്ചതെന്ന് സര്‍വകലാശാലയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.
യൂണിവേഴ്സിറ്റി തീരുമാനത്തെ ചോദ്യം ചെയ്ത് ജമ്മു ആന്റ് കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായ്ക്ക് കത്തയച്ചു. ഡല്‍ഹി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്ത നിരവധി കോളജുകള്‍ കശ്മീരി വിദ്യാര്‍ത്ഥികളുടെ വിലാസം, ഫോണ്‍ നമ്പറുകള്‍, ഇമെയില്‍, കോഴ്സ് എന്നിവ അടക്കമുള്ള വ്യക്തിഗത വിവരങ്ങള്‍ ആവശ്യപ്പെട്ടെന്നും കത്തില്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളിലെയോ, കേന്ദ്രഭരണപ്രദേശങ്ങളിലെയോ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തിലുള്ള നിബന്ധന ഏര്‍പ്പെടുത്തിയിട്ടില്ല. അതുകൊണ്ട് കശ്മീരി വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നതിനോ, ഒറ്റപ്പെടുത്തുന്നതിനോ ആണെന്ന ആശങ്കയുണ്ട്. ഭരണഘടനാപരമായ തുല്യത, അന്തസ്, സ്വകാര്യത എന്നീ അവകാശങ്ങളെ ലംഘിക്കുകയാണെന്നും ആരോപിച്ചു.

തങ്ങളെ കുറിച്ച് ശേഖരിക്കുന്ന വിവരങ്ങള്‍ എങ്ങനെ ഉപയോഗിക്കുമെന്ന് ആശങ്കയുണ്ട്. വിദ്യാര്‍ത്ഥികളുടെ മനസില്‍ ഭയവും അനിശ്ചിതത്വവും വളര്‍ത്തിയെന്നും ഇത് സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാക്കുമെന്നും ചൂണ്ടിക്കാട്ടുന്നു. വിദ്യാര്‍ത്ഥികളുടെ പ്രാദേശിക, വംശീയ, മത വിവരങ്ങള്‍ ശേഖരിക്കില്ലെന്ന് ഉറപ്പാക്കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. കശ്മീര്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം രഹസ്യാന്വേഷണ വിഭാഗവും ആഭ്യന്തര മന്ത്രാലയവും അന്വേഷിച്ചെന്നും കോളജുകളിലെയും ഹോസ്റ്റലുകളിലെയും വിവരങ്ങള്‍ തേടിയത് അതുകൊണ്ടാണെന്നും സര്‍വകലാശാല പ്രൊഫസര്‍ രജനി അബ്ബി പറഞ്ഞു. എന്നാല്‍ ഔദ്യോഗിക നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.