സംസ്ഥാനത്തെ ഏറ്റവും വലിയ വികസന പദ്ധതികളിലൊന്നായ വിഴിഞ്ഞം അന്തർദേശീയ തുറമുഖം പൂർത്തീകരണത്തോട് അടുക്കുമ്പോൾ നിലവിലെ റെയിൽപ്പാതയ്ക്ക് സമാന്തരമായുള്ള ഗ്രീൻ ഫീൽഡ് റെയിൽവേ കോറിഡോർ രൂപപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര റെയിൽവേ മന്ത്രി, സംസ്ഥാന മുഖ്യമന്ത്രി, വ്യവസായ‑ടൂറിസം മന്ത്രിമാർ തുടങ്ങിയവർക്ക് ശബരി റെയിൽ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറഷൻ നിവേദനം നൽകി.
ശബരി പദ്ധതിയെ വിഴിഞ്ഞം തുറമുഖത്തേക്കും തലസ്ഥാനത്തേക്കുമുള്ള രണ്ടാമത്തെ റെയിൽവേ കോറിഡോറായി വികസിപ്പിക്കുന്നത് വിഴിഞ്ഞം തുറമുഖത്തിന്റെയും സംസ്ഥാനത്തിന്റെ വ്യാവസായിക- വിനോദ സഞ്ചാര മേഖലകളുടെയും വേഗത്തിലുള്ള വളർച്ചയ്ക്ക് സഹായകമാകുമെന്ന് ഈ രംഗത്തെ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്.
എരുമേലിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് ശബരിപ്പാത നീട്ടുന്നതിന് റെയിൽവേ പഠനം നടത്തിയിട്ടുണ്ട്. ശബരി പദ്ധതിയുടെ രണ്ടാം ഘട്ടമായി എരുമേലിയിൽ നിന്ന് റാന്നി, പത്തനംതിട്ട, കോന്നി, പത്തനാപുരം, പുനലൂർ, അഞ്ചൽ, കിളിമാനൂർ, വെഞ്ഞാറമൂട്, നെടുമങ്ങാട്, കാട്ടാക്കട നഗരങ്ങളെ ബന്ധിപ്പിച്ച് ബാലരാമപുരത്തേക്ക് സമാന്തരപ്പാത നിർമ്മിക്കുമ്പോൾ പദ്ധതി വഴി സംസ്ഥാനത്തിന് പുതുതായി 25 റെയിൽവേ സ്റ്റേഷനുകൾ കൂടി ലഭിക്കും. പത്തനംതിട്ട ജില്ലാ ആസ്ഥാനത്തേക്ക് സംസ്ഥാന തലസ്ഥാനത്ത് നിന്ന് റെയിൽവേ യാത്രാസൗകര്യം ലഭിക്കും എന്നതാണ് വിഴിഞ്ഞം ഗ്രീൻ ഫീൽഡ് റെയിൽവേ പദ്ധതിയുടെ മറ്റൊരു പ്രധാന നേട്ടം. ഗ്രീൻ ഫീൽഡ് പാത കൊല്ലം — ചെങ്കോട്ട റെയിൽപ്പാതയുമായി പുനലൂരിൽ സന്ധിക്കുന്നതിനാൽ തമിഴ‌്നാട്ടിൽ നിന്നുള്ള ശബരിമല തീർത്ഥാടകർക്കുള്ള റെയിൽവേ സൗകര്യങ്ങളും വർധിക്കും.
കിഴക്കൻ മേഖലയിലെ പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, ഭൂതത്താൻ കെട്ട്, തട്ടേക്കാട്, ഇടുക്കി ഡാം, കുളമാവ്, രാമക്കൽമേട്, വാഗമൺ, കുട്ടിക്കാനം, തേക്കടി, ഗവി, തെന്മല, പൊന്മുടി, നെയ്യാർ ഡാം തുടങ്ങിയയിടങ്ങളിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിച്ചേരാനുള്ള സൗകര്യം വർധിക്കുന്നുവെന്നതും ക്രൂയിസ് കപ്പലുകളിൽ തുറമുഖത്തെത്തുന്ന വിദേശ സഞ്ചാരികൾക്ക് പ്രയോജനപ്രദമാകുമെന്നതും ഗ്രീൻ ഫീൽഡ് റെയിൽവേ കോറിഡോറിന്റെ സവിശേഷതയാണ്.
പെരുമ്പാവൂരിലെ പ്ലൈവുഡ് വ്യവസായ മേഖലയെയും രാജ്യത്തെ പൈനാപ്പിൾ സിറ്റിയായ വാഴക്കുളത്തെയും തൊടുപുഴയിലെ കിൻഫ്ര സ്പൈസസ് പാർക്കിനെയും കോതമംഗലത്തെ ഫർണിച്ചർ ക്ലസ്റ്ററിനെയും മൂവാറ്റുപുഴയിലെ കിൻഫ്ര ഫുഡ് പാർക്കിനെയും സമാന്തര റെയിൽവേപ്പാത വഴി വിഴിഞ്ഞവുമായി ബന്ധിപ്പിക്കുന്നത് വ്യവസായ കേന്ദ്രങ്ങളുടെയും തുറമുഖത്തിന്റെയും വികസനത്തിന് സഹായകമാകും. ഈ മേഖലയിൽ നിന്ന് ദിനംപ്രതി 850 ട്രക്ക് ഉല്പന്നങ്ങൾ ദേശീയ — അന്തർദേശീയ മാർക്കറ്റുകളിലേക്ക് കയറ്റുമതി ചെയ്യുന്നതായി വ്യവസായ‑വാണിജ്യ സംഘടനകളുടെ റിപ്പോർട്ടുകളിൽ പറയുന്നുണ്ട്.
കിഴക്കൻ മേഖലകളിൽ നിന്നുള്ള കാർഷിക ഉല്പന്നങ്ങളായ ഏലം, കുരുമുളക്, റബ്ബർ, ഗ്രാമ്പൂ തുടങ്ങിയവ ദേശീയ — അന്തർദേശീയ വിപണികളിലെത്തിക്കാൻ വിഴിഞ്ഞം തുറമുഖവും റെയിൽവേ കോറിഡോറും വലിയ തോതിൽ ഗുണകരമാകുമെന്ന് ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികളായ മുൻ എംഎൽഎ ബാബു പോൾ, ജിജോ പനച്ചിനാനി, അനിയൻ എരുമേലി, അജി ബി റാന്നി, ദീപു രവി എന്നിവർ പറഞ്ഞു.
English Summary: Demand for Greenfield Railway Corridor is strong
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.