14 February 2026, Saturday

ഇന്ത്യൻ മുട്ടയ്ക്ക് പെട്ടെന്ന് ഡിമാൻഡ് കൂടി; അപ്രതീക്ഷിത വിപണികളിലെ ആവശ്യമേറെ

Janayugom Webdesk
November 9, 2025 4:26 pm

ഇന്ത്യയിൽ നിന്നുള്ള മുട്ട കയറ്റുമതിയിൽ വൻ കുതിപ്പ്. വർഷത്തിന്റെ ആദ്യ പകുതിയിൽ ഇരട്ടിയിലധികമാണ് കയറ്റുമതി ഉയർന്നത്. മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ നിന്നുള്ള ഡിമാൻഡിനൊപ്പം പുതിയ വിപണികൾ കണ്ടെത്താൻ സാധിച്ചതും മുട്ട കയറ്റുമതിക്ക് ഗുണം ചെയ്തു. 1,288.63 കോടി രൂപയുടെ കയറ്റുമതിയാണ് ജനുവരി-ജൂൺ കാലയളവിൽ നടന്നത്. മുൻ വർഷം സമാനപാദത്തിൽ ഇത് 595 കോടി രൂപയുടേതായിരുന്നു.

യുഎഇ, ഒമാൻ എന്നിവിടങ്ങളിൽ നിന്നുള്ള ഡിമാൻഡ് ശക്തമായത് രാജ്യത്തെ കർഷകർക്ക് ഗുണം ചെയ്തു. ഇന്ത്യൻ മുട്ട ഏറ്റവും കൂടുതൽ വാങ്ങുന്ന രാജ്യങ്ങളിലൊന്നാണ് ഒമാൻ. ഈ വർഷം ആദ്യ പകുതിയിൽ മുട്ട വാങ്ങലിൽ യുഎഇ ഒമാനെ മറികടന്നു. ടൂറിസം രംഗത്തുണ്ടായ ഉണർവാണ് യുഎഇയുടെ ആവശ്യകത വർധിച്ചത്. തുർക്കി, ഇറാൻ എന്നിവിടങ്ങളിൽ ഉത്പാദനം കുറഞ്ഞത് ഇന്ത്യൻ മുട്ടയുടെ ഡിമാൻഡ് വർധിപ്പിച്ചു. ഈ രാജ്യങ്ങളിൽ നിന്നാണ് ഗൾഫ് രാജ്യങ്ങളിലേക്ക് കൂടുതലായി മുട്ട എത്തുന്നത്. തുർക്കിയിൽ നിന്ന് അമേരിക്കയും മുട്ട വാങ്ങുന്നുണ്ട്. കാലാവസ്ഥ വ്യതിയാനവും മറ്റ് പ്രശ്നങ്ങളും ഇറാനും തുർക്കിക്കും തിരിച്ചടിയായി. ഈ വർഷം ആദ്യം ഇന്ത്യയിൽ നിന്ന് യുഎസ് കൂടുതലായി മുട്ട വാങ്ങിയിരുന്നു.

ഈ വർഷം ജൂണിൽ നാമക്കൽ മേഖലയിൽ നിന്ന് ഒരു കോടി മുട്ടകൾ കയറ്റുമതി ചെയ്തിരുന്നു. റെക്കോഡാണിത്. അതേസമയം, യുഎസിൽ നിന്നുള്ള ഓർഡറുകൾ തീർത്തും നിലച്ചുവെന്നതും ശ്രദ്ധേയമാണ്. യുഎസ് മുട്ട വാങ്ങിയിരുന്ന വിപണികളിൽ പക്ഷിപ്പനി പടർന്നു പിടിച്ചപ്പോൾ നാമക്കല്ലിൽ നിന്ന് മുട്ട വാങ്ങിയിരുന്നു. വ്യാപാര തീരുവ 50 ശതമാനമാക്കിയതോടെ ഇത് നിലയ്ക്കുകയും ചെയ്തു.

ഗൾഫ് രാജ്യങ്ങൾക്ക് പുറമേ ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നും ഇന്ത്യൻ മുട്ടയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നു. മുട്ടയ്ക്കൊപ്പം മൂല്യവർധിത ഉത്പന്നങ്ങളും ഇന്ത്യ കയറ്റുമതി ചെയ്യുന്നുണ്ട്. മുട്ട കയറ്റുമതിയിലെ ഈ കുതിപ്പ് തുടരാനാണ് സാധ്യതയെന്ന് ഓൾ ഇന്ത്യ പൗൾട്രി എക്സ്പോർട്ട് അസോസിയേഷൻ സെക്രട്ടറി വത്സൻ പരമേശ്വരൻ പറഞ്ഞു. രാജ്യത്ത് മുട്ട ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്നത് ആന്ധ്രപ്രദേശ് ആണ്. മൊത്തം ഉത്പാദനത്തിന്റെ 17.85 ശതമാനമാണ് ആന്ധ്രയുടെ വിഹിതം. തമിഴ്‌നാട് (15.64), തെലങ്കാന (12.88), ബംഗാൾ (11.37), കർണാടക (6.63) എന്നിങ്ങനെയാണ് പിന്നാലെയുള്ള സംസ്ഥാനങ്ങളുടെ വിഹിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.