രാജ്യത്തിന്റെ പാര്‍ലമെന്ററി ജനാധിപത്യരംഗത്ത് കരിനിഴല്‍വീഴ്ത്തിയ സംഭവബഹുലമായ പാര്‍ലമെന്റ് സമ്മേളനത്തിന് സമാപനം. ചരിത്രത്തിലില്ലാത്തവിധം പ്രതിപക്ഷ എംപിമാരെ വെട്ടിനിരത്തിയ മോഡി സര്‍ക്കാരിന്റെ സ്വേച്ഛാധിപത്യ മുഖം ഒരിക്കല്‍കൂടി രാജ്യത്തിന് മുന്നില്‍ ദൃശ്യമായി.
ഭൂരിപക്ഷത്തിന്റെ അഹന്തയില്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കി ജനാധിപത്യത്തിന് വെല്ലുവിളിയായി മോഡി ഭരണകൂടം മാറുന്നതിന്റെ നേര്‍ക്കാഴ്ചയായി പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനം മാറി. 146 എംപിമാരെ പുറത്താക്കിയ നടപടിയിലൂടെ തങ്ങള്‍ക്കാവശ്യമുള്ള രീതിയില്‍ നിയമങ്ങള്‍ എതിര്‍പ്പില്ലാതെ പാസാക്കിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിച്ചു.
ആകെ 17 ബില്ലുകളാണ് ലോക്‌സഭ പാസാക്കിയത്. പ്രതിപക്ഷമില്ലാതെ ചര്‍ച്ചകള്‍ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കി ഒരുദിവസം മുന്നേ സഭ പിരിയുകയായിരുന്നു. പ്രതിപക്ഷ എംപിമാര്‍ക്കൊപ്പം അവര്‍ ഉന്നയിച്ച ചോദ്യങ്ങളുടെ മറുപടിയും വെട്ടിനിരത്തി. 14 സിറ്റിങ്ങുകളിലായി 61 മണിക്കൂര്‍ 50 മിനിറ്റാണ് സഭ പ്രവര്‍ത്തിച്ചതെന്ന് ഉപസംഹാര പ്രസ്താവനയില്‍ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.
പാര്‍ലമെന്റിന്റെ സുരക്ഷ ഉറപ്പാക്കുന്നതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ച ഉയര്‍ത്തിക്കാട്ടിയാണ് പ്രതിപക്ഷം സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. സ്വന്തം വീഴ്ച മറയ്ക്കാന്‍ ആയുധങ്ങളൊന്നും ഇല്ലാതിരുന്ന സര്‍ക്കാര്‍ പ്രതിപക്ഷത്തെ നിശബ്ദരാക്കാന്‍ സസ്പെന്‍ഷന്‍ എന്ന ആയുധം എടുത്ത് പ്രയോഗിക്കുകയായിരുന്നു. ഇതോടെ പാര്‍ലമെന്റ് പ്രതിപക്ഷ പ്രതിഷേധത്തില്‍ മുങ്ങി. പാര്‍ലമെന്റിനകത്തും പുറത്തും പ്രതിപക്ഷം പ്രതിരോധം തീര്‍ത്തു.
കേന്ദ്ര ആഭ്യന്തര മന്ത്രിയോ പ്രധാനമന്ത്രിയോ സുരക്ഷാവീഴ്ച സംബന്ധിച്ച് സഭയില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യമായിരുന്നു പ്രതിപക്ഷം മുന്നോട്ടുവച്ചത്. വിഷയം സഭാ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നല്‍കിയെങ്കിലും സര്‍ക്കാര്‍ നിരാകരിക്കുകയായിരുന്നു.
ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നിന്നും പുറത്താക്കിയ എംപിമാരുടെ എണ്ണം നൂറ് തികച്ചു. പാര്‍ലമെന്റിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ച പ്രതിപക്ഷത്തെ 146 എം പിമാരാണ് ശൈത്യകാല സമ്മേളനത്തില്‍ സസ്പെന്‍ഷന് വിധേയരായത്.
കോണ്‍ഗ്രസ് അംഗങ്ങളായ ദീപക് ബൈജ്, ഡി കെ സുരേഷ്, നകുല്‍ നാഥ് എന്നിവരെയാണ് ഇന്ന് അച്ചടക്ക ലംഘനത്തിന്റെ പേരില്‍ പുറത്താക്കിയത്. ഇതോടെ സഭാ സമ്മേളനം അവസാനിക്കുന്നതിന് മുന്നേ ലോക്‌സഭ പുറത്താക്കലിന്റെ സെഞ്ചുറി പൂര്‍ത്തിയാക്കി. രാജ്യസഭയില്‍ നിന്നും സിപിഐ അംഗങ്ങളായ ബിനോയ് വിശ്വം, പി സന്തോഷ് കുമാര്‍ ഉള്‍പ്പെടെ 46 അംഗങ്ങളും നടപ്പുസമ്മേളനത്തില്‍ അച്ചടക്ക നടപടി നേരിട്ടു.
ന്യൂഡല്‍ഹി: പ്രതിപക്ഷമില്ലാത്ത പാര്‍ലമെന്റില്‍ ജനദ്രോഹ നിയമങ്ങള്‍ അതിവേഗം പാസാക്കി മോഡി സര്‍ക്കാര്‍. തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിയമനത്തില്‍ പിടിമുറുക്കുന്നതിനുള്ള നിയമം ലോക്‌സഭ പാസാക്കി. സുപ്രീം കോടതിയുടെ സുപ്രധാന ഉത്തരവ് മറികടക്കുന്ന ബില്ലാണ് പാസാക്കിയത്. പ്രധാനമന്ത്രിയും നിയമ മന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന സമിതിയാകും ഇനി തെരഞ്ഞെടുപ്പ് കമ്മിഷണറെ നിയമിക്കുക. രാജ്യസഭ ഈ ബില്‍ നേരത്തെ പാസാക്കിയിരുന്നു.
സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് പകരം കേന്ദ്രമന്ത്രിയാണ് പുതിയ ബില്‍ പ്രകാരം സമിതിയിലെ അംഗം. ഇതോടെ സര്‍ക്കാര്‍ ആഗ്രഹിക്കുന്ന തരത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറെയും അംഗങ്ങളെയും നിയമിക്കാനാവും. സര്‍ക്കാര്‍ തന്നെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍മാരെ നിശ്ചയിക്കുന്ന രീതി അംഗീകരിക്കാനാകില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ മറികടക്കുന്നതാണ് നിയമം. പ്രസ് ആന്റ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍ ബില്ലിനും ലോക്‌സഭ ഇന്നലെ അംഗീകാരം നല്‍കി.
രാജ്യത്ത് ക്രിമിനല്‍ നിയമങ്ങള്‍ക്കു പകരം കൊണ്ടുവന്ന ബില്ലുകളും ടെലികോം ബില്ലും രാജ്യസഭ ഇന്നലെ പാസാക്കി. ബില്ലുകള്‍ക്ക് ലോക്‌സഭ നേരത്തെ അംഗീകാരം നല്‍കിയിരുന്നു. ദേശീയ സുരക്ഷ കണക്കിലെടുത്ത് ടെലികമ്മ്യൂണിക്കേഷൻ നെറ്റ്‌വര്‍ക്കുകളുടെ താല്‍ക്കാലിക അധികാരം സര്‍ക്കാരിന് ഏറ്റെടുക്കാമെന്നും ലേലമില്ലാതെ സാറ്റലൈറ്റ് സ്പെക്ട്രം അനുവദിക്കാമെന്നും ബില്‍ വിഭാവനം ചെയ്യുന്നു.
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.